കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ (കെ എം ബി)യുടെ ആറാം പതിപ്പിന് അദീബ് & ഷെഫീന ഫൗണ്ടേഷന്റേയും അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റേയും പിന്തുണ തുടരും. അദീബ് & ഷെഫീന ഫൗണ്ടേഷനും, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സും എക്സിബിഷൻ ബെനിഫാക്ടേഴ്സ് സർക്കിൾ വിഭാഗത്തിലാണ് ബിനാലെയിലേക്ക് സംഭാവന നൽകിയത്.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ഫൗണ്ടറും, എംഡിയുമായ അദീബ് അഹമ്മദും ഭാര്യ ഷെഫീന യൂസഫലിയുടെയും നേതൃത്വത്തിലുള്ള അദീബ് & ഷെഫീന ഫൗണ്ടേഷൻ, സാമൂഹിക വികസനം, വയോജന പരിചരണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശിശുക്ഷേമം എന്നീ മേഖലകളിൽ സജീവമായി ഇടപെടുന്ന സംഘടനയാണ്. മുൻ വർഷത്തെ ബിനാലെകളിലും അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ സഹകരിച്ചിരുന്നു. നിലവിൽ ബിനാലെയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം കൂടിയാണ് അദീബ് അഹമ്മദ്.
ബിനാലെ ആറാം പതിപ്പിന്റെ നടത്തിപ്പിന് വേണ്ടി ഒരു കോടി രൂപയാണ് ഇവർ നൽകിയത്. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെയും ഫൌണ്ടേഷന്റെയും പ്രതിനിധികളായ സനീർ പി എ യും. മാളവിക സുരേഷും ചേർന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻ്റ് ബോസ് കൃഷ്ണമാചാരി, സിഇഒ തോമസ് വർഗീസ് എന്നിവർക്ക് ചെക്ക് നൽകി.
കൊച്ചിയുടെ സാംസ്കാരിക, ടൂറിസം വികസനത്തിന് ഇത്തരത്തിലുള്ള പരിപാടികൾ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണെന്നും, കൊച്ചിയുടെ സാംസ്കാരിക വികസനത്തിന് പ്രാധാന്യം നൽകുന്ന കൊച്ചി-മുസിരിസ് ബിനാലെയെ പ്രോത്സാഹിപ്പിക്കുന്നതിൽ അതീവ സന്തോഷമുണ്ടെന്നും അദീബ് അഹമ്മദ് അറിയിച്ചു. 2025 ഡിസംബർ 12 മുതലാണ് ഇത്തവണത്തെ ബിനാലെ.