തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലർക്കും ചർമ്മ പരിചരണത്തിന് ആവശ്യത്തിന് സമയം കിട്ടാറില്ല. ചിലർ, മടി കാരണം പാർലറുകളെയാണ് ചർമ്മ സംരക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത്. കെമിക്കലുകൾ ഉപയോഗിച്ചുള്ള ഫേഷ്യലും ബ്ലീച്ചിങ്ങും ഒക്കെ കാലക്രമേണ ചർമ്മത്തിന് ദോഷം വരുത്തുമെന്ന് തിരിച്ചറിയുക. ചർമ്മം തിളങ്ങാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രകൃതിദത്ത വഴികളുണ്ട്.
സൗന്ദര്യ സംരക്ഷണത്തിനു പ്രകൃതി നൽകിയ വരദാനമാണ് കറ്റാർവാഴ. ഇന്ന് നിരവധി സൗന്ദര്യ വർധക വസ്തുക്കളിൽ കറ്റാർവാഴ ഉപയോഗിക്കുന്നു. രാസവസ്തുക്കള്‍ ചേര്‍ത്ത ക്രീമുകളേക്കാള്‍ വേഗത്തിൽ ചർമത്തിൽ മാറ്റമുണ്ടാക്കാൻ വീട്ടിൽ വളർത്തുന്ന കറ്റാർവാഴയ്ക്ക് കഴിയും.
കറ്റാർവാഴ ഉപയോഗിക്കേണ്ട വിധം
കറ്റാര്‍ വാഴ ഇലകള്‍ നന്നായി കഴുകുക, ഈ ഇലകള്‍ പതിയെ അമര്‍ത്തി അതിനെ മൃദുവാക്കുക. തുടര്‍ന്ന് ഇല രണ്ടായോ അതില്‍ കൂടുതല്‍ കഷ്ണങ്ങളായോ മുറിക്കുക. ഇല പൊളിക്കുന്നതിനും തോലു മാറ്റുന്നതിനുമായി ഒരു കത്തിയുപയോഗിച്ച് ഇലയുടെ രണ്ടു വശവും മുറിക്കുക. കൈ ഉപയോഗിച്ച് ഇല രണ്ടായി പിളര്‍ക്കുക. ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇലയില്‍ നിന്നും നീര് എടുക്കാം. ഈ നീര് മുഴുവന്‍ മുഖത്ത് പുരട്ടുക. തുടര്‍ന്ന് ആ ഇലകൊണ്ടു മുഖം നന്നായി മസാജ് ചെയ്യുക. 20 മിനിറ്റ് ഇത് മുഖത്തിട്ടതിനുശേഷം കഴുകിക്കളയാം. ബാക്കിയുള്ള നീര് ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.
കറ്റാർവാഴയും തേനും
ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയിലേക്ക് അൽപം തേൻ, റോസ് വാട്ടർ, പാൽ എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക. കറ്റാർവാഴയുടെ ജെൽ കൂടി ചേർത്തിളക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി വിശ്രമിക്കുക. മുഖം തിളങ്ങുന്നതിന് ഇവ സഹായിക്കും.
കറ്റാർവാഴയും റോസ്വാട്ടറും
കറ്റാർവാഴ ജെല്ലിലേക്ക് ഒരൽപ്പം റോസ്വാട്ടർ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. മുഖത്തെ പാടുകളിൽ പുരട്ടി അൽപ്പ സമയം വിശ്രമിക്കുക. കുറച്ച് സമയത്തിനു ശേഷം കഴുകി കളയുക.
കറ്റാർവാഴയും നാരങ്ങയും
കറ്റാർവാഴ ജെല്ലിലേക്ക് അൽപ്പം നാരങ്ങാ നീര് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം കരുവാളിപ്പുള്ള ഭാഗങ്ങളിൽ പുരട്ടുക. പത്ത് മിനിറ്റിനു ശേഷം പഞ്ഞിയോ കോട്ടൺ തുണിയോ ഉപയോഗിച്ച് തുടച്ചു കളയുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുക.