ആലുവ :ആലുവയില്‍ ലോഡ്ജില്‍ മുറിയെടുത്ത യുവതി കൊല്ലപ്പെട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ.പ്രതി സുഹൃത്തുക്കള്‍ക്ക് വീഡിയോ കോള്‍ ചെയ്ത് സംഭവം കാണിച്ചിരുന്നു.കൊല്ലം കുണ്ടറ സ്വദേശിനി അഖില (35) ആണ് കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശി ബിനുവിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിനുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കഴുത്തില്‍ ഷാള്‍ കുരുക്കിയാണ് കൊല നടത്തിയത്. തുടര്‍ന്ന് ഇയാള്‍ സുഹൃത്തുക്കളെ വീഡിയോ കോള്‍ വിളിച്ച് ദൃശ്യം കാണിക്കുകയായിരുന്നു.അഖില വാഴക്കുളത്ത് ഹോസ്റ്റൽ വാർഡനാണ്.ബിനു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറാണ്.
തുടർന്ന് സുഹൃത്തുക്കളാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. ഇന്നലെ വൈകുന്നേരം ബിനുവായിരുന്നു മുറിയെടുത്തത്. കുറച്ചു സമയത്തിന് ശേഷം അഖില മുറിയിലെത്തുകയായിരുന്നു എന്ന് ജീവനക്കാർ അറിയിച്ചു.ഇരുവരും ഇവിടെ സ്ഥിരം മുറിയെടുക്കുന്നവരാണ്. തന്നെ വിവാഹം ചെയ്യണമെന്ന് അഖില ബിനുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ബിനു നിരസിച്ചു. പിന്നീടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.പ്രതി ബിനു അമിത മദ്യലഹരിയിലായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരുന്നു.









