ശാരീരിക മാനസിക ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. ഉറക്ക കുറവ് പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തും. രാത്രിയിൽ സുഖമായി ഉറങ്ങിയാലേ രാവിലെ ഉണർന്നെണീറ്റ് ഉന്മേഷത്തോടെ ജീവിതത്തെ നേരിടാൻ സാധിക്കൂ. പുതിയൊരു ദിവസത്തെ എങ്ങനെ വരവേൽക്കണമെന്ന് തീരുമാനിക്കുന്നത് നമ്മുടെ തലേദിവസത്തെ ഉറക്കമാണ്. സുഖകരമായൊരു ഉറക്കം നല്ലൊരു ദിവസം നൽകുമ്പോൾ ഉറക്കമില്ലായ്ക ആ ദിവസത്തെ താറുമാറാക്കും. ശരീരത്തിനും മനസ്സിനും പരിപൂർണ വിശ്രമാവസ്ഥയാണ് ഉറക്കം പ്രദാനം ചെയ്യുന്നത്.
എല്ലാം മറന്ന് സുഖമായി ഉറങ്ങാൻ കഴിയുന്നവർ അനുഗ്രഹീതരാണെന്ന് ചിലർ പറയാറുണ്ട്. ഇത് പലരുടെയും കാര്യത്തിൽ സത്യമാണ്. വേറൊന്നും ജീവിതത്തിൽ വേണ്ട, നന്നായൊന്ന് ഉറങ്ങാൻ കഴിഞ്ഞാൽ മതിയെന്നു പറയുന്ന എത്രയോ പേർ നമുക്ക് ചുറ്റിലുമുണ്ട്. അപ്പോൾ ഉറക്കം ഒരു മനുഷ്യന്റെ ജീവിതത്തിൽ അത്യാവശ്യ കാര്യങ്ങളിൽ ഒന്നാണ്.
ഉറങ്ങുന്നതിന് ശരിയായ സമയമുണ്ടോ?
ഉറങ്ങുന്നതിനും ശരിയായ സമയം ഉണ്ടെന്ന് ആരോഗ്യ വിദഗ്ധർ ഊന്നിപ്പറയുന്നു. ഒന്നോ രണ്ടോ ദിവസം ഉറങ്ങിയില്ലെങ്കിൽ ശാരീരിക പ്രവർത്തനങ്ങൾ തകിടം മറിയും. മനസ്സിന്റെ സമനില പോലും തെറ്റിപ്പോകും. പ്രായപൂർത്തിയായ ഒരാൾ ദിവസവും 6–8 മണിക്കൂറെങ്കിലും ഉറങ്ങണം. എന്നാല്‍ 6 മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നവരാണ് ഏറെയും.
ഉറങ്ങിയില്ലെങ്കില്‍ ഉണ്ടാകുന്ന അപകടങ്ങൾ
നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട് . ഉറക്കക്കുറവിനെത്തുടർന്ന് രക്തസമ്മർദമുയരുന്നത് രക്തധമനികളുടെ ജരാവസ്ഥയ്ക്കും ഹൃദ്രോഗത്തിനും ഹൃദയസ്തംഭനത്തിനും കാരണമാകാം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നത് പക്ഷാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കും. ദീർഘകാലമായി ഉറക്കക്കുറവ് അനുഭവപ്പെടുന്നവർക്ക് പ്രമേഹസാധ്യതയും കൂടുതലാണ്. വിഷാദരോഗം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങളും ഉണ്ടാകാം.
പതിവായി വൈകി ഉറങ്ങുന്നത് ശരീരത്തിന്റെ ഹോർമോൺ ഉത്പാദനം, ഉപാപചയപ്രവർത്തനം, ശരീര താപനില തുടങ്ങിയ അവശ്യ പ്രവർത്തനങ്ങളുടെ നിയന്ത്രണത്തെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ വൈജ്ഞാനിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും, ഏകാഗ്രത, ഓർമ്മശക്തി, മാനസിക പ്രവർത്തനങ്ങൾ എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അർധരാത്രി കഴിഞ്ഞുള്ള ഉറക്കം ശരീരഭാരം വർധിപ്പിക്കുന്നതിനും ഇൻസുലിൻ പ്രതിരോധത്തിനും ഉപാപചയ വൈകല്യങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു.