മലയാള സിനിമയിൽ സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് കൈനിറയെ ആരാധകരെ നേടിയെടുത്ത നടിയാണ് മഞ്ജു വാര്യർ. വർഷങ്ങൾക്കുശേഷം തിരികെ മലയാള സിനിമയിലേക്ക് മടങ്ങി എത്തിയപ്പോൾ മഞ്ജു വാര്യരെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണവും അവർ മഞ്ജുവിന് കൊടുത്തു. മികച്ച അഭിനയപാടവം കൊണ്ട് മഞ്ജു വാര്യർ എന്ന നടി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു.
14 വർഷങ്ങൾക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യർ ഇന്ന് മലയാളത്തില്‍ ഏറ്റവും അധികം ശമ്പളം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ്. 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് മഞ്ജു പ്രതിഫലമായി ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. മലയാളത്തില്‍ ഒരു സിനിമക്ക് 50 ലക്ഷവും തുനിവ് പോലുള്ള തമിഴ് ചിത്രങ്ങൾക്ക് ഒരു കോടി രൂപയും മഞ്ജു പ്രതിഫലം കൈപ്പറ്റിയെന്നും റിപ്പോർട്ടുകളുമുണ്ട്.
അഭിനയത്തിനൊപ്പം തന്നെ പരസ്യരംഗത്തും സജീവമാണ് മഞ്ജു വാര്യർ. പരസ്യങ്ങള്‍ക്ക് മഞ്ജു വലിയ തുക തന്നെ ഈടാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. 150 കോടിയോളമാണ് മഞ്ജുവാര്യരുടെ ആസ്തി എന്നാണ് റിപ്പോർട്ടുകൾ.
1995ൽ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ ആണ് മഞ്ജു വാര്യർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തന്റെ പതിനെട്ടാമത്തെ വയസിൽ ‘സല്ലാപ’ത്തിലൂടെ നായികയായി. ഈ ചിത്രം ആയിരുന്നു മലയാള സിനിമയിൽ മഞ്ജുവിന് ഒരു സ്ഥാനം നേടി കൊടുത്തത്. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കരസ്ഥമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിട്ടുണ്ട്.
സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, ദില്ലിവാല രാജകുമാരന്, കളിവീട്, കളിയാട്ടം, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്, പ്രണയവര്‍ണ്ണങ്ങള്‍, കന്മദം, എന്നിങ്ങനെ പോകുന്നു മഞ്ജുവിന്റെ അഭിനയ മികവ്. വിവാഹ ശേഷം സിനിമയില്‍ നിന്ന് മഞ്ജു വാര്യർ ദീര്‍ഘകാലം ഇടവേളയെടുത്തിരുന്നു.
2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓൾഡ് ആർയു’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്, ലൂസിഫര്‍, പ്രതി പൂവന്‍കോഴി, ദി പ്രീസ്റ്റ്, ചതുർമുഖം തുടങ്ങിയ സിനിമകളാണ് രണ്ടാം വരവിൽ മഞ്ജു പ്രേഷകർക്ക് സമ്മാനിച്ചത്. അസുരൻ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു.









