വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായി ഗണ്യമായ അളവിൽ പ്രാദേശികവൽക്കരണം നടത്താൻ സാധിക്കുമെന്ന് ആത്മവിശ്വാസത്തിലാണ് ക്വാൽകോം.
പ്രിയ ശ്രീനിവാസൻ
ന്യൂഡൽഹി: സ്മാർട്ട് ഫോൺ-ചിപ്പ് വ്യവസായത്തിൽ ആഗോള സാങ്കേതിക ഭീമനായ ക്വാൽകോം ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിലേക്കു എത്തുമെന്ന് റിപ്പോർട്ട്. വിവിധ കണക്റ്റിവിറ്റി, ടെലിമാറ്റിക്സ്, ഇൻഫോടെയ്ൻമെന്റ് ഫംഗ്ഷനുകൾ എന്നീ സവിശേഷതകളുള്ള സോഫ്റ്റ്‌വെയർ-ഡിഫൈൻഡ് വെഹിക്കിൾസ് (SDV) ആണ് ക്വാൽകോം ഇന്ത്യക്കാർക്കായി അവതരിപ്പിക്കുന്നത്. ഓട്ടോമോട്ടീവ് മേഖലയിൽ ശക്തമായ വളർച്ച ലക്ഷ്യമിട്ടാണ് ക്വാൽകോമിന്റെ നീക്കം.
ആധുനിക കാറുകളിലും ഇരുചക്രവാഹനങ്ങളിലും കോക്ക്പിറ്റ് അനുഭവങ്ങൾ, V2X കണക്റ്റിവിറ്റി, ADAS, സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ എന്നിവ നൽകുന്ന പ്രോസസ്സറുകളുടെ പോർട്ട്‌ഫോളിയോ ഉപയോഗിച്ച് ആഗോള ഓട്ടോമോട്ടീവ് വിപണിയിൽ ശ്രദ്ധേയമായ കടന്നുകയറ്റം നടത്താനാണു കമ്പനിയുടെ ഒരുക്കമെന്നു അധികൃതർ പറഞ്ഞു.
ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം, ക്വാൽകോം ഒരു പ്രാദേശിക സമീപനം സ്വീകരിക്കാനാണ് സാധ്യത. പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് ആഗോള പ്ലാറ്റ്‌ഫോമുകൾ പരിഷ്കരിക്കുകയും അതുവഴി ചെലവ് കുറഞ്ഞ വാഹനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
ഇന്ത്യൻ ഉപഭോക്താക്കൾ പ്രീമിയം ക്ലാസ് ആഗ്രഹിക്കുന്നുണ്ടെങ്കിലും, അതിനായി ഒരു നിശ്ചിത വിലയ്ക്ക് മുകളിൽ നൽകാൻ തയ്യാറല്ല. ഇത് മുന്നിൽ കണ്ടിട്ടാവണം ഇന്ത്യയിൽ കൂടുതൽ പ്രാദേശികവൽക്കരണം നടത്താൻ ക്വാൽകോമിനെ പ്രേരിപ്പിക്കുന്നത്. ഇന്ത്യൻ വിപണിക്കായി ചിപ്പുകൾ നിർമ്മിക്കുന്നതിനായി പ്രാദേശിക സെമികണ്ടക്ടർ ഫാബുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ക്വാൽകോം ഇന്ത്യ പ്രസ്താവിച്ചു.
എൻട്രി ലെവൽ മുതൽ ഹൈ എൻഡ് വാഹനങ്ങൾ വരെ ഉപയോഗിക്കുന്ന കമ്പനിയുടെ സ്കെയിലബിൾ ‘ഫ്ലെക്സ്’ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ക്വാൽകോം ഇന്ത്യയുടെ പ്രസിഡന്റ് സാവി സോയിൻ പ്രത്യേകം എടുത്തുപറഞ്ഞു. ഞങ്ങളുടെ ഫ്ലെക്സ് പ്ലാറ്റ്‌ഫോമിൽ പരീക്ഷണങ്ങൾ നടക്കുകയാണെന്നും ഞങ്ങൾ സ്റ്റാക്കിന്റെ ഇന്ത്യൻ പതിപ്പ് വികസിപ്പിച്ചു, വളരെ വേഗം പുറത്തിറക്കുമെന്നും സോയിൻ പറഞ്ഞു.
ഇന്ത്യൻ പാസഞ്ചർ വാഹന വിപണി, ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേകൾ, വോയ്‌സ് കമാൻഡുകൾ, ADAS തുടങ്ങിയ പ്രീമിയം സവിശേഷതകളിലേക്ക് വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസരം ഞങ്ങൾ പൂർണമായും ഉഓയോഗിക്കും എന്ന് സോയിൻ കൂട്ടിച്ചേർത്തു.
ഇന്ത്യൻ വിപണിയുടെ പൾസ് അറിയാൻ ക്വാൽക്കോം, 4,000-ത്തിലധികം എഞ്ചിനീയർമാരുടെയും ആഗോള ഗവേഷണ-വികസന ജീവനക്കാരുടെയും വലിയൊരു ഗ്രൂപ്പിനെ ഇന്ത്യയിൽ വിന്യസിച്ചുകഴിഞ്ഞു. വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായി ഗണ്യമായ അളവിൽ പ്രാദേശികവൽക്കരണം നടത്താൻ സാധിക്കുമെന്ന് ക്വാൽകോം ആത്മവിശ്വാസത്തിലാണ്.