കുപ്രസിദ്ധ കുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയായിരിക്കുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ ഗോവിന്ദച്ചാമിയെ ആറരമണിക്കൂറിനകം പിടികൂടാന്‍ കേരള പൊലീസിനു സാധിച്ചു. എന്നാല്‍ ഗോവിന്ദച്ചാമിയെ പോലെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജയില്‍ചാടിയ കൊടുംകുറ്റവാളിയായ റിപ്പര്‍ ജയാനന്ദന്‍ അന്ന് കേരള പൊലീസിനുണ്ടാക്കിയ തലവേദന ചെറുതൊന്നുമല്ല !
ആരാണ് റിപ്പര്‍ ജയാനന്ദന്‍?
കെ.പി.ജയാനന്ദന്‍ എന്ന റിപ്പര്‍ ജയാനന്ദന്‍ കുപ്രസിദ്ധ മോഷ്ടാവാണ്. തൃശൂര്‍ സ്വദേശിയായ ഇയാള്‍ തൃശൂര്‍-എറണാകുളം അതിര്‍ത്തികളിലായി 35 ലേറെ മോഷണങ്ങള്‍ നടത്തുകയും ഇതിനിടെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരേദിവസം നടത്തിയ ഇരട്ട കൊലപാതകങ്ങളും ഉണ്ട്. പിന്നീട് ഇയാള്‍ പൊലീസിന്റെ പിടിയിലാകുകയും തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇയാളെ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു.
ആദ്യ ജയില്‍ചാട്ടം
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട റിപ്പര്‍ ജയാനന്ദന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് ആദ്യമായി തടവുചാടുന്നത്. അതീവ സുരക്ഷയുള്ള പത്താം നമ്പര്‍ ബ്ലോക്കില്‍ പാര്‍പ്പിച്ചിരുന്ന ജയാനന്ദന്‍ വിദഗ്ധമായി സെല്ലിന്റെ കമ്പി മുറിച്ചാണ് പുറത്തുകടന്നത്. സഹതടവുകാരനായിരുന്ന റിയാസിനെയും ഒപ്പം കൂട്ടിയാണ് ജയാനന്ദന്റെ ആദ്യ ജയില്‍ ചാട്ടം.
അക്കാലത്ത് ജയിലില്‍ സിസിടിവി സ്ഥാപിക്കലുമായി ബന്ധപ്പെട്ട് പണികള്‍ നടന്നിരുന്നു. അതിന്റെ ഭാഗമായി ഉപയോഗിച്ച ഒരു ആക്‌സോ ബ്ലേഡ് ജയാനന്ദനു ലഭിക്കുന്നു. ഈ ആക്‌സോ ബ്ലേഡ് ഉപയോഗിച്ചാണ് സെല്ലിന്റെ കമ്പി മുറിച്ചത്. രണ്ട് കമ്പി മുറിച്ച് അത് മുകളിലേക്ക് മടക്കിവെച്ച് അതിനിടയിലൂടെ പുറത്തേക്ക് കടക്കുകയായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന യുഡിഎഫ് മന്ത്രിസഭയ്‌ക്കെതിരെ വലിയ ജനരോഷം ഉയര്‍ന്നു. പിന്നീട് രണ്ട് മാസം കഴിഞ്ഞാണ് ജയാനന്ദനെ ഊട്ടിയില്‍ നിന്ന് പൊലീസ് പിടികൂടിയത്. ഒപ്പം ജയില്‍ ചാടിയ റിയാസിനെ കാസര്‍ഗോഡുള്ള കാമുകിയുടെ വീട്ടില്‍ നിന്നും പിടികൂടി.
രണ്ടാം ജയില്‍ ചാട്ടം
തടവുചാട്ടത്തെ തുടര്‍ന്ന് ജയാനന്ദനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെയും അതീവ സുരക്ഷയിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. പൂജപ്പുരയില്‍ വെച്ചും തക്കംകിട്ടിയപ്പോള്‍ ജയാനന്ദന്‍ ജയില്‍ ചാടി. 2013 ജൂണ്‍ ഒന്‍പതിനായിരുന്നു ജയാനന്ദന്റെ രണ്ടാം ജയില്‍ ചാട്ടം. സഹതടവുകാരനായിരുന്ന ഊപ്പ പ്രകാശ് ആയിരുന്നു ഇത്തവണ ജയാനന്ദന്റെ ഒപ്പം ജയില്‍ ചാടിയത്. ഊപ്പ പ്രകാശിനെ ഏഴ് ദിവസം കൊണ്ട് പൊലീസ് പിടികൂടി. എന്നാല്‍ ജയാനന്ദനെ പിടികൂടിയത് രണ്ട് മാസത്തിനു ശേഷം ഓഗസ്റ്റ് പത്തിനാണ്. തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വെച്ചാണ് അന്ന് ജയാനന്ദന്‍ പിടിയിലായത്.