ഇന്ത്യ-യുകെ വ്യാപാര കരാറിനു അംഗീകാരമായതോടെ ഇരു രാജ്യങ്ങളുടെയും വ്യാപാര മേഖലയില്‍ വലിയ നേട്ടങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. ഇന്ത്യയുടെ കയറ്റുമതിയിലും യുകെയുടെ ഇറക്കുമതിയിലും വലിയ മാറ്റങ്ങളാണ് ഈ കരാര്‍ ഉണ്ടാക്കാന്‍ പോകുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ് സ്റ്റാര്‍മറും വ്യാപാര കരാറില്‍ ഇന്ന് ഒപ്പ് വെച്ചു. മോദിയുടെ യുകെ സന്ദര്‍ശനത്തിനിടെയാണ് ഇരു രാജ്യങ്ങളും കാത്തിരുന്ന കരാര്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. ഒരു വര്‍ഷത്തിനകം കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ സുഗന്ധവ്യഞ്ജനങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാനും പൂജ്യമാക്കാനും വഴിയൊരുങ്ങും. നേരത്തെ 12 ശതമാനം ആയിരുന്നു ഇറക്കുമതി തീരുവ. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിലൂടെ പ്രതിവര്‍ഷം ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം 34 ബില്യണ്‍ ഡോളര്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും.
യുകെയിലേക്കുള്ള 99 ശതമാനം ഇന്ത്യന്‍ കയറ്റുമതികളുടെയും തീരുവ പൂജ്യത്തിലേക്ക് എത്തിക്കാന്‍ ഈ വ്യാപാര കരാര്‍ സഹായിക്കും. തുണിത്തരങ്ങള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, തുകല്‍ വസ്തുക്കള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയുടെയെല്ലാം തീരുവ പൂജ്യമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചെമ്മീന്‍ അടക്കമുള്ള സമുദ്ര ഉത്പന്നങ്ങള്‍ക്കു 20 ശതമാനം വരെയായിരുന്നു യുകെ ഈടാക്കിയിരുന്ന തീരുവ. ഇതും പൂജ്യമായി കുറയും. ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും തീരുവ കുറയും.
അതേസമയം ഈ വ്യാപാര കരാര്‍ കൊണ്ട് യുകെയ്ക്കും പ്രയോജനമുണ്ട്. യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വിസ്കി, കാറുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ തീരുവ കുറയും. യുകെ ഉത്പന്നങ്ങള്‍ക്കു ഇന്ത്യ ഈടാക്കിയിരുന്ന ശരാശരി തീരുവ 15 ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനത്തിലേക്ക് കുറയും. സ്കോച്ച് വിസ്കിക്ക് 75 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 40 ശതമാനത്തിലേക്ക് എത്തും.
യുകെയുമായുള്ള വ്യാപാര കരാറിനെ ചരിത്രപരമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ‘ ചരിത്രപരമായ ദിവസം, ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമാണിത്,’ മോദി പ്രതികരിച്ചു. കരാര്‍ പ്രകാരം തന്ത്രപ്രധാനമല്ലാത്ത സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ ബ്രിട്ടീഷ് കമ്പനികള്‍ക്കും ഇന്ത്യ അനുമതി നല്‍കും. പരമാവധി 200 കോടി രൂപയായിരിക്കും ഇതിന്റെ പരിധി.









