തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 നാളെ മടങ്ങും. ഹൈഡ്രോളിക് സംവിധാനത്തിന്റെ പിഴവുകളും, ഓക്സിലറി പവർ യൂണിറ്റിന്റെ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ചു. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ യുദ്ധവിമാനത്തെ ഇന്ന് ഹാങ്ങറിൽ നിന്ന് പുറത്തിറക്കും.
ബ്രിട്ടനിൽ നിന്ന് എത്തിയ വിദഗ്ധസംഘമാണ് വിമാനത്തിന്റെ തകരാറുകൾ പരിഹരിച്ചത്. 14 അംഗ വിദഗ്ധസംഘവും ഉടൻ തിരുവനന്തപുരത്തുനിന്ന് തിരികെ പോകും. കഴിഞ്ഞ ജൂൺ 14നാണ് F-35 അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. തിരുവനന്തപുരത്ത് ഇറക്കിയ ജൂൺ 14 മുതൽ വിമാനത്താവളം ഉപയോഗിച്ചത്തിനുള്ള വാടക വിമാനത്തവള നടത്തിപ്പുകാരായ അദാനി കമ്പനിക്ക് ബ്രിട്ടീഷ് സേന നൽകണം. അറ്റകുറ്റപണിക്കായി ഹാങ്ങറിലേക്ക് മാറ്റിയതിന്റെ വാടക എയർ ഇന്ത്യയ്ക്ക് നൽകണം. കേന്ദ്രസർക്കാർ ഇടപെടൽ ഉണ്ടായാൽ വാടക കുറയ്ക്കും.
അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ബ്രിട്ടീഷ് നാവികസേനയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍ നിന്നും പറന്നുയര്‍ന്ന എഫ്-35 ഇന്ധനക്കുറവുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 14-ന് രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. പിന്നീട് തകരാറുകൾ കണ്ടതോടെ മടക്കം പ്രതിസന്ധിയിലായി. പിന്നാലെയാണ് ബ്രിട്ടണിൽ നിന്ന് വിദഗ്ധസംഘം എത്തിയത്. പൂര്‍ണമായും രഹസ്യാത്മക സ്വഭാവത്തിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണി. 110 മില്യണ്‍ ഡോളറിലധികം വിലവരുന്ന ഈ ജെറ്റ് ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളില്‍ ഒന്നാണ്.









