ക്ലാസിക് 24 ഉം നസ്ബന്ദിയും ഉദയ്പൂർ ഫയൽസും പറയുന്നത്;വെട്ടലല്ല, ആവശ്യം നിരോധനം

കാർത്തിക

സിനിമാ മേഖലയിലെ ഉള്ളടക്കത്തിലുള്ള നിയന്ത്രണവും സെർസർഷിപ്പും ഉൾപ്പെടെയുള്ള ചർച്ചകൾ മുൻപെങ്ങും ഇല്ലാത്തവിധം ചൂടുപിടിക്കുന്ന കാലമാണിത്. സിനിമാ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വാദഗതികൾ ഏറെ ശക്തമാണ്. കേസുകളിൽ പെട്ട് അനിശ്ചിതത്വത്തിലായി സിനിമകൾ നിരവധിയായണ്.

കേരളത്തിൽ നിന്നുള്ള വി ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി ലഭിച്ചത് ഏറെ നീണ്ട വ്യവഹാര നടപടിക്കൊടുവിലാണ്. ദേശീയതലത്തിലാണണെങ്കിൽ ഉദയ്പൂർ ഫയൽസ് ഉൾപ്പെടെയുള്ള ഒരു പിടി ചിത്രങ്ങൾ കോടതിയുടെ കനിവ് കാത്തിരിക്കുകയാണ്. പാക് താരം ഹാനിയ ആമിറിനെ കാസ്റ്റ് ചെയ്തതിന്റെ പേരിലാണ് സർദാർ ജി 3യ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത്. ജസ്വന്ത് സിങ് ഖൽറയുടെ ജീവിതം പരാമർശിക്കുന്ന ബയോപിക് പഞ്ചാബ് 95 ഉം കോടതിയുടെ കനിവ് തേടി കാത്തിരിക്കുകയാണ്.

ഏറ്റവും പുതിയതായി കുരുക്കിൽ പെട്ടത് ഉദയ്പൂർ ഫയൽസ് ആണ്. തയ്യൽക്കാരനായ കനയ്യ ലാലിന്റെ കൊലപാതകത്തെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് ഇത്. കഴിഞ്ഞ ദിവസം ദില്ലി കോടതിയാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. ജമയ്യത്തുൽ ഉലുമ അൽ ഹിന്ദ് എന്ന സംഘടനയാണ് ചിത്രത്തിന്റെ പ്രദർശനം തടയണം എന്ന ആവശ്യവുമായ് ആദ്യം കോടതിയെ സമീപിച്ചത്. പിന്നാലെ കേസിലെ എട്ടാം സാക്ഷിയായ അബ്ദുള്ളയും കോടതിയെ സമീപിച്ചു. ചിത്രം യഥാർഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലായതിനാൽ ഇത് പുറത്തുവന്നാൽ കേസിനെ പ്രതികൂലമായി ബാധിക്കും എന്നായിരുന്നു ഇയാളുടെ വാദം.

ഉദയ്പൂർ ഫയൽസിന്റെ കാര്യത്തിൽ സി ബി എഫ് സി ഉടൻ തന്നെ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് സുപ്രീം കോടതി. ആവശ്യമെങ്കിൽ ചിത്രത്തിന്റെ നിർമാതാക്കൾക്കും സംവിധായകനും സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിട്ടു. ചിത്രം സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. ദില്ലി ഹൈക്കോടതിയുടെ സ്റ്റേക്കെതിരെ നിർമാതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

മുസ്ലിം സമൂഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ് ഉദയ്പൂർ ഫയൽസ് എന്നതാണ് പ്രധാനമായും പരാതിക്കാർ ഉന്നയിക്കുന്ന ആരോപണം. ന്യൂനപക്ഷ മതവിഭാഗത്തിൽ നിന്നുള്ള ഒരാൾ സ്വർവഗ ലൈംഗികതയിൽ ഏർപ്പെടുന്ന ഭാഗം ചിത്രത്തിലുണ്ട്. പ്രവാചകൻ മുഹമ്മദ് നബിയേയും മോശമായി ചിത്രീകരിക്കുന്നുണ്ടെന്നും മുതിർന്ന അഭിഭാഷകൻ കൂടിയായ കപിൽ സിബൽ കോടതിയിൽ വ്യക്തമാക്കി. 2022 ൽ രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യ ലാൽ എന്നയാളെ മുഹമ്മദ് റിയാസ് അട്ടാരി ഗൌസ് മുഹമ്മദ് എന്നിവർ കൊലപ്പെടുത്തിയതാണ് ചിത്രത്തിന്റെ ആധാരം.. വിജയ് റാസാണ് കനയ്യ ലാലായി വേഷമിടുന്നത്.

ഉദയ്പൂർ ഫയൽസ് പോലുള്ള സിനമകൾ രാജ്യത്തിന്റെ അഖണ്ഡതയെയും അന്തസത്തയേയും നശിപ്പിക്കുമെന്നാണ് ഹരജിക്കാരുടെ വാദം. സിനിമ പൂർമായും വിദ്വേഷത്തിൽ അധിഷ്ഠിതമാണെന്നും പ്രദർശനം രാജ്യത്തിന്റെ പൊതു സമാധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.

സമീപകാലത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതിന് ശേഷമുള്ള സിനിമകളാണിത്. പക്ഷേ ഓ ടി ടി പ്ലാറ്റ്ഫോമുകൾ സജീവമായ ഇക്കാലത്ത് സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് വലിയ പ്രയാസമില്ലാത്ത കാര്യങ്ങളാണ്. നേരത്തെ വിവാദങ്ങളിൽ പെട്ടതും വിലക്കിയതുമായി ചില ചിത്രങ്ങൾ ഈയടുത്ത കാലത്ത് ഓ ടി ടിയിൽ സ്ട്രീമിങ് തുടങ്ങി. ഫയർ, ബ്ലാക്ക് ഫ്രൈഡേ, പർസാനിയ, വാട്ടർ, ആംഗ്രി ഇന്ത്യൻ ഗോഡസസ് എന്നിവ തിയറ്ററിൽ വിലക്കിയിട്ടും ഓ ടി ടി വഴി ജനങ്ങളിലേക്ക് എത്തിയ ചിത്രങ്ങളാണ്.

നേരത്തെ അടിയന്താരവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട വിവാദങളായിരുന്നു ചർച്ച ചെയ്യപ്പെട്ട കേസുകൾ. ഗുൽസാറിന്രെ ക്ലാസിക് 24 ഉം മഹ്മൂദ് ബഷീറിന്റെ ആന്ധി- ഇൻസൈറ്റ്സ് ഇൻ ദി ഫിലിം എന്നിവയും ഇന്ദിരയുടെ പേരുകൊണ്ടും രൂപസാദൃശ്യം കൊണ്ടും വിവാദമായതാണ്. അമൃത് നഹ്തയുടെ കിസ്സ കുർസി കാ എന്ന സിനിമയുടെ പ്രിന്റുൾപ്പെടെ നശിപ്പിച്ചത് ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയായിരുന്നു. ഈ പ്രതിഷേധം പിൽക്കാലത്ത് സഞ്ജയ് ഗാന്ധിയെ ജയിലിലാക്കി. ഐ എസ് ജോഹറിന്റെ നസ്ബന്ദിയായിരുന്നു നിരോധിക്കപ്പെട്ട മറ്റൊരു സിനിമ. മധുർ ഭണ്ഡാർക്കറുടെ ഇന്ദു സർക്കാറിന്റെ സെൻസർ ഭീഷണി വരുന്നത് അടിയന്തരാവസ്ഥയ്ക്ക് പിന്നാലെയാണ്. അന്ന് സെൻസർ ബോർഡ് ചിത്രത്തിന് നിർദേശിച്ചത് 14 കട്ടുകളാണ്.

ദീപ മേത്തയുടെ മിഡ്നൈറ്റ് ചിൽഡ്രനും വിവാദ സിനിമകളുടെ പട്ടികയിൽ ഇടം പിടിച്ചതാണ്. സൽമാൻ റുഷ്ദിയുടെ നോവലിന് അധികരിച്ച് ചിത്രീകരിച്ച ഈ സിനിമയിൽ വിവാദമായത് ഒരു വോയ്സ് ഓവർ ഭാഗമായിരുന്നു. പത്മാവദ്, ജോധാ അക്ബർ, കശ്മീർ ഫയൽസ്, അന്നപൂരണി, ഉട്താ പഞ്ചാബ്, ഹൈദർ, ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്ക, കേരള സ്റ്റോറീസ്, പഠാൻ ആ പട്ടിക അങ്ങനെ നീളുകയാണ്. ഓരോ കാലത്ത് ഓരോ ഘടകങ്ങളാണ് ചിത്രങ്ങളെ പ്രതികൂലമായി ബാധിച്ചത്. രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകൾ നിരവധിയാണ്.

എന്നാൽ മതവികാരത്തിന്റെ പേരിൽ പ്രതിക്കൂട്ടിലാകുന്ന സിനിമകൾ മുന്നോട്ട് വെക്കുന്നത് അത്ര നല്ല സന്ദേശമല്ല. രാഷ്ട്രീയത്തിന്റെ പേരിലുള്ള എതിർപ്പുകളെ രാഷ്ട്രീയമായും ഒപ്പും നിയമപരമായും നേരിടുമ്പോൾ അതിൽ മെറിറ്റുണ്ട്. പക്ഷേ നാനാത്വത്തിൽ ഏകത്വം എന്ന പേരിൽ ലോകത്തിന് മുന്നിൽ നിവർന്നു നിൽക്കുന്ന ലിഖിത ഭരണഘടനയുള്ള ഒരു രാജ്യത്ത് സഹോദര്യത്തിൽ കഴിയേണ്ട സ്ഥലത്ത് ഒരു മതവിഭാഗത്തിനെ ലക്ഷ്യം വെച്ച് അതിക്രമരൂപത്തിൽ വലിയ പ്രശ്നക്കാരാണെന്ന് ധ്വനിപ്പിക്കുന്ന തരത്തിൽ നിരന്തരം കലാസൃഷ്ടികളുണ്ടാകുന്നത് ചെറിയ കാര്യമല്ല. അതിനേക്കാൾ അപകടമാണ് രാഷ്ട്രീയവും മതവും ഒരു കുടക്കീഴിൽ നിന്ന് മതസ്പർധ വളർത്തുന്നതും. ഒരു പ്രത്യേക രാഷ്ട്രീയ ചായ്വിലുള്ളതല്ലാത്തവയെ എല്ലാ വെട്ടിയൊതുക്കും എന്ന നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *