മദ്യ അഴിമതി കേസ് : ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയുടെ മകനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

ഛത്തീസ്ഗഢ് : മദ്യ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ബാഗേലിനെ വെള്ളിയാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ കോടിക്കണക്കിന് രൂപയുടെ മദ്യ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്.സംസ്ഥാനത്തെ മദ്യ സംഭരണ-വിതരണ സംവിധാനത്തിൽ വൻതോതിലുള്ള കള്ളപ്പണം വെളുപ്പിക്കലും കൈക്കൂലിയും നടന്നിട്ടുണ്ടെന്ന് ഇഡി ആരോപിച്ചു. ഈ കേസിൽ ഇതിനോടകം നിരവധി അറസ്റ്റുകൾ നടന്നിട്ടുണ്ട്.

ദുർഗ് ജില്ലയിലെ ഭിലായിലെ ബാഗേലിന്റെ വസതിയിൽ പുലർച്ചെ നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട പുതിയ സൂചനകൾ ഏജൻസി ശേഖരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് മണിക്കൂറുകൾക്കുള്ളിലാണ് അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് (പിഎംഎൽഎ) ഫെഡറൽ അന്വേഷണ ഏജൻസി കേസ് അന്വേഷിക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് അന്വേഷണം നേരിടുന്ന ചൈതന്യ ബാഗേലിനെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്നു എൻഫോഴ്‌സ്‌മെന്റ് ഏജൻസി വൃത്തങ്ങൾ പറഞ്ഞു.

മുൻ മുഖ്യമന്ത്രിയും മകനും ഒരുമിച്ചു താമസിക്കുന്ന ബാഗേലിന്റെ വീട് തുടർ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു. പ്രത്യേക കണ്ടെത്തലുകളെക്കുറിച്ച് ഉദ്യോഗസ്ഥർ കൂടുതൽ വെളുപ്പെടുത്തിയിട്ടില്ല. മാർച്ച് 10 ന് ഇഡി ഉദ്യോഗസ്ഥർ ചൈതന്യ ബാഗേലുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയപ്പോൾ എൻഫോഴ്‌സ്‌മെന്റ് നടപടികളും ബാഗേലിനെതിരെ ഉണ്ടായിരുന്നു.
റെയ്ഡ് നടക്കുന്ന സമയത്ത് കോൺഗ്രസ് പാർട്ടിയുടെ അനുയായികൾ വീടിന് പുറത്ത് തടിച്ചുകൂടി പ്രതിഷേധം നടത്തി.

2023 ഡിസംബർ വരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ബാഗേലിന്റെ പേര് ഇതുവരെ കേസിൽ ഉൾപ്പെടുത്തിയിട്ടില്ല, എന്നിരുന്നാലും അന്വേഷണ വിധേയരായ വ്യക്തികളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം അന്വേഷണത്തിന്റെ പരിധിയിൽ വരും.റായ്പൂരിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ചൈതന്യ ബാഗേലിനെ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *