1000 രൂപ നിക്ഷേപിച്ച് 1 ലക്ഷം രൂപ നേടാം; പോസ്റ്റ് ഓഫീസിന്റെ കിടിലൻ സ്കീം

കുറഞ്ഞ വരുമാനത്തിൽ കൂടുതൽ സമ്പാദ്യം നേടിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് സ്കീമുകൾ മികച്ചൊരു ആശയമാണ്. 100 രൂപ മുതൽ നിക്ഷേപിക്കാവുന്ന നിരവധി സ്കീമുകൾ പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബാങ്കിനെക്കാൾ ഉയർന്ന പലിശ നിരക്കും ചില സ്കീമുകൾക്ക് പോസ്റ്റ് ഓഫീസ് നൽകുന്നുണ്ട്. 

പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം (ആർഡി) സുരക്ഷിതവും ഫലപ്രദവുമായ നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ്. ഈ സ്കീമിൽ ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ, നിക്ഷേപകർക്ക് കാലക്രമേണ ഒരു വലിയ തുക സമാഹരിക്കാൻ സഹായിക്കും. പോസ്റ്റ് ഓഫീസ് ആർഡി സ്കീം വ്യക്തികളെ നിശ്ചിത കാലയളവിൽ സ്ഥിരമായി പ്രതിമാസ നിക്ഷേപം നടത്താനും കൂട്ടുപലിശയിലൂടെ സമ്പത്ത് വർധിപ്പിക്കാനും സഹായിക്കും. ചെറിയ തുകകൾ പതിവായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന, ശമ്പള വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് ഈ സ്കീം അനുയോജ്യമാണ്.

ഒരു പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ട് എങ്ങനെ ആരംഭിക്കാം?

ഏതൊരു ഇന്ത്യൻ പൗരനും അക്കൗണ്ട് തുറക്കാം. 10 വയസ്സിനു മുകളിലേക്കുള്ള ആർക്കും അക്കൗണ്ട് തുറക്കാം. 10 വയസ്സിനു മുകളിലേക്കുള്ളവർക്ക് അവരുടെ പേരിൽ അക്കൗണ്ട് തുറക്കാം. ചെറിയ കുട്ടികളുടെ പേരിലാണ് അക്കൗണ്ട് എങ്കിൽ മാതാപിതാക്കളുടെ പേരിൽ അക്കൗണ്ട് തുറക്കാം. അക്കൗണ്ട് തുറക്കാനായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുക. ആർഡി അപേക്ഷാ ഫോം പൂരിപ്പിക്കുക. ആദ്യ നിക്ഷേപത്തോടൊപ്പം രേഖകൾ സമർപ്പിക്കുക. സമ്പാദ്യവും പലിശയും ട്രാക്ക് ചെയ്യുന്നതിന് ഒരു പാസ്ബുക്ക് ലഭിക്കും.

100 രൂപയിൽ നിക്ഷേപം തുടങ്ങാം

നിക്ഷേപകർക്ക് പ്രതിമാസം കുറഞ്ഞത് 100 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുടങ്ങാം. കൂടാതെ, 10 രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല. മെച്യൂരിറ്റി കാലയളവ് 5 വർഷമാണ്, 10 വർഷം വരെ നീട്ടാനുള്ള ഓപ്ഷനുമുണ്ട്. പ്രായപൂർത്തിയാകാത്തവരുടെ പേരിലും അക്കൗണ്ടുകൾ തുറക്കാം. ഇത്തരം കേസുകളിൽ, അക്കൗണ്ട് നിയന്ത്രിക്കുന്നത് മാതാപിതാക്കളായിരിക്കും. ജോയിന്റ് അക്കൗണ്ടുകളിൽ മൂന്നു വ്യക്തികളെ വരെ അനുവദിക്കാനാവും.

പലിശനിരക്ക്

നിലവിൽ പ്രതിവർഷം 6.7 ശതമാനമാണ് പലിശ നിരക്ക്. മൂന്നു മാസം കൂടുമ്പോൾ പലിശ കൂടും. അതിനാൽ കാലക്രമേണ ഉയർന്ന വരുമാനത്തിലേക്ക് നയിക്കുന്നു.

1 ലക്ഷം രൂപ എങ്ങനെ സമ്പാദിക്കാം?

ഒരു ലക്ഷം നേടാൻ പ്രതിമാസം 1,000 രൂപ നിക്ഷേപിക്കേണ്ടതായി വരും. പ്രതിമാസം 1000 രൂപ വീതം 10 വർഷത്തേക്ക് നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ 1,70,857 രൂപ കയ്യിൽ കിട്ടും. നിങ്ങളുടെ മൊത്തം നിക്ഷേപം 1,20,000 രൂപയാണ്. പലിശ ഇനത്തിൽ കിട്ടുക 50,857 രൂപയാണ്. 

പോസ്റ്റ് ഓഫീസ് ആർ‌ഡിയുടെ നേട്ടങ്ങൾ

നിക്ഷേപങ്ങൾക്ക് ഉയർന്ന പരിധി ഇല്ലാത്തതിനാൽ, നിക്ഷേപകർക്ക് അവർക്ക് ഇഷ്ടമുള്ളത്ര നിക്ഷേപിക്കാൻ കഴിയും. സുരക്ഷിത നിക്ഷേപമാണിത്. ഈ പദ്ധതിക്ക് ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുണ്ട്, അതിനാൽ തന്നെ ഈ നിക്ഷേപം അപകടരഹിതവും സുരക്ഷിതവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *