പ്രിയ ശ്രീനിവാസൻ
ന്യൂഡൽഹി: ഇലോൺ മസ്കിന്റെ കമ്പനിക്ക് ഇന്ത്യയിൽ എന്തൊക്കെ ചെയ്യാനാവും .അതും സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് ദാതാവായ സ്റ്റാർലിങ്കിന്. മസ്കിന്റെ ഉപഗ്രഹ ഇന്റര്നെറ്റ് സേവനങ്ങൾ തുടങ്ങാൻ രാജ്യത്തെ ബഹിരാകാശ ഏജൻസിയായ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓഥറൈസേഷൻ സെന്റർ (ഇൻ-സ്പേസ്) അനുമതി നൽകിയത് മുതൽ ആളുകൾ അന്വേഷിക്കുന്നത് ഒരേയൊരു കാര്യമാണ്.ഏറ്റവും കുറഞ്ഞ താരീഫ് എത്ര ആയിരിക്കും.എന്ത്തന്നെ ആയാലും അത് ആഗോളതലത്തിൽ ഏറ്റവും താങ്ങാനാവുന്ന സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ഓഫറുകളിൽ ഒന്നായി മാറാൻ സാധ്യതയുണ്ട്.
ബഹിരാകാശ ഏജൻസിയിൽനിന്നുള്ള അംഗീകാരമായിരുന്നു കമ്പനിയ്ക്ക് ഇന്ത്യൻ വിപണിയിലേക്കു കടക്കുന്നതിനുള്ള അവസാനത്തെ കടമ്പ. അനുമതി ലഭിച്ച തീയതി മുതൽ അഞ്ചു വർഷത്തേക്കോ അല്ലെങ്കിൽ ജെൻ 1 ഉപഗ്രഹ ശൃംഖലയുടെ പ്രവർത്തന കാലാവധി അവസാനിക്കുന്നതു വരെയോ (ഏതാണോ ആദ്യം അവസാനിക്കുന്നത്) ആയിരിക്കും ഇപ്പോൾ ലഭിച്ചിരിക്കുന്ന അനുമതിയുടെ കാലാവധി.
മസ്കിന്റെ സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് ദാതാവായ സ്റ്റാർലിങ്ക്, 2022 മുതൽ ഇന്ത്യയിൽ വാണിജ്യ ലൈസൻസുകൾ നേടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു .കഴിഞ്ഞ മാസം ടെലികമ്യൂണിക്കേഷൻ വകുപ്പിൽനിന്ന് പെർമിറ്റ് നേടിയെങ്കിലും, ബഹിരാകാശ വകുപ്പിൽ നിന്നുള്ള പച്ചക്കൊടിക്കായി കാത്തിരിക്കുകയായിരുന്നു.
സ്റ്റാർലിങ്കിന്റെ പരിധിയില്ലാത്ത ഡാറ്റ പ്ലാനുകൾ 850 രൂപ മുതൽ ആരംഭിക്കും എന്നാണ് പ്രാഥമിക വിവരം. പ്രതിമാസം 10 രൂപ മുതൽ കുറഞ്ഞ പ്ലാനുകളും പ്രത്യേക പീരിഡുകളിലേക്കായി നൽകാനും പദ്ധതിയുണ്ട്. തങ്ങൾ ആദ്യ ഘട്ടത്തിൽ 10 ദശലക്ഷം വരിക്കാരെ ആണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റാർലിങ്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. നഗരപരിധിയിലെ അധിക ഫീസുകളും ഉയർന്ന പ്രവർത്തന ചെലവുകളും മറികടന്നു വേണം കമ്പനിക്കു ലക്ഷ്യത്തിലെത്താൻ.
തുടക്കത്തിലെ ഓഫറുകളുടെ ഭാഗമായി പരിധിയില്ലാത്ത ഡാറ്റ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .കുറഞ്ഞ ചെലവിലുള്ള പ്ലാനുകൾ അവതരിപ്പിച്ചാൽ മാത്രമേ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഗണ്യമായ ഒരു ഉപയോക്തൃ അടിത്തറ വേഗത്തിൽ കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളു.
എന്നാൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നഗര ഉപയോക്താക്കൾക്ക് അധിക ലെവികൾ ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. പരമ്പരാഗത വയർഡ്, വയർലെസ് ഇന്റർനെറ്റ് സേവനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സാറ്റലൈറ്റ് ബ്രോഡ്ബാൻഡിന്റെ മൊത്തത്തിലുള്ള ചെലവ് വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ, നഗര ഉപഭോക്താവിന് പ്രതിമാസം 500 രൂപ സർചാർജ് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നിർദ്ദിഷ്ട നഗര ഫീസിന് പുറമേ , സ്റ്റാർലിങ്കും മറ്റ് ഉപഗ്രഹ ആശയവിനിമയ ദാതാക്കളും അവരുടെ മൊത്ത വരുമാനത്തിന്റെ (AGR) നാല് ശതമാനം പേയ്മെന്റിനും, ഒരു ബ്ലോക്കിന് 3,500 രൂപ വാർഷിക സ്പെക്ട്രം ചാർജിനും, വാണിജ്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള എട്ട് ശതമാനം ലൈസൻസ് ഫീസിനും നൽകേണ്ടി വരും. ഉയർന്ന പ്രവർത്തനച്ചെലവ് ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, പ്രാരംഭ താരീഫ് ഏറ്റവും കുറയ്ക്കാൻ തന്നെയാണ് സ്റ്റാർലിങ്കിന്റെ തീരുമാനം. മികച്ച ഇന്റർനെറ്റ് ലഭ്യത ഒരു വെല്ലുവിളിയായി തുടരുന്ന ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളിലും , സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലും, വിശാലമായ വിപണി സാധ്യതകൾ സ്വന്തമാക്കുക എന്നതാണ് ആത്യന്തികമായ കമ്പനിയുടെ ലക്ഷ്യം.
സ്റ്റാർലിങ്കിന്റെ ബ്രോഡ്ബാൻഡ് സേവനങ്ങൾ ഇന്ത്യൻ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനായി ജിയോയും സ്പേസ് എക്സും തമ്മിൽ അടുത്തിടെ കരാർ ഒപ്പു വെച്ചിരുന്നു . മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയുടെ എതിരാളിയായ ഭാരതി എയർടെലും എലോൺ മസ്കിന്റെ സാറ്റ്കോം കമ്പനിയുമായി മറ്റൊരു കരാറിൽ ഒപ്പുവച്ചിരുന്നു എന്നതും ഒരു സ്ട്രാറ്റജിയുടെ ഭാഗമായി വേണം കാണാൻ.
ജിയോ സ്റ്റാർലിങ്ക് ഉപകരണങ്ങൾ വിൽക്കുക മാത്രമല്ല, ഇൻസ്റ്റലേഷനും ആക്ടിവേഷനും പിന്തുണയ്ക്കുന്നതിനായി സമ്പൂർണ ഉപഭോക്തൃ സേവന സംവിധാനം സ്ഥാപിക്കുകയും ചെയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്.ജിയോയും സ്പേസ് എക്സും ഒന്നിക്കുന്നതിലൂടെ ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥ കൂടുതൽ മെച്ചപ്പെടും എന്നാണ് നിഗമനം.
ആഗോളതലത്തിൽ, സ്റ്റാർലിങ്കിന്റെ സേവനങ്ങൾ ഗണ്യമായി കൂടുതൽ ചെലവേറിയതാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, റെസിഡൻഷ്യൽ ലൈറ്റ് പ്ലാനിന് പ്രതിമാസം ഏകദേശം 6,800 രൂപ ചിലവാകും, കൂടാതെ പരിധിയില്ലാത്ത ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു. ഉപഭോക്താക്കൾ 29,700 രൂപ ഒറ്റത്തവണ ഫീസായി നൽകി സ്റ്റാർലിങ്ക് സ്റ്റാൻഡേർഡ് കിറ്റ് വാങ്ങേണ്ടതുണ്ട്. പതിവായി യാത്ര ചെയ്യുന്ന ഉപയോക്താക്കൾക്കായി 50GB ഡാറ്റയ്ക്ക് 4,200 രൂപ മുതൽ ആരംഭിക്കുന്ന റോം പ്ലാനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട് . കൂടാതെ സ്റ്റാർലിങ്ക് മിനി കിറ്റിന് 25,400 രൂപ അധിക ചാർജും ഈടാക്കുന്നു. വികസ്വര രാജ്യമായ ഇന്ത്യയിലേക്ക് എത്തുമ്പോൾ എലോൺ മാസ്കിന്റെ കമ്പനി എന്ത് മാജിക് ആണ് കാണിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആളുകൾ.
