കിടപ്പാടത്തിനായി ഇനിയുമെത്ര കാക്കണം? ടൗൺഷിപ്പ് നിർമ്മാണം വൈകാനുള്ള കാരണമറിയാം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിനു ഒരാണ്ട് പൂര്‍ത്തിയായിരിക്കുന്നു. ദുരന്തത്തെ അതിജീവിച്ചവര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 64.47 ഹെക്ടര്‍ ഭൂമിയില്‍ അഞ്ച് സോണുകളിലായി 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ ഉള്ളത്. ദുരന്തബാധിതര്‍ക്കായുള്ള വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. 

ടൗണ്‍ഷിപ്പിലെ മാതൃകാ വീടിന്റെ പണി പൂര്‍ത്തിയായി. ദുരന്തബാധിതര്‍ക്ക് മാതൃകാ വീട് കാണാന്‍ അവസരമുണ്ടായിരുന്നു. ഏഴ് സെന്റ് ഭൂമിയില്‍ ആയിരം ചതുരശ്ര അടിയിലാണ് മാതൃകാ വീട്. രണ്ട് കിടപ്പുമുറി, രണ്ട് ശുചിമുറി, സിറ്റൗട്ട്, ഡൈനിങ്, ലിവിങ്, പഠനമുറി, അടുക്കള, വര്‍ക്ക് ഏരിയ എന്നിവയാണ് മാതൃകാവീടില്‍ അടങ്ങിയിരിക്കുന്നത്. കാലവര്‍ഷത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും നിര്‍മാണ പ്രവൃത്തി ആരംഭിച്ച് 105 ദിവസം കൊണ്ട് മാതൃകാ വീട് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 

എന്താണ് ടൗണ്‍ഷിപ്പ്? 

ദുരന്തബാധിതര്‍ക്ക് കേവലം വീടുകള്‍ മാത്രം നല്‍കുന്നതിനേക്കാള്‍ അവര്‍ക്ക് പുതിയൊരു ജീവിതസാഹചര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഒരു ടൗണ്‍ഷിപ്പ് തന്നെ നിര്‍മിക്കാന്‍ തീരുമാനമായത്. 410 വീടുകള്‍ക്കു പുറമേ ആരോഗ്യ കേന്ദ്രം, അംഗണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, ലൈബ്രറി, കളിയിടങ്ങള്‍ വൈദ്യുതി സബ് സ്റ്റേഷന്‍ എന്നിവയെല്ലാം ടൗണ്‍ഷിപ്പില്‍ ഉണ്ടാകും. അതായത് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒരു ഗ്രാമം തന്നെ ഇല്ലാതായതിനു പകരം ചെറിയൊരു പട്ടണമാക്കി ദുരന്തബാധിതര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുകയാണ് ടൗണ്‍ഷിപ്പിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 410 വീടുകളിലായി 1662 പേര്‍ക്കാണ് ടൗണ്‍ഷിപ്പിലൂടെ തണലൊരുങ്ങുന്നത്. 

ടൗണ്‍ഷിപ്പ് നിര്‍മാണം വൈകിയോ? 

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നിയമപോരാട്ടം നടത്തിയിരുന്നു. ഭൂമി ഏറ്റെടുക്കല്‍ കോടതി കയറിയതാണ് ടൗണ്‍ഷിപ്പ് നിര്‍മാണം വൈകാന്‍ കാരണം. 

നിയമപോരാട്ടത്തിനൊടുവില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78.73 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ടൗണ്‍ഷിപ്പ് നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി 43.77 കോടി രൂപ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ അക്കൗണ്ടില്‍ കെട്ടിവെച്ചാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ ആദ്യം കെട്ടിവെച്ചു. 

എന്നാല്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അധിക നഷ്ടപരിഹാര തുകയായ 17.77 കോടി രൂപ കൂടി കോടതിയില്‍ കെട്ടിവെച്ച് സര്‍ക്കാര്‍ ടൗണ്‍ഷിപ്പുമായി മുന്നോട്ടു പോയി. ഏപ്രില്‍ 21 നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി നിലപാടെടുക്കുന്നത്. സ്ഥലത്തിനായുള്ള നിയമപോരാട്ടങ്ങള്‍ ടൗണ്‍ഷിപ്പ് നിര്‍മാണം വൈകാന്‍ കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *