ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസത്തിലേറെയായി നടന്‍ മമ്മൂട്ടി മലയാള സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ്. ഇതിനിടെ മമ്മൂട്ടി നായകനായ ‘ബസൂക്ക’ തിയറ്ററുകളിലെത്തിയെങ്കിലും സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നില്ല.
ചികിത്സയുടെ ഭാഗമായി ചെന്നൈയില്‍ താമസിക്കുന്ന മമ്മൂട്ടി ഉടന്‍ കേരളത്തില്‍ തിരിച്ചെത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് താരം ചികിത്സയ്ക്കു വിധേയനായത്. ചികിത്സ പൂര്‍ത്തിയാക്കി പൂര്‍ണ ആരോഗ്യവാനാണ് താരം ഇപ്പോള്‍. അടുത്ത ആഴ്ചയോ ഓഗസ്റ്റ് ആദ്യ വാരമോ മമ്മൂട്ടി കൊച്ചിയിലെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിക്കൊപ്പം ചെന്നൈയില്‍ ആയിരുന്നു. പിതാവിന്റെ ചികിത്സ പൂര്‍ത്തിയായതോടെ ദുല്‍ഖര്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ തിരിച്ചെത്തി സിനിമ തിരക്കുകളില്‍ സജീവമായി.
മമ്മൂട്ടി കേരളത്തിലെത്തിയാല്‍ ഉടന്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. കൊച്ചിയിലായിരിക്കും ചിത്രീകരണം. ശ്രീലങ്കയിലെയും ന്യൂഡല്‍ഹിയിലെയും ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി രോഗബാധിതനായി വിശ്രമത്തില്‍ പ്രവേശിച്ചത്. അതിനാല്‍ മമ്മൂട്ടിയുടെ പ്രധാന ഭാഗങ്ങള്‍ അടക്കം ഇനി ചിത്രീകരിക്കാനുണ്ട്.
മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം ‘ഫാലിമി’യിലൂടെ ശ്രദ്ധേയനായ നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കും. കോമഡി-ആക്ഷന്‍ ഴോണറിലുള്ള ചിത്രമാണിത്. കഥ കേട്ട് മമ്മൂട്ടി സമ്മതം അറിയിച്ചിരുന്നു. നിതീഷ് സമൂഹമാധ്യമങ്ങളിലൂടെ ഈ പ്രൊജക്ടിനെ കുറിച്ച് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിതീഷ് ചിത്രത്തിനു ശേഷം മമ്മൂട്ടി അന്‍വര്‍ റഷീദ് സിനിമയില്‍ അഭിനയിക്കും. മമ്മൂട്ടി കേരളത്തില്‍ എത്തിയ ശേഷമായിരിക്കും ഈ പ്രൊജക്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന സിനിമയിലും മമ്മൂട്ടി നായകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരു സിനിമ ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ആണോ മറ്റൊരു പ്രൊജക്ട് ആണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കേണ്ടിയിരിക്കുന്നു.
അതേസമയം നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ‘കളങ്കാവല്‍’ ആണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി ചിത്രം. ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ മമ്മൂട്ടി ഭാഗമാകും. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യത്തിലോ ആയിരിക്കും റിലീസ്.