മാഞ്ചസ്റ്ററില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിടെ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് നടത്തിയ പ്രസ്താവന ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ ഉടന്‍ ടെസ്റ്റ് ക്രിക്കറ്റ് നിര്‍ത്തുമെന്നാണ് കൈഫ് പറഞ്ഞിരിക്കുന്നത്.
കായികക്ഷമതയിലേക്ക് വരുമ്പോള്‍ ക്രിക്കറ്റിന്റെ ദീര്‍ഘഫോര്‍മാറ്റില്‍ കളിക്കല് ബുംറയ്ക്കു പ്രയാസമായിക്കൊണ്ടിരിക്കുകയാണെന്നാണ് കൈഫിന്റെ നിരീക്ഷണം. മാഞ്ചസ്റ്റര്‍ ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ ബുംറയുടെ വേഗത ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് മുന്‍ ടെസ്റ്റ് മത്സരങ്ങളിലെ ബൗളിങ് പ്രകടനവുമായി താരതമ്യപ്പെടുത്തി കൈഫ് അവകാശപ്പെടുന്നു.
എന്താണ് യാഥാര്‍ഥ്യം?
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഒന്നാമത്തെയും മൂന്നാമത്തെയും മത്സരങ്ങളില്‍ ബുംറ കളിച്ചിരുന്നു. ഈ രണ്ട് മത്സരങ്ങളിലും 140+ വേഗതയില്‍ ബുംറ പന്തെറിഞ്ഞിട്ടുണ്ട്. ഹെഡിങ്ലിയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ബുംറ എറിഞ്ഞ ആകെ പന്തുകളില്‍ 40 ശതമാനവും 140 കി.മീ വേഗതയോ അതില്‍ കൂടുതലോ ആയിരുന്നു. ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ അത് 27 ശതമാനമായി കുറഞ്ഞു. മാഞ്ചസ്റ്ററില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റില്‍ ആകട്ടെ 30 ഓവറുകള്‍ എറിഞ്ഞിട്ടും അതില്‍ ഒരു ബോള്‍ പോലും 140 കി.മീ വേഗത തൊട്ടിട്ടില്ല.
മാഞ്ചസ്റ്ററില്‍ 125-130 കി.മീ വേഗതയാണ് ബുംറയുടെ മിക്ക പന്തുകളും. ഇംഗ്ലണ്ട് മുന്‍ താരമായ മൈക്കള്‍ വോണും ബുംറയുടെ പന്തുകള്‍ക്ക് വേഗത കുറഞ്ഞത് ചൂണ്ടിക്കാട്ടി. ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്സും എറിയുന്നതു പോലെ വേഗതയില്‍ പന്തെറിയാന്‍ ബുംറയ്ക്ക് സാധിക്കുന്നില്ലെന്നാണ് വോണ്‍ പറഞ്ഞത്.
ബുംറയുടെ ടെസ്റ്റ് ഭാവി
ടെസ്റ്റ് ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ ബുംറ നിലവില്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ 2027 ഏകദിന ലോകകപ്പിനു പ്രഥമ പരിഗണന നല്കുന്നതിനാല് ടെസ്റ്റില്‍ തുടര്‍ച്ചയായി കളിക്കുക ബുംറയ്ക്കു അസാധ്യമാണ്. ഇംഗ്ലണ്ട് പരമ്പരയില്‍ തന്നെ ആദ്യത്തെ മൂന്ന് ടെസ്റ്റുകളേ ബുംറ കളിക്കൂ എന്ന് ടീം പ്രഖ്യാപന വേളയില്‍ ബിസിസിഐ അറിയിച്ചിരുന്നത്. പിന്നീട് തുടര്‍ച്ചയായി കളിക്കാതിരിക്കാന്‍ രണ്ടാം ടെസ്റ്റില്‍ താരത്തിനു വിശ്രമം അനുവദിച്ചു. ബുംറയുടെ കായികക്ഷമത ഇന്ത്യക്ക് വലിയൊരു വെല്ലുവിളിയാണ്. തുടരെ പരുക്കുകള്‍ വരുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിശ്രമം അനുവദിക്കുന്നത്. വളരെ പ്രധാനപ്പെട്ട ടെസ്റ്റ് പരമ്പരകള്‍ മാത്രമേ ബുംറ തുടര്‍ന്നും കളിക്കൂ. അതുമാത്രമല്ല കളിക്കുന്ന പരമ്പരകളില്‍ മത്സരങ്ങള്‍ക്കു ഇടയില്‍ വിശ്രമം നല്‍കുകയും ചെയ്യും.
ബുംറയില്ലാത്ത ലൈനപ്പ്
ജസ്പ്രിത് ബുംറയില്ലാത്ത ബൗളിങ് ലൈനപ്പ് പരിമിത ഓവര്‍ ഫോര്‍മാറ്റുകളില്‍ എന്ന പോലെ ടെസ്റ്റിലും ഇന്ത്യയെ പ്രതിരോധത്തിലാക്കും. ഏറെക്കുറെ രാജ്യാന്തര കരിയര്‍ അവസാനിച്ച ഘട്ടത്തില്‍ നില്ക്കുന്ന മുഹമ്മദ് ഷമിക്കും ബുംറയുടെ വിടവ് നികത്തുക സാധ്യമല്ല. മുഹമ്മദ് സിറാജ് മാത്രമാണ് നിലവില്‍ ഇന്ത്യക്ക് ആശ്രയിക്കാവുന്ന മറ്റൊരു പേസര്‍. ബുംറ പൂര്‍ണമായി ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നാല്‍ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ പരീക്ഷിക്കുക എന്നതുമാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ള സാധ്യത. ആകാശ് ദീപും ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതീക്ഷ നല്കുന്ന ബൗളറാണ്. അപ്പോഴും ബുംറയ്ക്ക് പകരക്കാരനാകുക എന്നത് ഇവരെ കൊണ്ടൊന്നും സാധ്യമാകുന്നതല്ല.