മാണ്ഡി: ഹിമാചൽ പ്രദേശിലെ മാണ്ഡിയിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ മരിച്ചു. ഒരാളെ കാണാതായി. കനത്ത മഴയെ തുടർന്ന് ജനവാസ മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. വെള്ളപ്പൊക്കത്തിൽ കാറുകൾ കുടുങ്ങികിടക്കുന്നു. വിവിധയിടങ്ങളിൽ വീടുകൾ വെള്ളത്തിനടിയിലായി.
ജൂൺ 20 ന് മൺസൂൺ ആരംഭിച്ചതിനുശേഷം ഹിമാചൽ പ്രദേശിൽ 1,539 കോടി രൂപയുടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എസ്ഇഒസി ഡാറ്റ പ്രകാരം, മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 94 പേർ മരിച്ചു, 36 പേരെ കാണാതായി, 1,350 ലധികം വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു.
മാണ്ഡി ജില്ലയിലെ 259 റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്തൊട്ടാകെ 358 റോഡുകൾ തടസ്സപ്പെട്ടു. 182 പവർ ട്രാൻസ്ഫോർമറുകളും 179 ജലവിതരണ പദ്ധതികളും തകരാറിലായി. ചണ്ഡീഗഡ്-മണാലി ദേശീയപാത (എൻഎച്ച് -21) മാണ്ഡിക്കും കുളുവിനും ഇടയിൽ നിരവധി സ്ഥലങ്ങളിൽ സാരമായ കേടുപാടുകൾ സംഭവിച്ചു.
തിങ്കളാഴ്ച വൈകുന്നേരം മുതൽ മാണ്ഡിയിൽ ശക്തമായ മഴ തുടരുകയാണ്.നിലവിൽ 202.6 മില്ലിമീറ്റർ മഴ പെയ്തു. മഴയെ തുടർന്ന് പ്രാദേശിക അഴുക്കുചാലുകൾ കവിഞ്ഞൊഴുകുകയും നഗരത്തിന്റെ ചില ഭാഗങ്ങളിലൂടെ വൻതോതിലുള്ള മാലിന്യങ്ങൾ ഒഴുകിയെത്തുകയും ചെയ്തു. ജയിൽ റോഡ്, സൈനി മൊഹല്ല, സോണൽ ആശുപത്രിയുടെ പരിസരം എന്നിവയാണ് ഏറ്റവും കൂടുതൽ ദുരിതബാധിത പ്രദേശങ്ങൾ.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), പോലീസ്, ഹോം ഗാർഡുകൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഇതുവരെ 15–20 പേരെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ദുരന്തത്തെ തുടർന്ന് വിപാഷ സദാനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
മാണ്ഡി, കുളു, കാംഗ്ര ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) നേരത്തെ ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഷിംല, സിർമൗർ, ചമ്പ എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ ‘യെല്ലോ’ അലേർട്ട് നിലവിലുണ്ട്.