അതുല്യയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്തി സംസ്കരിച്ചു; സതീഷ് കാണാമറയത്ത് തന്നെ 

കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ സംസ്കാരം ഇന്ന് വൈകിട്ടോടെ നടക്കും.  റീ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. ഇന്ന് വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഭർത്താവ് സതീഷ് ശങ്കറിന്റെ ശാരീരികവും മാനസികവുമായ പീഡനമാണ് അതുല്യയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 

ഭർത്താവിൽ നിന്നുള്ള കൊടിയ പീഡനത്തിന്റെ ദൃശ്യങ്ങൾ അതുല്യ ബന്ധുക്കൾക്ക് അയച്ച് നൽകിയതിന് പിന്നാലെയാണ് കിടപ്പ് മുറിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കരുനാഗപ്പള്ളി എഎസ്‌പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഷാർജയിൽ വച്ച് അതുല്യയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നിരുന്നു. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്നത്. എന്നാൽ മാതാപിതാക്കളുടെ പരാതിയിൽ റീ പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കുകയായിരുന്നു. 

ദേഹോദ്രവം ഉൾപ്പടെ അതുല്യ നേരിട്ടിരുന്നെന്നും പലതവണ വിവാഹ മോചനത്തിനായി ശ്രമിച്ചിരുന്നെങ്കിലും സതീഷ് സമ്മതിച്ചില്ലെന്നുമാണ് അതുല്യയുടെ മാതാപിതാക്കൾ ഉന്നയിക്കുന്ന ആരോപണം. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തിരുന്ന സതീഷ് ശങ്കർ മദ്യത്തിന് അടിമയാണ്. മദ്യപിച്ച് അതുല്യയെ മർദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. ഇതോടെയാണ് അതുല്യ എല്ലാ തെളിവുകളും ഫോണിൽ റെക്കോർഡ് ചെയ്തത്. 

സതീഷിനെ നാട്ടിലെത്തിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഈ മാസം 19ന് പുലർച്ചെയാണ് അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഷാർജയിൽ ജോലി ചെയ്‌തുവരികയായിരുന്നു അതുല്യ. പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം. അതുല്യയുടെ മരണത്തിന് പിന്നാലെ സതീശിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. 11 വർഷം മുമ്പായിരുന്നു വിവാഹിതരായ സതീഷിന്റേയും അതുല്യയുടേയും ദാമ്പത്യം സുഖകരമായിരുന്നില്ലെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *