ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു.
വൻ ജനാവലിയാണ് തങ്ങളുടെ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ വഴിയോരങ്ങളിൽ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കി.
പലയിടങ്ങളിലും കനത്ത മഴയെപ്പോലും അവഗണിച്ചാണ് വി എസ്സിനെ കാണാൻ ജനക്കൂട്ടം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്ത് മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ആയിരങ്ങളെ കടന്നെത്താൻ മണിക്കൂറുകളെടുത്തു. വി എസ്സിന്റെ വിലാപയാത്ര അമ്പലപ്പുഴ കടന്ന് വളഞ്ഞവഴിയിൽ എത്തിച്ചേർന്നു. ഇനി ഏകദേശം അഞ്ചു കിലോമീറ്ററുകൾ കൂടിയുണ്ട്. എന്നാൽ തെരുവീഥികളിൽ വി എസ്സിനെ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം ആൾക്കൂട്ടം തടിച്ചു കൂടിയിരിക്കുകയാണ്. അതിനാൽ പുന്നപ്രയിൽ സമയമെടുക്കും.
മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം.









