തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ (101) അന്തരിച്ചു.
എസ് യു ടി ആശുപത്രിയില്‍ വെന്റിലേറ്ററിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിനെ ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23 ന് എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന വി എസ്സിന്റെ ആരോഗ്യനില തിങ്കളാഴ്ച ഉച്ചയോടെ ഗുരുതരമായി. 3 .20 ഓട് കൂടി മരണം സംഭവിക്കുകയായിരുന്നു.
സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഇന്ന് വി എസ്സിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
ആരോഗ്യ പ്രശ്നങ്ങൾ മൂലം തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ അരുൺ കുമാറിന്റ വസതിയിൽ വിശ്രമത്തിലായിരുന്നു വി.എസ്.
കെ. വസുമതിയാണ് ഭാര്യ. വി.വി. ആശ, മകൻ വി.എ. അരുൺ കുമാർ എന്നിവർ മക്കളാണ്.
രാഷ്ട്രീയ നാൾവഴികൾ
ആലപ്പുഴയിലെ ആസ്പിൻവാൾ കയർ ഫാക്ടറി തൊഴിലാളിയിൽ നിന്നാണ് കേരള മുഖ്യമന്ത്രി പദത്തിലേക്കുള്ള വിഎസിന്റെ യാത്രയുടെ ആവേശകരമായ തുടക്കം.
ഏഴ് തവണ അദ്ദേഹം സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷ നേതാവായി. രണ്ട് പതിറ്റാണ്ടിലേറെയായി, അദ്ദേഹം സി പി എം പോളിറ്റ് ബ്യൂറോ അംഗമായും മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു.
1923 ഒക്ടോബർ 20 ന് ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച അച്യുതാനന്ദന് നാല് വയസ്സുള്ളപ്പോൾ അമ്മയും 11 വയസ്സുള്ളപ്പോൾ അച്ഛനും നഷ്ടപ്പെട്ടു. ഏഴാം ക്ലാസ് പൂർത്തിയാക്കിയ ശേഷം സഹോദരന്റെ തയ്യൽക്കടയിൽ ജോലി ചെയ്യാൻ തുടങ്ങി. പിന്നീട്, ആലപ്പുഴയിലെ കയർ ഫാക്ടറിയിൽ ജോലി ചെയ്തു. അവിടെ തൊഴിലാളികളെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു. സംഘാടന വൈദഗ്ധ്യവും പോരാട്ടവീര്യവും അദ്ദേഹത്തെ ഇടതുപക്ഷ നേതാക്കൾക്കും തൊഴിലാളികൾക്കും വി എസിനെ പ്രിയങ്കരനാക്കി. 1940 ൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ (സിപിഐ) ചേർന്നു. 1946 ൽ പുന്നപ്ര-വയലാർ പ്രക്ഷോഭത്തിന് നേതൃത്വം നൽകി.
പതിനേഴാം വയസ്സിൽ വി എസ്സിനെ പാർട്ടി അംഗത്വത്തിൽ കൊണ്ടുവന്നത് ഇതിഹാസ വിപ്ലവകാരി സഖാവ് പി. കൃഷ്ണപിള്ളയാണ്.
1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഐ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയ 32 നേതാക്കളിൽ ഒരാളായിരുന്നു വി.എസ്. സി പി ഐ എം രൂപീകരിക്കുന്നതിൽ മുന്നണി പേരാളിയായി.
ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിച്ച വി എസ്, വെല്ലുവിളി നിറഞ്ഞ നിരവധി സാഹചര്യങ്ങളിൽ ഇടപെട്ടുകൊണ്ട് രാഷ്ട്രീയത്തിന്റെ പാഠങ്ങൾ പഠിച്ചു. 1946 ഒക്ടോബറിൽ പുന്നപ്ര-വയലാർ കമ്മ്യൂണിസ്റ്റ് പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടു. യൗവനകാലത്ത് ക്രൂരമായ അക്രമത്തിന് ഇരയായി.
1980 മുതൽ 1992 വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്നു അച്യുതാനന്ദൻ. 1985 ൽ പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
സമൂഹത്തിൽ മാത്രമല്ല പാർട്ടിക്കുള്ളിലുള്ളിലെ തെറ്റുകളോടും നിശബ്ദനായിരിക്കാൻ വി എസിന് കഴിഞ്ഞിരുന്നില്ല. പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിക്കാനുള്ള ധൈര്യം അദ്ദേഹം പ്രകടിപ്പിച്ചു, നേതൃത്വം അംഗീകരിക്കാൻ മടിക്കുന്ന പ്രചാരണങ്ങളിൽ പോലും സജീവമായി പങ്കെടുത്തു. വിഎസും പിണറായിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം പാർട്ടിക്കുള്ളിൽ ഒരു നീണ്ട കാലഘട്ടത്തെ അസ്വസ്ഥതയിലേക്ക് നയിച്ചു.
……………..
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും പത്ത് മാസം മുൻപ് നടന്ന പുന്നപ്ര വയലാര്‍ സമരത്തിന്റെ നേതൃനിരയില്‍ സധൈര്യം നിലയുറപ്പിച്ച ധീര വിപ്ലവകാരിയാണ് വി.എസ് അച്യുതാനന്ദന്. പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിത്തറയില്‍ ചവിട്ടിനിന്ന് പുതു തലമുറയ്ക്ക് രാഷ്ട്രീയ അറിവുകളും വിപ്ലവ ആവേശവും പകര്‍ന്ന് നല്കാൻ വി.എസ് എന്ന പോരാളിക്ക് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്.
അഴിമതി, ഭൂമികയ്യേറ്റം തൊഴില്‍ പ്രശ്നം, പരിസ്ഥിതി ,സ്ത്രീപീഢനങ്ങള്‍ തുടങ്ങി ജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന സകല പ്രശ്നങ്ങളിലും ഇടപെട്ടാണ് തന്റെ രാക്ഷ്ട്രീയം വ്യക്തമാക്കിയത്. 2009 ൽ, അച്ചടക്കമില്ലായ്മയുടെ വാളോങ്ങി വി എസിനെ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തു. പിന്നീട് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
രാഷ്ട്രീയ ജീവിതത്തിൽ, 1965 നും 2016 നും ഇടയിൽ 10 തവണ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച അച്യുതാനന്ദൻ ഏഴ് തവണ വിജയിച്ചു. 1998 ൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നതിന് പിണറായി വിജയനെ പിന്തുണച്ചെങ്കിലും 2000 ൽ ഇരുവരും തമ്മിൽ പിരിഞ്ഞു. ജനങ്ങളെ സംബന്ധിച്ച വിഷയങ്ങളിൽ പാർട്ടി നിർദ്ദേശങ്ങൾക്കെതിരെ അച്യുതാനന്ദൻ ധീരമായ നിലപാടുകൾ സ്വീകരിച്ചപ്പോൾ, പാർട്ടിക്കുള്ളിലെ വിള്ളലുകൾ വർദ്ധിച്ചു. ഇത് വി എസ് – പിണറായി സംഘർഷത്തിലേക്ക് നയിച്ചു.
കേരളത്തിന്റെ കൂട്ടായ ജനാധിപത്യ ബോധത്തിൽ വി.എസിന് പകരം വയ്ക്കാനാവാത്ത സ്ഥാനമുണ്ട്. രാജ്യത്തെ ‘ഇടത് രാഷ്ട്രീയ’ത്തിന്റെ ഏറ്റവും പ്രമുഖ പ്രതീകങ്ങളിൽ ഒരാളായി അദ്ദേഹം എക്കാലവും നിലനിൽക്കും.









