സാഹസികതയാണ് സാറേ മെയിൻ ! ക്യാപ്റ്റൻ അമേരിക്കയെപ്പോലെ
പ്രിയ ശ്രീനിവാസൻ
കൊച്ചി: മാർവലിന്റെ ക്യാപ്റ്റൻ അമേരിക്ക മോഡലിൽ ടിവിഎസ്സിന്റെ എൻടോർക്ക് 125 സൂപ്പർ സോൾജിയർ എഡിഷൻ നിരത്തുകൾ കൈയടക്കാൻ എത്തുന്നു. മുൻകാലങ്ങളിൽ ടിവിഎസ് പുറത്തിറക്കിയിട്ടുള്ള സൂപ്പർ ഹീറോ-തീം സ്കൂട്ടറുകളുടെ, മാർവൽ അവഞ്ചേഴ്‌സ് സൂപ്പർ സ്ക്വാഡ് സീരീസിന്റെ ഭാഗമായിട്ടാണ് എൻടോർക്ക് 125 സൂപ്പർ സോൾജിയർ എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്.
ഐക്കോണിക്ക് കഥാപാത്രത്തെ പരാമർശിക്കുന്ന കാമോ ഗ്രാഫിക്സും വിഷ്വൽ സ്റ്റൈലിംഗും, യുവ മാർവൽ ആരാധകരെയും ജെൻ ഇസഡ് റൈഡർമാരെയും ലക്ഷ്യമിടുന്നു. ഈ മാസം മുതൽ എല്ലാ ടിവിഎസ് ഡീലർഷിപ്പുകളിലും ലഭ്യമാക്കുന്ന സ്കൂട്ടറിന്റെ ഡൽഹി എക്സ്-ഷോറൂം വില 98,117 രൂപയാണ്.
സ്കൂട്ടറിനെ റൈഡറുടെ സ്മാർട്ട്‌ഫോണുമായി ബന്ധിപ്പിക്കാൻ സാധിക്കും. സ്‌കൂട്ടറിന്റെ ഡിസ്‌പ്ലേയിൽ നാവിഗേഷൻ, റൈഡ് ഡാറ്റ, കോൾ അലേർട്ടുകൾ എന്നിവ നൽകുന്ന ബ്ലൂടൂത്ത് അധിഷ്ഠിത സ്മാർട്ട്‌സോണക്റ്റ് കണക്റ്റിവിറ്റി സിസ്റ്റം മികച്ച സവിശേഷതയാണ്. മുൻവശത്തെ ആപ്രണിലും സൈഡ് പാനലുകളിലും കാമോ ഡെക്കലുകൾ നൽകിയിരിക്കുന്നു. അവഞ്ചേഴ്‌സ്, ക്യാപ്റ്റൻ അമേരിക്ക ലോഗോകൾ ഡെക്കലിന്റെ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വളരെ തന്ത്രപരമായിട്ടാണ്.
മെക്കാനിക്കല്‍ സൈഡ് നോക്കിയാൽ കൂടുതൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സൈക്കിള്‍ ഭാഗങ്ങളിലോ പവര്‍ട്രെയിനിലോ വ്യത്യാസമില്ല. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്കും നൽകിയിട്ടുണ്ട്. ഇരുവശത്തും 12 ഇഞ്ച് വീലുകളില്‍ ഡിസ്‌ക്-ഡ്രം ബ്രേക്കിംഗ് സജ്ജീകരിച്ചിരിക്കുന്നു. 9.25 ബിഎച്ച്പിയും 10.5 എന്‍എം ടോര്‍ക്കും സിവിടി (കണ്ടിന്യൂവസ്ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ഗിയര്‍ബോക്‌സുമായി കോർത്തിണക്കിയ 124.8 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് മോട്ടോറാണ് കരുത്ത് പകരുന്നത്. ടോപ് സ്പീഡ് മണിക്കൂറില്‍ 95 കിലോമീറ്ററാണ് കമ്പനിയുടെ വാഗ്ദാനം. സ്ട്രീറ്റ്, സ്പോര്‍ട്ട് എന്നീ രണ്ട് റൈഡ് മോഡുകളുമായാണ് വിപണികളിൽ എത്തുന്നത്. സ്കൂട്ടറിന്റെ മൊത്തം ഭാരം 111 കിലോഗ്രാം ആണ്. ഗ്രൗണ്ട് ക്ലിയറന്‍സ് 155 എംഎം, സീറ്റ് ഉയരം 770 എംഎം, ടാങ്ക് ശേഷി 5.8 ലിറ്റര്‍ എന്നിങ്ങനെയാണ് സാങ്കേതിക വിവരങ്ങൾ.
2020 ൽ ആരംഭിച്ച ടിവിഎസിന്റെ മാർവലുമായുള്ള സഹകരണത്തിന്റെ ഭാഗമാണ് പുതിയ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. അയൺ മാൻ, ബ്ലാക്ക് പാന്തർ, സ്പൈഡർമാൻ എന്നിവർക്ക് ശേഷമാണ് ക്യാപ്റ്റൻ അമേരിക്കയുമായി ടി വി എസ് എത്തുന്നത്.