സൈനികരുടെ അസാധാരണമായ വീര്യത്തിന്റെയും ധൈര്യത്തിന്റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമാകുന്നു കാർഗിൽ വിജയ് ദിവസ്…’ രാഷ്ട്രപതി എക്സിൽ എഴുതി
ന്യൂഡൽഹി: 1999ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രം. ധീരസൈനികരുടെ ത്യാഗം ഇന്ത്യൻ സായുധസേനയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ കാലാതീതമായ ഓർമപ്പെടുത്തലാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പറഞ്ഞു.
“കാർഗിൽ വിജയ് ദിവസത്തിൽ, മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. നമ്മുടെ സൈനികരുടെ അസാധാരണമായ വീര്യത്തിന്റെയും ധൈര്യത്തിന്റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമായി ഈ ദിവസം നിലകൊള്ളുന്നു…’ രാഷ്ട്രപതി എക്സിൽ എഴുതി. രാഷ്ട്രത്തിനുവേണ്ടിയുള്ള അവരുടെ സമർപ്പണവും ത്യാഗവും ഓരോ പൗരനും പ്രചോദനം നൽകുമെന്നും രാഷ്ട്രപതി പറഞ്ഞു.
“കാർഗിൽ വിജയ് ദിവസിൽ, ഏറ്റവും ദുഷ്കരമായ ഭൂപ്രദേശങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ ബഹുമാനം സംരക്ഷിക്കുന്നതിൽ അസാധാരണമായ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു…’ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു. അവരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
വീരമൃത്യുവരിച്ച വീരന്മാരുടെ ധൈര്യം ഭാവി തലമുറകൾക്ക് പ്രചോദനമാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. “അവരുടെ അചഞ്ചലമായ ധൈര്യവും ശൗര്യവും തലമുറകളെ പ്രചോദിപ്പിക്കും…’ ഖാർഗെ എക്സിൽ എഴുതി.
1999ൽ ലഡാക്കിലെ വടക്കൻ കാർഗിൽ പർവതനിരകളിൽനിന്ന് പാക്കിസ്ഥാൻ സൈന്യത്തെ തുരത്തി ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ജൂലൈ 26ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ആദരിക്കുന്നതിനായാണ് ആഘോഷം. രാജ്യതലസ്ഥാനമായ ന്യൂഡൽഹി ഉൾപ്പെടെ ഇന്ത്യയിലുടനീളം ഈ ദിനം ആഘോഷിക്കുന്നു. ഇന്ത്യൻ സായുധസേനയുടെ സംഭാവനകളെ അനുസ്മരിക്കുന്നതിനായി രാജ്യമെമ്പാടും വിവിധ പരിപാടികൾ നടക്കുന്നുണ്ട്.