കൊല്ലം: കൊല്ലം തേലവക്കര സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂളിനും കെഎസ്‍ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയെന്ന് ഡിജിഇ റിപ്പോർട്ട്. സംഭവത്തില്‍ ഡിജിഇ അന്തിമ റിപ്പോര്‍ട്ട് കൈമാറി.വർഷാവർഷം സ്കൂളുകൾ നേടിയെടുക്കുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് നൽകുന്നതെന്ന് അന്വേഷണം ആവശ്യമാണ്. ഇതേ സർട്ടിഫിക്കറ്റ് കൈവശമുള്ള സ്കൂളിൽനിന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുതകൾ പുറത്തുവരുന്നത്.
സ്കൂളിൽ യാതൊരുവിധ സുരക്ഷയും ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടിൽ കൃത്യമായ പറയുന്നുണ്ട്. ലൈൻ അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ ആയെന്നും പ്രധാനധ്യാപികയുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ഉറപ്പാക്കിയിട്ടില്ല.സ്കൂളിൽ നടക്കുന്ന അനധികൃത നിര്‍മ്മാണം തടയാൻ ഇതുവരെ സാധിച്ചിട്ടില്ല.
സംഭവത്തിൽ സ്കൂളിനും കെഎസ്‍ഇബിയ്ക്കും പഞ്ചായത്തിനും ഒരുപോലെ ഉത്തരവാദിത്വം ഉണ്ട്.വളരെ കാലമായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും പരാതിപ്പെടുകയോ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ എടുക്കുകയോ ചെയ്തിരുന്നില്ല. ഏറ്റവും അപകടമായ രീതിയിൽ നിൽക്കുന്ന അപായ ലൈനിന് താഴെ സ്കൂൾ ഷെഡ് പണിയാൻ അനുമതി ലഭിച്ചതു എങ്ങനെ എന്നും അന്വേഷിക്കും. നിയമവിരുദ്ധമായാണ് ഷെഡിന്റെ നിർമാണം നടക്കുന്നത് .ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി. പ്രധാന അധ്യാപകനെതിരെ നടപടി എടുക്കും.
കുട്ടിയുടെ അമ്മ സുജ നാട്ടിൽ എത്തുംവരെ മിഥുന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുർക്കിയിലുള്ള അമ്മ നാളെ രാവിലെ നാട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥിയുടെ മരണത്തിൽ സ്കൂൾ അധികൃതരുടെയും കെഎസ്ഇബിയുടെയും അടക്കം വീഴ്ച ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ ഇന്നും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്.സംസ്കാര ചടങ്ങുകൾ പിന്നീട് തീരുമാനിക്കും.
അതേസമയം വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഴുവൻ എയ്ഡഡ് മാനേജുമെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകും. കുട്ടികളുടെ ഭാഗത്ത് നിന്ന് മാത്രമേ സർക്കാരിന് ചിന്തിക്കാൻ കഴിയൂ.ഹെഡ് മാസ്റ്റർ, പ്രിൻസിപ്പാൾ, മാനേജ്മെൻ്റ് എന്നിവരെല്ലാം കുറ്റക്കാരാണ്. ആരും ന്യായീകരിച്ച് വരേണ്ടെന്നും പൊലിസ് അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബിയുടേയും വിദ്യാഭ്യാസവകുപ്പിൻ്റെയും വീഴ്ച പരിശോധിക്കുന്നുണ്ട്.മുഖ്യമന്ത്രി തന്നെ നേരിട്ട് യോഗം വിളിച്ച് കർശന നിർദ്ദേശം നൽകിയതാണ്. എന്നിട്ടും വീഴ്ചവരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകും.ഫിറ്റ്നസ് ലഭിച്ചത് ഉൾപ്പെടെ പരിശോധിക്കുമെന്നും ഒരു ജനകീയ സമിതിയാണ് സ്കൂൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ സ്കൂളിന് മുൻപിൽ ബിജെപി, യുവമോർച്ച പ്രവർത്തകർ പ്രതിഷേധം നടത്തി. മാനേജ്‌മെന്റിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്.
കൊല്ലം സ്കൂളിലെ സംഭവം നടന്നതിന് പിന്നാലെ പത്തനംതിട്ടയിൽ സ്കൂൾ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു എന്നും റിപ്പോർട്ട് ഉണ്ട്. പത്തനംതിട്ട കടമ്മനിട്ടയിലാണ് സംഭവം. കടമ്പനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിട ഭാഗങ്ങളാണ് തകർന്നത്. രണ്ട് വർഷമായി ഈ കെട്ടിടം ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രിയാണ് കെട്ടിട ഭാഗങ്ങൾ തകർന്നുവീണത്.
സ്കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച മിഥുൻ്റെ സംസ്കാരം നാളെ വൈകിട്ട് നടക്കും. മൃതദേഹം രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനത്തിന് വെക്കും.മിഥുന്റെ അമ്മ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിലെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
നിലവിൽ തുർക്കിയിലുള്ള സുജ തുർക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് തിരിക്കുമെന്നും രാത്രി 9:30ന് കുവൈത്തിൽ എത്തിയതിനു ശേഷം 19ന് പുലർച്ചെ 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. നാളെ രണ്ട് മണിയോടെ വീട്ടിൽ എത്തുമെന്നാണ് കരുതുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.