കോടിപതിയാകാൻ ലോട്ടറി അടിക്കേണ്ട; വെറും 50 രൂപ നിക്ഷേപിക്കൂ

കോടിപതിയാകാൻ ലോട്ടറി അടിക്കാൻ കാത്തിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ, ഇനി അധികം വൈകിക്കേണ്ട. ഒരു ലോട്ടറി ടിക്കറ്റിന് മുടക്കുന്ന 50 രൂപ നിക്ഷേപിച്ച് നിങ്ങൾക്കും കോടീശ്വരനോ കോടീശ്വരിയോ ആകാൻ സാധിക്കും. ഇതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ അഥവ എസ്ഐപി. വളരെ ചെറിയൊരു തുക സ്ഥിരമായി നിക്ഷേപിച്ച് വലിയൊരു സമ്പാദ്യം നേടിയെടുക്കാൻ എസ്ഐപി സഹായിക്കും.

ഭാവി ജീവിതം സുരക്ഷിതമാക്കാൻ എത്ര നേരത്തെ നിക്ഷേപിക്കുന്നുവോ അത്രയും കൂടുതൽ സമ്പാദ്യം നേടിയെടുക്കാൻ സാധിക്കും. എസ്ഐപി എപ്പോഴും നേരത്തെ തുടങ്ങുന്നതാണ് നല്ലത്. മ്യൂച്വൽ ഫണ്ടിലെ എസ്ഐപി നിക്ഷേപം സമ്പത്ത് സൃഷ്ടിക്കാനുള്ള മികച്ചൊരു മാർ​ഗമാണ്. അപകട സാധ്യത ഉള്ളതിനോടൊപ്പം മികച്ച റിട്ടേണും ഇവ നൽകുന്നുണ്ട്.

എസ്ഐപി എന്നത് ഒരു നിക്ഷേപ രീതിയാണ്. പ്രതിവാരമോ പ്രതിമാസമോ എന്ന കണക്കിൽ നിർദിഷ്ട ഇടവേളകളില്‍ ഒരു നിശ്ചിത തുക വീതം നിശ്ചിത കാലയളവിലേക്ക് സമയ ബന്ധിതമായി ആവര്‍ത്തിച്ച് നിക്ഷേപിക്കുന്ന രീതിയാണിത്. നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുക, എസ്‌ഐപി തീയതി, മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ എന്നിവ നിക്ഷേപകന് തീരുമാനിക്കാം. എസ്ഐപിയിൽ പ്രതിദിനം 50 രൂപ മുതൽ, അതായത് പ്രതിമാസം 1,500 രൂപ നിക്ഷേപിക്കാൻ തുടങ്ങിയാൽ, കോമ്പൗണ്ടിംഗ് അഥവ കൂട്ടുപലിശ കാരണം 1 കോടിയിൽ കൂടുതൽ തുക സമാഹരിക്കാൻ കഴിയും.

50 രൂപ നിക്ഷേപിച്ച് 1 കോടി എങ്ങനെ നേടാം?

പ്രതിദിനം 50 നിക്ഷേപിക്കുകയാണെങ്കിൽ, 30 വർഷത്തിനുള്ളിൽ നിങ്ങളുടെ ആകെ നിക്ഷേപം 5.4 ലക്ഷം രൂപ ആയിരിക്കും. പ്രതിവർഷം ശരാശരി 12 ശതമാനം റിട്ടേൺസ് കണക്കാക്കിയാൽ, കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപം ഏകദേശം 1.05 കോടി രൂപയിലെത്തും. നിങ്ങൾ നേടുന്ന വരുമാനം വീണ്ടും നിക്ഷേപിക്കുകയും അധിക വരുമാനം ഉണ്ടാക്കാനും സാധിക്കും. സാമ്പത്തിക വിദഗ്ധർ എസ്ഐപി നേരത്തെ തുടങ്ങാൻ നിർദേശിക്കുന്നത്. കൂടുതൽ കാലം നിക്ഷേപം തുടരുമ്പോൾ കൂടുതൽ നേട്ടം കൊയ്യാൻ സാധിക്കും.

പ്രതിമാസം 1,500 രൂപയിൽ നിന്ന് പ്രതിവർഷം 10 ശതമാനം വർധിപ്പിക്കുകയാണെങ്കിൽ, നിങ്ങളുടെ സംഭാവന രണ്ടാം വർഷം 1,650 രൂപയും മൂന്നാം വർഷം 1,815 രൂപയുമായി ഉയരും. ഈ ചെറിയ വർധനവ് കാലാവധി പൂർത്തിയാക്കുമ്പോൾ കയ്യിൽ കിട്ടുന്ന തുക വർധിപ്പിക്കും. 10,20, 30 ശതമാനം എന്നിങ്ങനെയാണ് ഓരോ വര്‍ഷവും എസ്‌ഐപി തുക വര്‍ധിപ്പിക്കാവുന്നതാണ്. 10 ശതമാനം വർധിപ്പിച്ചാൽ സമ്പത്ത് കൂടുതൽ വേഗത്തിൽ വളർത്താം. ഇത് 30 വർഷത്തിനുള്ളിൽ തന്നെ 1 കോടി രൂപയിലെത്താൻ നിങ്ങളെ സഹായിക്കും.

എസ്ഐപിയിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് റിട്ടേണിന് ഗ്യാരണ്ടി നല്‍കാന്‍ സാധിക്കില്ല. വിപണി അധിഷ്ഠിതമായത് കൊണ്ട് എപ്പോള്‍ വേണമെങ്കിലും മാറ്റം സംഭവിക്കാം. ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷ ചിലപ്പോള്‍ നിരാശയ്ക്ക് കാരണമാകാം. ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷിച്ച് നിക്ഷേപിക്കുമ്പോള്‍ റിസ്‌കും ഉയര്‍ന്ന തലത്തിലായിരിക്കും. എങ്കിലും വര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ എസ്ഐപി വഴി ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അതുപോലെ, കൃത്യമായ സാമ്പത്തിക ലക്ഷ്യം ഇല്ലാതെ എസ്ഐപിയില്‍ നിക്ഷേപിക്കാന്‍ പാടില്ല. കൃത്യമായ സാമ്പത്തിക ലക്ഷ്യം ഉണ്ടെങ്കില്‍ മാത്രമേ അനുയോജ്യമായ എസ്ഐപി പ്ലാന്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ. ഒരെണ്ണത്തില്‍ തന്നെ നിക്ഷേപിക്കാതെ, പകരം നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക വിവിധ എസ്ഐപി സ്‌കീമുകളിലായി നിക്ഷേപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *