കുപ്രസിദ്ധ ‘ഒറ്റക്കയ്യന്‍’, എന്തിനും പോന്ന കരുത്ത്; ആരാണ് ഗോവിന്ദച്ചാമി?

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചാവിഷയം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലില്‍ നിന്ന് എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തുകടന്നത്?

കഴിഞ്ഞ ഒരു മാസത്തോളമായി ജയില്‍ചാട്ടത്തിനുള്ള തയ്യാറെടുപ്പുകള്‍ ഗോവിന്ദച്ചാമി നടത്തിവരുന്നതായാണ് പൊലീസ് പറയുന്നത്. ചില ദിവസങ്ങളില്‍ കഴിച്ചിരുന്നത് ഒരു ചപ്പാത്തി മാത്രമാണ്. ശരീരഭാരം കുറച്ച് ജയില്‍ചാട്ടം സുഖമമാക്കുകയായിരുന്നു ലക്ഷ്യം. സെല്ലിലെ ഇരുമ്പഴി കട്ടര്‍ ഉപയോഗിച്ച് മുറിച്ച് തന്റെ ചെറിയ ശരീരം അതിലൂടെ പുറത്ത് കടത്താമെന്ന് ഗോവിന്ദച്ചാമി കരുതി. അതിനായാണ് ഭക്ഷണം ഒഴിവാക്കി ശരീരം ക്ഷീണിപ്പിച്ചത്. സെല്ലില്‍ നിന്ന് പുറത്തുകടന്ന ശേഷം ജയിലിന്റെ പിന്‍വശത്തുള്ള കൂറ്റന്‍ മതില്‍ മറികടന്നാണ് പുറത്തെത്തിയത്. ഒന്നോ അതിലധികം പേരുടെയോ സഹായം ഇല്ലാതെ ഈ മതില്‍ കടക്കുക എളുപ്പമല്ലെന്ന് പൊലീസ് ഉറപ്പിച്ചുപറയുന്നു. സഹതടവുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

ആരാണ് ഗോവിന്ദച്ചാമി?

തമിഴ്നാട് വിരുധാചലം സ്വദേശിയാണ് ഗോവിന്ദചാമി. 2011 ഫെബ്രുവരി ഒന്നിനാണ് ഗോവിന്ദചാമി ജയില്‍വാസം അനുഭവിക്കുന്ന കേസിനു ആസ്പദമായ സംഭവം. കൊച്ചിയില്‍ നിന്ന് ഷൊര്‍ണ്ണൂര്‍ക്ക് പോകുകയായിരുന്ന 23 കാരിയെ വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ വെച്ച് ട്രെയിനില്‍ നിന്ന് തള്ളിയിടുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതാണ് കേസ്. ഈ പെണ്‍കുട്ടി കൊല്ലപ്പെടുകയും ചെയ്തു.

കൃത്യം നടക്കുന്ന സമയത്ത് റെയില്‍വെ എസ്.പിയായിരുന്ന എ.സി.തോമസിന്റെ നേതൃത്വത്തിലാണ് അന്ന് ഗോവിന്ദച്ചാമിയെ പിടികൂടിയത്. പ്രതി ഒറ്റക്കയ്യന്‍ ആണെന്നത് മാത്രമായിരുന്നു തുടക്കത്തില്‍ പൊലീസിനു ലഭിച്ച സൂചന. പാലക്കാട് ഒലവക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നാണ് പൊലീസ് ഗോവിന്ദച്ചാമിയെ പിടിച്ചത്. കോയമ്പത്തൂര്‍ക്ക് കടക്കുകയായിരുന്നു ലക്ഷ്യം. കോയമ്പത്തൂര്‍ക്ക് കടന്നിരുന്നെങ്കില്‍ ആ കേസില്‍ ഗോവിന്ദച്ചാമിയെ പിടിക്കുക പ്രായസകരമായിരുന്നേനെ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

കുപ്രസിദ്ധ ‘ഒറ്റക്കൈ’

ഒറ്റക്കയ്യന്‍ ആണെങ്കിലും ഗോവിന്ദച്ചാമി നല്ല ആരോഗ്യവാനാണെന്ന് പൊലീസ് അന്നേ പറഞ്ഞിരുന്നു. പൂര്‍ണ ആരോഗ്യവതിയായ യുവതിയെ ആണ് ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടതും ക്രൂരമായി ബലാത്സംഗം ചെയ്തതും. മുന്‍പും പല കേസുകളിലും പ്രതിയാണ് ഇയാള്‍. മോഷണം, ബലാത്സംഗം തുടങ്ങി ഒട്ടേറെ കേസുകളില്‍ പൊലീസ് അന്വേഷിച്ചിരുന്ന പ്രതി.

വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു

പീഡന-കൊലപാതക കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയാണ് ഗോവിന്ദച്ചാമി. എന്നാല്‍ പിന്നീട് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി. കൊലക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിക്കാതെ പോയതാണ് വധശിക്ഷ ഒഴിവാക്കാന്‍ കാരണം. ‘ഒറ്റക്കൈ’ ആനുകൂല്യവും സുപ്രീം കോടതിയില്‍ പ്രതിക്കു ലഭിച്ചു. മാരകമായി മുറിവേല്‍പ്പിച്ചതിനു ഏഴുകൊല്ലം, ബലാത്സംഗത്തിനു ജീവപര്യന്തം എന്നിവയായിരുന്നു സുപ്രീം കോടതി വിധിച്ച ശിക്ഷ. ഇവ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *