വെറും 49 രൂപ മാറ്റിവയ്ക്കാനുണ്ടോ? മാസം 5000 കയ്യിൽ വാങ്ങാം

ജോലിയിൽനിന്നും വിരമിച്ചശേഷം വാർധക്യത്തിൽ മറ്റുള്ളവരുടെ ആശ്രയമില്ലാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ നേരത്തെ പ്ലാൻ ചെയ്ത് തുടങ്ങണം. മരുന്നുകൾക്കും മറ്റുള്ള ആവശ്യങ്ങൾക്കുമായി പ്രതിമാസം നല്ലൊരു തുക നേടുന്നതിന് ചില നിക്ഷേപ പദ്ധതികൾ ഗുണം ചെയ്യും. മുതിർന്ന പൗരന്മാർക്ക് മികച്ച പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്ന നിരവധി നിക്ഷേപ സ്കീമുകൾ ബാങ്കുകൾ നൽകുന്നുണ്ട്. ഇത്തരം നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കുന്നതിലൂടെ വാർധക്യ ജീവിതം ടെൻഷൻ രഹിതമാക്കാൻ സാധിക്കും.

വാർധക്യ കാലത്ത് ആരുടെയും സഹായം കൂടാതെ സുഖകരമായി ജീവിക്കാൻ മാസം തോറും 49 രൂപ മാറ്റിവച്ചാൽ മതിയാകും. കേന്ദ്രസർക്കാരിന്റെ അടൽ പെൻഷൻ യോജന പദ്ധതിയിലൂടെയാണ് ഇത് സാധ്യമാവുക. ദിവസം 7 രൂപ മുടക്കിയാൽ 60 വയസിനുശേഷം പെൻഷനായി പ്രതിമാസം 5000 നേടാൻ സാധിക്കും.

പദ്ധതിയിൽ ചേരുന്നതിനുള്ള യോഗ്യതകൾ

18 വയസ് മുതല്‍ 40 വയസ് വരെയുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതിയില്‍ ചേരാം. ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയില്‍ ചേരാം. മാസം തോറും കുറഞ്ഞത് 20 വര്‍ഷത്തേക്കെങ്കിലും നിശ്ചിത തുക ഈ പദ്ധതിയില്‍ അടയ്ക്കണം. നിക്ഷേപകര്‍ നല്‍കുന്ന വിഹിതത്തിന് അനുസരിച്ച് സര്‍ക്കാരും പദ്ധതിയിലേക്ക് സംഭാവന നല്‍കും. മാസം 1000 രൂപ മുതല്‍ 5000 രൂപ വരെ ലഭിക്കുന്ന രീതിയില്‍ പണം നിക്ഷേപിക്കുന്നത് നല്ലൊരു തുക പെൻഷനായി നേടാൻ സഹായിക്കും.

സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പദ്ധതിയില്‍ അംഗമാകാം. എന്‍.പി.എസ് പെന്‍ഷനില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്കും അംഗമാകാം. പക്ഷേ, ആദായ നികുതി അടയ്ക്കുന്നവരാകരുത്.

എത്ര നിക്ഷേപിക്കണം?

പെന്‍ഷന്‍ ലഭിക്കാനായി 60 വയസ് വരെ നിങ്ങള്‍ നിശ്ചിത തുക നിക്ഷേപിക്കണം. നിങ്ങള്‍ അടയ്ക്കുന്ന തുകയ്ക്ക് അനുസരിച്ച് 1000, 2000, 3000, 4000, 5000 രൂപ എന്നീ നിരക്കുകളില്‍ പെന്‍ഷന്‍ ലഭിക്കും. 25 വയസില്‍ പദ്ധതിയില്‍ ചേരുന്നയാള്‍ 5000 രൂപ പെന്‍ഷന്‍ കിട്ടാനായി മാസം തോറും 301 രൂപ അടച്ചാല്‍ മതിയാകും. 30 വയസിലാണ് ഒരാൾ പദ്ധതിയിൽ ചേരുന്നതെങ്കിൽ മാസം 577 രൂപയാണ് അടയ്ക്കേണ്ടി വരിക. 30 വർഷംവരെ ഈ തുക അടയ്ക്കേണ്ടതായി വരും. 60 വയസിനുശേഷം പ്രതിമാസം 5000 രൂപ പെൻഷനായി ലഭിക്കും. 40 വയസിൽ ചേരുന്ന ഒരാൾ 1554 രൂപയാണ് മാസം അടയ്‌ക്കേണ്ടി വരിക.

മറ്റ് ആനുകൂല്യങ്ങൾ

ആജീവനാന്ത പെന്‍ഷനാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നത്. ഉപഭോക്താവിന്റെ മരണശേഷം ജീവിതപങ്കാളിക്ക് അതേ തുക പെന്‍ഷനായി ലഭിക്കും. പങ്കാളിയുടെയും മരണശേഷം, വരിക്കാരന്‍ 60 വയസ് വരെ സ്വരൂപിച്ച പെന്‍ഷന്‍ നോമിനിക്ക് നല്‍കും. പദ്ധതിയുടെ തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80CCD (1B) പ്രകാരമുള്ള നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. ഇടയ്ക്കുവച്ച് പദ്ധതിയിൽനിന്നും പുറത്തുപോകാനുള്ള അവസരവുമുണ്ട്. ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സംഭാവനയും പലിശയും കഴിഞ്ഞുള്ള തുകയാണ് വരിക്കാരന് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *