ഓഷ്യന്‍ എക്സ്പ്ലോറേഷന്‍ ട്രസ്റ്റിന്റെ കണക്കനുസരിച്ച് 1942 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍വരെ പ്രദേശത്ത് അഞ്ചു പ്രധാന നാവികയുദ്ധങ്ങള്‍ നടന്നു, 111 കപ്പലുകളും 1,450 വിമാനങ്ങളും 20,000ലേറെപ്പേരുടെ ജീവനും നഷ്ടമായി. പ്രദേശത്ത് നൂറുകണക്കിന് കപ്പലുകളും വിമാനങ്ങളും മുങ്ങിയിട്ടുണ്ട്. ഇതില്‍ നൂറില്‍ താഴെ മാത്രമാണു കണ്ടെത്തിയിട്ടുള്ളൂ.
1942 ഡിസംബര്‍ 12, രണ്ടാം ലോകമഹായുദ്ധകാലത്ത് പസഫിക് സമുദ്രത്തില്‍ അമേരിക്കന്‍ സൈന്യം തകര്‍ത്ത ജാപ്പനീസ് യുദ്ധക്കപ്പല്‍ പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. സോളമന് ദ്വീപുകള്‍ക്ക് സമീപം മുങ്ങിയ ‘ടെറുസുക്കി’ എന്ന കപ്പലാണ് എട്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം, പസഫിക്കിന്റെ അടിത്തട്ടില്‍ കണ്ടെത്തിയത്. ഓഷ്യന്‍ എക്സ്പ്ലോറേഷന്‍ ട്രസ്റ്റിലെ ഗവേഷകര്‍ കപ്പലിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ലോകത്തിനായി പങ്കുവയ്ക്കുകയും ചെയ്തു.
ഗ്വാഡാല്‍ക്കനാല്‍, സാവോ, എന്ഗെല എന്നീ ദ്വീപുകള്‍ക്കിടയിലാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്. യുദ്ധകാലത്തു നിരവധി കപ്പലുകള്‍ മുങ്ങിയതിനാല്‍ ‘അയണ്‍ ബോട്ടം സൗണ്ട്’ എന്ന് വിളിച്ചിരുന്ന പ്രദേശമാണിത്. ഓഷ്യന്‍ എക്സ്പ്ലോറേഷന്‍ ട്രസ്റ്റിന്റെ കണക്കനുസരിച്ച് 1942 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍വരെ പ്രദേശത്ത് അഞ്ചു പ്രധാന നാവികയുദ്ധങ്ങള്‍ നടന്നു, 111 കപ്പലുകളും 1,450 വിമാനങ്ങളും 20,000ലേറെപ്പേരുടെ ജീവനും നഷ്ടമായി. അയണ്‍ ബോട്ടം സൗണ്ടില്‍ നൂറുകണക്കിന് കപ്പലുകളും വിമാനങ്ങളും മുങ്ങിയിട്ടുണ്ട്. ഇതില്‍ നൂറില്‍ താഴെ മാത്രമാണു കണ്ടെത്തിയിട്ടുള്ളൂ.
ഓഷ്യന്‍ എക്സ്പ്ലോറേഷന്‍ ട്രസ്റ്റ്, നേവല്‍ ഹിസ്റ്ററി ആന്‍ഡ് ഹെറിറ്റേജ് കമാന്‍ഡ്, ഓഷ്യന്‍ എക്സ്പ്ലോറേഷന്‍, ന്യൂ ഹാംഷെയര്‍ സര്‍വകലാശാല, റോഡ് ഐലന്‍ഡ് സര്‍വകലാശാല എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഗവേഷണം നടക്കുന്നത്. ന്യൂ ഹാംഷെയര്‍ സര്‍വകലാശാലയുടെ ആളില്ലാ ഉപരിതല കപ്പലായ ‘ഡ്രി എക്സ്’ ആണ് ജാപ്പനീസ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
അവശിഷ്ടങ്ങള്‍ 2,600 അടിയില്‍ താഴെ
ജൂലൈ 12ന് ട്രസ്റ്റിന്റെ ഗവേഷണ കപ്പലായ നോട്ടിലസിലെ വിദഗ്ധര്‍, ഉയര്‍ന്ന നിലവാരമുള്ള ക്യാമറകള്‍ ഘടിപ്പിച്ച രണ്ട് റിമോട്ട് ഓപ്പറേറ്റീവ് വെസല്‍ ആയ ഹെര്‍ക്കുലീസ്, അറ്റ്ലാന്റ എന്നിവ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തേക്ക് അയച്ചു. സമുദ്രോപരിതലത്തില്‍നിന്ന് 2,600 അടിയിലേറെ താഴെയാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. കപ്പല്‍ പിളര്ന്നനിലയിലാണെങ്കിലും വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. വിമാനവേധതോക്ക് പിടിപ്പിക്കുന്ന കപ്പലിന്റെ പ്രത്യേകഭാഗം മുകളിലേക്ക് ഉയര്‍ന്നിരിക്കുന്നതായും ഗവേഷകര്‍ പറഞ്ഞു.
യുദ്ധവിമാനങ്ങളെ ആക്രമിക്കാന്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത അപൂര്‍വ ഡിസ്ട്രോയര്‍ ഷിപ്പ് ആയിരുന്നു ടെറുസുക്കി-എന്ന് ഹിരോഷിമയിലെ കുറെ മാരിടൈം മ്യൂസിയത്തിന്റെ ഡയറക്ടര്‍ കസുഷിഗെ ടോഡക പറഞ്ഞു. ജാപ്പനീസ് സൈന്യം തങ്ങളുടെ സൈനികശേഷിയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നതിനാല്‍, കപ്പലിന്റെ ചിത്രങ്ങളൊന്നും നിലവിലില്ല. എന്നിരുന്നാലും, 1942ല്‍ കമ്മീഷന് ചെയ്ത മാരകപ്രഹരശേഷിയുള്ള യുദ്ധക്കപ്പലായിരുന്നു ‘ടെറുസുക്കി’. ഏകദേശം 440 അടി നീളമുണ്ടായിരുന്ന ടെറുസുക്കിയെ 1942 ഡിസംബര്‍ 12ന് രണ്ട് അമേരിക്കന്‍ ടോര്‍പ്പിഡോകള്‍ തകര്‍ക്കുകയായിരുന്നു. അമേരിക്കയുടെ ആക്രമണത്തില്‍ ജപ്പാന്റെ ഒമ്പത് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു