അംഗഛേദം അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥിരമായ വൈകല്യം അനുഭവിക്കുന്ന ഉദ്യോഗസ്ഥർക്കും ജവാൻമാർക്കും അർഹമായ സ്ഥാനക്കയറ്റങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും
ന്യൂഡൽഹി: ഇനി മുതൽ സിഎപിഎഫ് ഉദ്യോഗസ്ഥർക്കും (കേന്ദ്ര സായുധ പോലീസ് സേന) ജവാൻമാർക്കും, ഓപ്പറേഷനുകൾക്കിടെ കൈകാലുകൾ നഷ്ടപ്പെടുകയോ സ്ഥിരമായ വൈകല്യം അനുഭവിക്കുകയോ ചെയ്താലും സർവീസിൽ തുടരാൻ സാധിക്കും. അടിസ്ഥാന സാമ്പത്തിക പാക്കേജിന് പുറമെ അർഹമായ ശമ്പളവും ബഹുമതിയും നൽകുകയും ചെയ്യും. സേനയുടെ 87-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച കേന്ദ്ര റിസർവ് പോലീസ് സേനയിലെ (സിആർപിഎഫ്) ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിലാണ് ആഭ്യന്തര സെക്രട്ടറി ഗോവിദ് മോഹൻ ഇക്കാര്യം അറിയിച്ചത്.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി നടപ്പിലാക്കുന്നതിനു സിആർപിഎഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിംഗിന്റെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് സിഎപിഎഫ് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിൽ നടന്ന സ്ഫോടനങ്ങളിലോ സമാനമായ സംഭവങ്ങളിലോ കാലുകൾ, കൈകൾ, കണ്ണുകൾ എന്നിവ നഷ്ടപ്പെട്ട നൂറുകണക്കിന് സിഎപിഎഫ് ഉദ്യോഗസ്ഥരുണ്ടെന്ന് അധികൃതർ പറഞ്ഞു. അത്തരം പരിക്കുകൾ കാരണം ഒരു ജവാനെയോ ഉദ്യോഗസ്ഥനെയോ സർവീസിൽ നിന്ന് പുറത്താക്കിയ സംഭവങ്ങൾ വളരെ വിരളമാണെങ്കിലും, ബന്ധപ്പെട്ട ഫിറ്റ്നസ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പലരും സ്ഥാനക്കയറ്റത്തിന്റെ അഭാവം മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കമ്മിറ്റിയുടെ ഉദ്ദേശ്യം
അംഗഛേദം അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥിരമായ വൈകല്യം അനുഭവിക്കുന്ന ഉദ്യോഗസ്ഥർക്കും ജവാൻമാർക്കും അർഹമായ സ്ഥാനക്കയറ്റങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, മുൻകാല മാർഗ്ഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്താൻ കമ്മിറ്റി പ്രവർത്തിക്കും.
സൈനിക ഓപ്പറേഷനിൽ കൈകാലുകൾ നഷ്ടപ്പെടുകയോ ശാരീരിക വൈകല്യം സംഭവിക്കുകയോ ചെയ്യുന്ന ജവാൻമാരെയും ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് നീക്കം ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) തീരുമാനിച്ചു. അത്തരം ഉദ്യോഗസ്ഥരെ ഈ സേനകളുടെ ചില തിരഞ്ഞെടുത്ത യൂണിറ്റുകളിൽ ജോലിക്ക് നിയോഗിക്കുകയും അവരുടെ ശമ്പളവും അലവൻസുകളും വിരമിക്കൽ വരെ തുടരുമെന്ന് ഉറപ്പാക്കുകയും ചെയ്യും.
നമ്മുടെ ജവാന്മാർക്ക് പ്രതികൂല സാഹചര്യങ്ങൾ നേരിടുമ്പോൾ അവരെ പിന്തുണയ്ക്കാൻ ശക്തമായ ഒരു ആഭ്യന്തര മന്ത്രാലയവും ഇന്ത്യൻ സർക്കാരും ഉണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. സൈനികർക്ക് ശാരീരികമോ മാനസികമോ ആയ ആരോഗ്യ പ്രശ്നങ്ങൾ ബാധിക്കാതിരിക്കാൻ പുതിയ സാങ്കേതിക ഉപകരണങ്ങളും എംഎച്ച്എ സേനകൾക്ക് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്തിടെ മണിപ്പൂരിൽ പര്യടനം നടത്തിയപ്പോൾ, ഡ്യൂട്ടി സമയങ്ങളിൽ വനിതാ ഉദ്യോഗസ്ഥർ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് കണ്ടെത്തിയതായും ആഭ്യന്തര സെക്രട്ടറി പറഞ്ഞു. ഉൾമേഖലയിലെ ക്യാമ്പുകളിൽ റോഡുകൾ, വൈദ്യുതി, കുടിവെള്ളം, മൊബൈൽ കണക്റ്റിവിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രം
1939 ജൂലൈ 27 ന് മധ്യപ്രദേശിലെ നീമുച്ച് പട്ടണത്തിൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ക്രൗൺ റെപ്രസന്റേറ്റീവ്സ് പോലീസ് (സിആർപി) ആയി സിആർപിഎഫിന്റെ ആദ്യ ബറ്റാലിയൻ സ്ഥാപിതമായി. സ്വാതന്ത്ര്യാനന്തരം, 1949 ൽ, ആദ്യത്തെ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേൽ ഇന്ത്യൻ യൂണിയനു കീഴിലുള്ള സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്ന് പുനർനാമകരണം ചെയ്തു.
കേന്ദ്ര സായുധ പോലീസ് സേന ( CAPF ) എന്നത് ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന് (MHA) കീഴിലുള്ള ഏഴ് സായുധ പോലീസ് യൂണിറ്റുകളുടെ ഒരു കൂട്ടമാണ്, ആഭ്യന്തര സുരക്ഷ, ക്രമസമാധാനം, കലാപത്തെ ചെറുക്കൽ, അതിർത്തികൾ സംരക്ഷിക്കൽ എന്നിവയാണ് പ്രധാന ചുമതലകൾ.
കേന്ദ്ര സായുധ പോലീസ് സേനയിലെ ഉദ്യോഗസ്ഥർ ഗവേഷണ-വിശകലന വിഭാഗം (RAW), സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG), നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA), ഇന്റലിജൻസ് ബ്യൂറോ (IB), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI ), നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (NDRF), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB), സ്റ്റേറ്റ് സായുധ പോലീസ് സേന (ജാർഖണ്ഡ് ജാഗ്വാർസ്, ബീഹാർ മിലിട്ടറി പോലീസ് , UP/MP STF, DRG, IRB, ഛത്തീസ്ഗഢ് സായുധ പോലീസ് മുതലായവ) തുടങ്ങിയ വിവിധ പ്രധാന മേഖലകളിൽ സേവനമനുഷ്ഠിക്കുന്നു.