ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. തുടർന്ന് പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം ശക്തമായി. ഇരു സഭകളും ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവച്ചു.
കേരളത്തിൽ നിന്നുള്ള എംപിമാരാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ഇരു സഭകളും ആവശ്യം അംഗീകരിച്ചില്ല. പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും നിർത്തിവയ്ക്കുകയായിരുന്നു.
നിർബന്ധിത മതപരിവർത്തനവും, മനുഷ്യക്കടത്തും ആരോപിച്ചാണ് സിസ്റ്റർമാർക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടികൾ സിഎസ്ഐ ക്രിസ്ത്യാനികളാണ്. അറസ്റ്റിലായ സിസ്റ്റേഴ്സ്, അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ്. കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിൽ തുടരുകയാണ്.
കോൺവെൻ്റിൽ ജോലിക്ക് എത്തിയവരെ വിളിച്ചുകൊണ്ടുവരാൻ ഛത്തീസ്ഗഡിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദനാ ഫ്രാൻസിസ് , പ്രീതി എന്നീ കന്യാസ്ത്രീകളെയാണ് കസ്റ്റഡിയിൽ എടുത്തത്.