സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കും പ്രസവ വേദന വരാം; അറിയാം കൂവേഡ് സിൻഡ്രോം

ർഭകാലം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ വേണ്ട സമയമാണ്. ഗർഭകാലസംബന്ധമായ പ്രശ്നങ്ങൾ ഈ സമയത്ത് സ്ത്രീകളെ വല്ലാതെ അലട്ടാറുണ്ട്. എന്നാൽ, അച്ഛനാകാൻ പോകുന്നവർക്കും ഈ പ്രശ്നങ്ങൾ വരാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഈ അപൂർവ സാഹചര്യത്തെ കൂവേഡ്‌ സിന്‍ഡ്രോം എന്നാണ് പറയുന്നത്.

എന്താണ് കൂവേഡ്‌ സിന്‍ഡ്രോം?

മോണിങ്‌ സിക്‌നെസ്സും, ഓക്കാനവും ഛര്‍ദിയും, വയർ വേദനയടക്കം ഒരു സ്‌ത്രീ അനുഭവിക്കുന്ന ഗർഭകാല ബുദ്ധിമുട്ടുകൾ പുരുഷന്മാരിലും കാണുന്നതിനെയാണ് കൂവേഡ്‌ സിന്‍ഡ്രോം എന്നു പറയുന്നത്. സിംപതെറ്റിക്‌ പ്രെഗ്നന്‍സി, മെയില്‍ പ്രെഗ്നന്‍സി എക്‌സ്‌പീരിയന്‍സ്‌ എന്നെല്ലാം ഇതിനെ പറയാറുണ്ട്.

ലക്ഷണങ്ങളും കാരണങ്ങളും

കൂവേഡ്‌ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങൾ സാധാരണയായി പങ്കാളിയുടെ ഗർഭകാലത്തിന്റെ ആദ്യ മൂന്നുമാസത്തിലാണ് ആരംഭിക്കുന്നത്. പ്രസവ തീയതി അടുക്കുന്തോറും ഇത് തീവ്രമാകും. സ്ത്രീകൾക്കുള്ളതുപോലെ ഓക്കാനം, മൂഡ് മാറ്റങ്ങൾ, ദേഷ്യം, പ്രസവ വേദന, ചില ഭക്ഷണങ്ങളോട് താൽപര്യം കൂടുതൽ, ചില ഭക്ഷണങ്ങളോട് വെറുപ്പ്, ശരീര ഭാരം കൂടുക, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ പുരുഷന്മാരിലും കാണാറുണ്ട്. കൂവേഡ്‌ സിന്‍ഡ്രോമിന്റെ കൃത്യമായ കാരണം ഇപ്പോഴും ഒരു നിഗൂഢതയാണ്.

ഒരു സ്ത്രീ ഗര്‍ഭകാലത്ത്‌ കടന്ന്‌ പോകുന്ന അവസ്ഥകളോടുള്ള തന്മയീഭാവമാണ്‌ കൂവേഡ്‌ സിന്‍ഡ്രോം പ്രകടിപ്പിക്കുന്ന പുരുഷന്മാരില്‍ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. അച്ഛനാകാൻ പോകുന്നതിന്റെ ഉത്കണ്ഠയും, ഇതിന്റെ ഭാഗമായി ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും, ഉറക്കമില്ലായ്മയും, സമ്മർദവും കൂവേഡ്‌ സിന്‍ഡ്രോമിലേക്ക് നയിച്ചേക്കാം.

എങ്ങനെ പരിഹരിക്കാം?

മരുന്നുകള്‍ കൊണ്ട് ഈ അവസ്ഥയെ ചികിത്സിക്കാന്‍ കഴിയില്ലെങ്കിലും തെറാപ്പി, സപ്പോര്‍ട്ട്‌ ഗ്രൂപ്പുകള്‍, തുറന്ന ആശയവിനിമയം എന്നിവ വൈകാരിക വെല്ലുവിളികളെ നിയന്ത്രിക്കാന്‍ സഹായിക്കും. നല്ല ഭക്ഷണം, വ്യായാമം, ആവശ്യത്തിന്‌ ഉറക്കം എന്നിവ വഴി ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതും കൂവേഡ്‌ സിന്‍ഡ്രോം ലക്ഷണങ്ങളെ ലഘൂകരിക്കാൻ സാധിക്കും. പ്രസവത്തിനു മുമ്പുള്ള ക്ലാസുകളിൽ പങ്കെടുക്കുന്നതും സഹായകമാകും. കുഞ്ഞിന്റെ ജനനത്തിനു ശേഷം പലരിലും ലക്ഷണങ്ങൾ കുറയാറുണ്ട്. പക്ഷേ, വ്യക്തിഗത അനുഭവങ്ങൾ വ്യത്യാസപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *