തിരഞ്ഞെടുപ്പുകളിൽ ഭിന്നശേഷി സംവരണം: യാസിന്റെ ഒറ്റയാൾ പോരാട്ടം

കൊച്ചി: ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പുകളിൽ സംവരണം നൽകി സ്റ്റാലിൻ സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടും കേരളത്തിൽ ഇന്നും ഭിന്നശേഷിക്കാരോട് സർക്കാരിന് അയിത്തം. വർഷങ്ങളായുള്ള ആവശ്യം സർക്കാരിന് മുന്നിലുണ്ടെങ്കിലും അവ​ഗണനയാണ് തുടരുന്നതെന്നാണ് ആക്ഷേപം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, മുഖ്യമന്ത്രി, സംസ്ഥാന ഗവർണർ, ത്രിതല പഞ്ചായത്ത് വകുപ്പ് മന്ത്രി, നിയമ മന്ത്രി, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി തുടങ്ങിയവർക്ക് അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ് ആലുവ സ്വദേശി മുഹമ്മദ് യാസീൻ.

ഭിന്നശേഷിക്കാരായ യാസിൻ ഇതിനായി കയറിയിറങ്ങാത്ത വാതിലുകളില്ല. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വിഷയം അവതരിപ്പിച്ചെങ്കിലും ഇപ്പോൾ ഭിന്നശേഷി സംവരണം ത്രിതല പഞ്ചായത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി.

ബിരുദധാരിയായ മുഹമ്മദ് യാസിൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെങ്കിലും ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. ആദ്യമായി തിര‍ഞ്ഞെടുപ്പ് കമ്മീഷനെയാണ് സമീപിച്ചത്. എന്നാൽ ഇത് സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന കാര്യമാണെെന്ന് പറഞ്ഞു തള്ളി. കേരള ​ഗവർണർക്കും, തദ്ദേശ സ്വയം വരണ വകുപ്പിനും, അഡിഷനൽ ചീഫ് സെക്രട്ടറി തുടങ്ങി, ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ​ഗാന്ധിക്ക് വരെ ഇതിനോടകം നിവേദനം നൽകിക്കഴിഞ്ഞു. കേരള സർക്കാരിന് മുന്നിൽ പലതവണ ആവശ്യം ഉന്നയിച്ചെങ്കിലും കേട്ട ഭാവം പോലും നടിക്കുന്നില്ല.

ഭിന്നശേഷിക്കാർ ആയിട്ടുള്ള പൗരന്മാരുടെ പങ്കാളിത്തം ഏറെ കുറഞ്ഞുവരുന്ന ഈ സാഹചര്യത്തിൽ തന്റെ ആവശ്യം നടപ്പിലാക്കാൻ മുന്നോട്ടുവരണമെന്നാണ് യാസിന്റെ ആവശ്യം. അന്ധത മുതൽ മസ്കുലർ ഡിസ്ട്രോഫി വരെ 21 വിഭാഗങ്ങളിൽ സർക്കാർ പട്ടികയിൽ പെടുത്തിയ 10 ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്ക്. സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കുന്നുണ്ടെങ്കിലും തിര‍ഞ്ഞെടുപ്പ് സംവിധാനത്തിലേക്ക് ഇതുവരെ സംവരണം എത്തിയിട്ടില്ല.

നിലവിൽ ജാതി സംവരണം തിര‍ഞ്ഞെടുപ്പിലുണ്ടെങ്കിലും ഈ പട്ടികയ്ക്കൊപ്പം പോലും ഭിന്നശേഷിക്കാരുടെ ആവശ്യം പരി​ഗണിച്ചിട്ടില്ല. 2025 ജൂൺ 3-ന്, തമിഴ്നാട് ​ഗവർണർ ആർ. എൻ. രവി Urban Local Bodies Act, 1998 ഭേദ​ഗതി ചെയ്താണ് Panchayats Act, 1994-നൊപ്പം ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഓർഡിനൻസ് പുറത്തിറക്കിയത്. ​ഗവർണർ- സർക്കാർ പോര് നിലനിൽക്കുന്ന തമിഴ്നാട്ടിൽ പോലും ഈ ആവശ്യം പരി​ഗണിക്കപ്പെട്ടു. പത്ത് ലക്ഷത്തിന് മുകളിൽ ഭിന്നശേഷി വോട്ടു ബാങ്കുള്ള കേരളത്തിൽ ആവശ്യം തള്ളുകയാണ് ചെയ്യുന്നത്.

സ്കൂൾ അക്കാദമിക്ക് തലത്തിൽ മാത്രമല്ല, സർവത്ര സർക്കാർ സംവിധാനങ്ങളിലേക്കും ഈ സംവരണം കടന്നു വരണമെന്നാണ് യാസിന്റെ അപേക്ഷ, അതിനായുള്ള ആദ്യ പടിയാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സംവരണം ഉറപ്പാക്കുക എന്ന് മുഹമ്മദ് യാസിന്റെ മറുപടി. അധ്യാപക-അനധ്യാപക നിയമനങ്ങൾ പോലും ഭിന്നശേഷി സംവരണം നിഷ്കർഷിക്കുന്നുണ്ടെങ്കിലും ഇത് എത്രകണ്ട് പ്രാവർത്തികമാകുന്നു എന്നതും ചോദ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *