യമന്‍ പൗരന് തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് മലയാളിയായ നിമിഷപ്രിയ യമനിലെ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷയില്‍ എന്തെങ്കിലും ഇളവ് ലഭിക്കുമോ എന്നാണ് കേരളം കാത്തിരിക്കുന്നത്. അതിനായുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തുടങ്ങി ഒട്ടേറെ മനുഷ്യാവകാശ സംരക്ഷണ സംഘടനകളും നടത്തിവരികയാണ്.
എന്താണ് നിമിഷപ്രിയ കേസ്
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. 2017 ലാണ് നിമിഷപ്രിയ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയത്. തൊടുപുഴ സ്വദേശി ടോമിയെ വിവാഹം കഴിച്ച ശേഷം 2012 ല്‍ നിമിഷപ്രിയ യെമനില്‍ നഴ്സായി ജോലിക്കു പോയി. ഭര്‍ത്താവ് ടോമിയും ഒപ്പമുണ്ടായിരുന്നു. നിമിഷപ്രിയ ഒരു ക്ലിനിക്കിലാണ് ജോലി ചെയ്തിരുന്നത്.
ഇതിനിടെയാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ നിമിഷപ്രിയ പരിചയപ്പെടുന്നത്. സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിക്കാന്‍ നിമിഷപ്രിയ ആഗ്രഹിച്ചിരുന്നു. യെമനില്‍ ആ നാട്ടിലെ ഒരു പൗരന്റെ ഉത്തരവാദിത്തത്തോടെ അല്ലാതെ ക്ലിനിക്ക് ആരംഭിക്കുക സാധ്യമല്ല. അതിനാല്‍ ക്ലിനിക്ക് ആരംഭിക്കാന്‍ നിമിഷപ്രിയ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ സഹായം തേടി.
ക്ലിനിക്ക് ആരംഭിക്കാനായി നിമിഷപ്രിയ തന്റെ കൈയില്‍ ഉണ്ടായിരുന്ന സമ്പാദ്യം തലാലിനു കൈമാറി. ഇതിനിടെ നിമിഷപ്രിയ കുടുംബസമേതം നാട്ടിലേക്ക് എത്തി. ക്ലിനിക്ക് തുടങ്ങാനായി ഇനിയും ആവശ്യമുള്ള പണം സമ്പാദിക്കാനാണ് ഇവര്‍ നാട്ടിലെത്തിയത്. പിന്നീട് നിമിഷപ്രിയ മാത്രമാണ് യെമനിലേക്ക് തിരിച്ചുവന്നത്. മറ്റു ചില ആവശ്യങ്ങള്‍ക്കായി നിമിഷയുടെ ഭര്‍ത്താവും മകള്‍ മിഷേലും നാട്ടില്‍ തുടര്‍ന്നു.
നിമിഷയുടെ സമ്പാദ്യം വെച്ച് തലാലിന്റെ സഹായത്തോടെ പുതിയ ക്ലിനിക്ക് ആരംഭിച്ചു. എന്നാല്‍ ഇതിനിടെ തലാല്‍ നിമിഷപ്രിയയെ സാമ്പത്തികമായി കബളിപ്പിക്കാന്‍ നോക്കിയതാണ് പ്രശ്നങ്ങളുടെ ആരംഭം. 2015ല്‍ നിമിഷപ്രിയ ഒരു മാസത്തെ അവധിക്കായി നാട്ടിലേക്ക് വന്നപ്പോള്‍ തലാലും കൂടെ വന്നിരുന്നു. സന്ദര്‍ശനത്തിനിടെ വീട്ടില്‍ നിന്ന് നിമിഷയുടെ വിവാഹ ഫോട്ടോ മോഷ്ടിക്കുകയും ഇതില്‍ പിന്നീട് കൃത്രിമത്വം ചെയ്ത് തലാലുമായുള്ള വിവാഹഫോട്ടോയാക്കി മാറ്റുകയും ചെയ്തുവെന്നാണ് നിമിഷപ്രിയയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ നല്കിയ റിട്ട് ഹര്‍ജിയില്‍ പറയുന്നത്. ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കാന്‍ ശ്രമിച്ചു. നിമിഷ ഇത് ചോദ്യം ചെയ്തതോടെ തലാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കി. തലാല്‍ നിമിഷപ്രിയയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് ആരോപണമുണ്ട്. ഇതിനിടെ മയക്കുമരുന്ന് കുത്തിവെച്ച് തലാലിനെ മയക്കി തന്റെ രേഖകളുമായി യെമനിന് നിന്ന് രക്ഷപ്പെടാന്‍ നിമിഷപ്രിയ ശ്രമിച്ചു. എന്നാല്‍ മയക്കുമരുന്ന് കുത്തിവെച്ചത് ഫലം കണ്ടില്ല. പിന്നീട് ഓവര്‍ഡോസ് മരുന്ന് കുത്തിവയ്ക്കുകയും അത് തലാലിന്റെ മരണത്തിനു കാരണമായെന്നാണ് നിമിഷപ്രിയ പറയുന്നത്. തലാലിന്റെ മൃതദേഹം കണ്ടെത്തിയത് അവര്‍ താമസിച്ചിരുന്ന വീടിനു മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയിലാണ്.
വധശിക്ഷ
2018 ലാണ് യെമന്‍ കോടതി നിമിഷപ്രിയയ്ക്കു വധശിക്ഷ വിധിച്ചത്. അപ്പില്‍ പോയെങ്കിലും മേല്‍ക്കോടതി 2020 ല്‍ വധശിക്ഷ ശരിവെച്ചു. ഇക്കഴിഞ്ഞ ജൂലൈ 16 നാണ് വധശിക്ഷ നടപ്പിലാക്കേണ്ടിയിരുന്നത്. എന്നാല്‍ താല്‍ക്കാലികമായി വധശിക്ഷ മരവിപ്പിച്ചു എന്ന വാര്‍ത്തയാണ് അന്ന് ഉച്ചകഴിഞ്ഞപ്പോള്‍ പുറത്തുവന്നത്.
വധശിക്ഷ ഒഴിവാക്കല്‍ സാധ്യമോ?
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം കനിയണം. തലാലിന്റെ ജീവനു പകരമായി ‘ദിയാധനം’ നല്‍കാനുള്ള സാധ്യതയുണ്ട്. തലാലിന്റെ കുടുംബം ആവശ്യപ്പെടുന്ന നഷ്ടപരിഹാര തുക നല്കുകയാണിത്. തലാലിന്റെ കുടുംബം ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കു തയ്യാറായാല്‍ മാത്രമേ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ സാധിക്കൂ. ദിയാധനം രക്തത്തിനു പകരമാവില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ നിയമപരമായി മുന്നോട്ടുപാകുമെന്നും തലാലിന്റെ സഹോദരന് അബ്ദുള്‍ഫത്താ മഹ്ദി പറയുന്നത്. അതേസമയം തലാലിന്റെ മാതാപിതാക്കളും മക്കളും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവരുടെ തീരുമാനത്തിനാണ് ഇക്കാര്യത്തില്‍ പ്രസക്തി. മാതാപിതാക്കളും മക്കളും ദിയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അത് സാധ്യമാകും. മാതാപിതാക്കളോ മക്കളോ ഇല്ലെങ്കില്‍ മാത്രമേ സഹോദരന്റെ നിലപാടിനു പ്രസക്തിയുള്ളൂ.