മിഥുന്റെ കുടുംബത്തിന് 3 ലക്ഷം രൂപ പ്രാഥമിക സഹായം;വീട് നിർമിച്ച് നൽകും : മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: കൊല്ലം തേവലക്കര സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മിഥുന്റെ കുടുംബത്തിന് 3 ലക്ഷം രൂപ പ്രാഥമിക സഹായം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു .സ്കൗട്ട് & ഗൈഡ്സ് വീട് നിർമിച്ച് നൽകുമെന്നും മിഥുൻ്റെ മരണം രാഷ്ട്രീയവൽക്കരിക്കരുതെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്തിൻ്റെ വീഴ്ച്ചയെ കുറിച്ച് അന്വേഷിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് അലംഭാവം ഉണ്ടായതായി വ്യക്തമാണ്.മൂന്ന് തലത്തിൽ അന്വേഷണം നടക്കുന്നുണ്ടു.വിദ്യാഭ്യാസ വകുപ്പിൻ്റെ റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞു.ഇനി വൈദ്യുത വകുപ്പിൻ്റെ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്.പോലീസ് അന്വേഷണ റിപ്പോർട്ടും ഉടൻ ലഭിക്കും.നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിച്ച് മാനേജ്‌മെന്റിന് നോട്ടീസ് നല്‍കും. പ്രധാനാധ്യാപികയെ അടിയന്തിരമായി സസ്‌പെന്റ് ചെയ്യണം. മാനേജ്‌മെന്റ് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് . ഇളയക്കുട്ടിക്ക് പ്ലസ്ടുവരെ പരീക്ഷാഫീസ് ഒഴിവാക്കും. കുടുംബത്തിന് അടിയന്തിര സഹായമെന്ന നിലയില്‍ മൂന്ന് ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി പറഞ്ഞു.സ്‌കൂളിന്റെ പിടിഎ പുനഃസംഘടിപ്പിക്കണം. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഇക്കാര്യത്തിലെ നിലപാട് അറിയിക്കാന്‍ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി.

സ്‌കൂളിലെ സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. തറയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവത്തിൽ സ്കൂളിനും കെഎസ്‍ഇബിയ്ക്കും പഞ്ചായത്തിനും ഒരുപോലെ ഉത്തരവാദിത്വം ഉണ്ട്.വളരെ കാലമായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും പരാതിപ്പെടുകയോ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ എടുക്കുകയോ ചെയ്തിരുന്നില്ല. ഏറ്റവും അപകടമായ രീതിയിൽ നിൽക്കുന്ന അപായ ലൈനിന് താഴെ സ്കൂൾ ഷെഡ് പണിയാൻ അനുമതി ലഭിച്ചതു എങ്ങനെ എന്നും അന്വേഷിക്കും. നിയമവിരുദ്ധമായാണ് ഷെഡിന്റെ നിർമാണം നടക്കുന്നത് .ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി.

സ്കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച മിഥുൻ്റെ സംസ്കാരം നാളെ വൈകിട്ട് നടക്കും. മൃതദേഹം രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനത്തിന് വെക്കും.

Leave a Reply

Your email address will not be published. Required fields are marked *