ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം നടക്കേണ്ട ഓവലില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും പിച്ച് ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസും തമ്മില്‍ വാക്‌പോര്. ഇന്ത്യയുടെ പരിശീലനത്തിനിടെയാണ് ഗംഭീര്‍ പിച്ച് ക്യുറേറ്ററോടു തട്ടിക്കയറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മത്സരത്തിനായി ഒരുക്കിയിരിക്കുന്ന പിച്ചിനു സമീപം ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തിയപ്പോള്‍ ക്യുറേറ്റര്‍ ഇടപെടുകയായിരുന്നു. പരിശീലനത്തിനു നേതൃത്വം നല്‍കിയിരുന്ന ഗൗതം ഗംഭീറിനു ക്യുറേറ്ററുടെ അമിത അധികാര പ്രയോഗം പിടിച്ചില്ല. ഇവിടെ നിന്നാണ് പ്രശ്‌നങ്ങളുടെ ആരംഭം.
പരിശീലനത്തിനുള്ള പിച്ച് ഉപയോഗവുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ പരിശീലകനും ക്യുറേറ്ററും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. ‘എനിക്ക് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും’ എന്നാണ് ക്യുറേറ്റര്‍ പറയുന്നത്. ഇത് കേട്ടതും ഗംഭീര്‍ പ്രകോപിതനായി. ‘ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോയി റിപ്പോര്‍ട്ട് ചെയ്യൂ,’ എന്നായിരുന്നു ഗംഭീറിന്റെ മറുപടി.
‘ ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. നിങ്ങള്‍ ഗ്രൗണ്ട്‌സ്മാന്‍മാരില്‍ ഒരാള്‍ മാത്രമാണ്. അതില്‍ കൂടുതല്‍ അധികാരമൊന്നും ഇല്ല. ഞങ്ങള്‍ക്ക് എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന കാര്യത്തില്‍ താങ്കളുടെ അഭിപ്രായം ആവശ്യമില്ല,’ ഗംഭീര്‍ തുറന്നടിച്ചു.
പ്രധാന പിച്ചില്‍ നിന്ന് 2.5 മീറ്റര്‍ മാറിനിന്നേ പരിശീലനം നടത്താവൂ എന്ന് ക്യുറേറ്റര്‍ ഇന്ത്യന്‍ സംഘത്തോടു ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ ഗംഭീര്‍ ചോദ്യം ചെയ്തു. അസാധാരണ നിയന്ത്രണങ്ങളാണ് ക്യുറേറ്റര്‍ ഇന്ത്യന്‍ ടീമിനോടു നിര്‍ദേശിക്കുന്നതെന്നാണ് ഗംഭീറിന്റെ ആരോപണം. ഇന്ത്യന്‍ പരിശീലകനും ഓവല്‍ പിച്ച് ക്യുറേറ്ററും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ നിതാന്‍ഷു കൊട്ടക് ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. ഇന്ത്യന്‍ സംഘം പിച്ചില്‍ യാതൊരു കേടുപാടും വരുത്തില്ലെന്ന് നിതാന്‍ഷു ഉറപ്പ് നല്‍കി.
ഈ സംഭവങ്ങള്‍ക്കു ശേഷം ക്യുറേറ്റര്‍ ഫോര്‍ട്ടിസ് പിടിഐയോടു പ്രതികരിച്ചത് ഇങ്ങനെ, ‘ എനിക്ക് ഈ വിഷയത്തെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഇവിടെ വലിയൊരു മത്സരം നടക്കാന്‍ പോകുകയാണല്ലോ. അദ്ദേഹത്തെ സന്തോഷിപ്പിക്കുകയല്ല എന്റെ പണി. എനിക്ക് അദ്ദേഹത്തെ കുറിച്ച് അറിയില്ല. ഇതിനു മുന്‍പ് കണ്ടിട്ടുമില്ല. അദ്ദേഹം എങ്ങനെയാണ് പ്രതികരിച്ചതെന്ന് നിങ്ങളും കണ്ടതല്ലേ,’
ഇതിനിടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ‘ എനിക്ക് അറിയില്ല, അതിനെ കുറിച്ച് അദ്ദേഹത്തോടു തന്നെ ചോദിക്കൂ,’ എന്നാണ് ഫോര്‍ട്ടിസ് നല്‍കിയ മറുപടി.
സംഭവങ്ങളെ കുറിച്ച് നിതാന്‍ഷു മാധ്യമങ്ങളോടു വിശദീകരിച്ചത് ഇങ്ങനെ,’ ഞങ്ങള്‍ പിച്ച് നോക്കുന്ന സമയത്ത് ക്യുറേറ്റര്‍ ഒരു സ്റ്റാഫിനെ അയച്ചു. പിച്ചില്‍ നിന്ന് 2.5 മീറ്റര്‍ അകന്നു നില്‍ക്കാനാണ് ഞങ്ങളോടു പറഞ്ഞത്. അത് ആശ്ചര്യപ്പെടുത്തുന്ന നിര്‍ദേശമായിരുന്നു. ഞങ്ങള്‍ക്ക് അറിയാം, ക്യുറേറ്റര്‍മാര്‍ എപ്പോഴും പിച്ചിനെ കുറിച്ച് അമിത ഉത്കണ്ഠ ഉള്ളവരായിരിക്കും. ഈ സമയത്ത് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ക്യുറേറ്റര്‍മാക്കു മറുപടി നല്‍കി. കൂടുതലൊന്നും എനിക്ക് ഇക്കാര്യത്തില്‍ പറയാനില്ല,’
എന്തായാലും ജൂലൈ 31 നു (നാളെ) അഞ്ചാം ടെസ്റ്റ് ആരംഭിക്കുമ്പോള്‍ പിച്ച് ക്യുറേറ്ററും ഇന്ത്യന്‍ പരിശീലകനും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന്റെ ബാക്കി താരങ്ങള്‍ തമ്മില്‍ കാണാന്‍ കഴിയുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.