ഉത്തരം കിട്ടാത്ത ചോദ്യമായി പീറ്റർ ഫെൽക്കനോ കൊലപാതകം; തെളിവുകളില്ലാതിരുന്നിട്ടും ബ്രാഡ് ലി മർഡോക്ക് കുറ്റക്കാരനായതെങ്ങനെ?

കാർത്തിക

മെൽബൺ :മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തെ കുറിച്ച് വാർത്തകൾ വന്നത് ഈയിടെയാണ്. അടുത്തിടെ വിവാഹിതരായ ദമ്പതികൾ നടത്തിയ യാത്രക്കിടെ ഭർത്താവിനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ഭാര്യ. അന്വേഷണം വഴിതിരിച്ചുവിടാനായി കൈകാലുകൾ കെട്ടിയിട്ട നിലയിൽ തെരച്ചിൽ സംഘത്തിന് പിടികൊടുക്കുന്നു. എല്ലാവരുടേയും മുന്നിൽ വികാരാധീനയായി നിന്ന അവരെ സംശയിച്ച പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ പുറത്തുവന്ന കഥകേട്ട് രാജ്യം ഞെട്ടി.

ഇതേ രീതിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ വേറെയും സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട്ചെയ്തു. ദിവസങ്ങൾക്ക് ശേഷം ഹൈദരാബാദിലും സമാന രീതിയിലുള്ള കൊലപാതകം റിപ്പോർട്ട് ചെയ്തു. വിവാഹത്തിന് മുൻപ് തന്നെ പ്രതിശ്രുതവരനെ വധു നൽകിയ ക്വട്ടേഷൻ സംഘം കൊലപ്പെടുത്തിയ വാർത്തയും നമ്മൾ കേട്ടു. സത്യത്തിൽ ഇത്തരം കൊലപാതകങ്ങളുടെ തലതൊട്ടപ്പൻ എന്ന് പറയാവുന്ന കൊലപാതകം നടന്നത് അങ്ങ് ആസ്ട്രേലിയയിലാണ്.

ആസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ മൂന്നാമത്തെ വലിയ പട്ടണമായ ആലീസ് സ്പ്രിങ്സിൽ വെച്ച് 2001 ൽ നടന്ന ഒരു കൊലപാതകം. പീറ്റർ ഫാൽക്കനിയോ എന്ന ഇംഗ്ലീഷ് ബാക്ക് ബാക്കറാണ് കൊലചെയ്യപ്പെട്ടത്. സുഹൃത്തായ ജോവാൻ ലീസിനൊപ്പം യാത്ര പുറപ്പെട്ട ഫാൽക്കനിയോയെ സ്റ്റുവർട്ട് ഹൈവേയിൽ വെച്ച് കാണാതായി എന്നായിരുന്നു ആദ്യം വന്ന വാർത്ത. ബ്രിട്ടീഷ് സഞ്ചാരിയെ കാണാതായി എന്ന വാർത്ത അന്ന് കാട്ടുതീ പോലെ പടർന്നു. അയാൾക്ക് എന്ത് പറ്റിയെന്ന് ലോകം മുഴുവൻ ചോദിച്ചു..

അതിനിടെ ഹൈവേയുടെ മറ്റൊരു ഭാഗത്ത് സഹയാത്രികയായ ജോവാൻ ലീസിനെ കൈകൾ ബന്ധിച്ച നിലയിൽ കണ്ടെത്തി. ഒരു ട്രക്ക് ഡ്രൈവറായിരുന്നു ഇവരെ കണ്ടെത്തിയത്. അവശനിലയിൽ കണ്ടെത്തിയ യുവതിയെ അയാൾ ബാരോസ് ക്രീക്കിലെത്തിച്ചു. പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തുമ്പോൾ ശാരീരികവും മാനസികവുമായ അവശയായ നിലയിലായിരുന്നു. ശാരീരിക നില ഭേദപ്പെട്ടതോടെ അവരിൽ നിന്ന് വിശദമായ വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചു.

പക്ഷേ അവർ പറയുന്ന കാര്യങ്ങളിൽ ചില പൊരുത്തക്കേടുകൾ തുടക്കം മുതലേ അന്വേഷണ ഉദ്യോഗസ്ഥർക്ക് തോന്നി. എന്നാൽ അതിനെ ഖണ്ഡിക്കാവുന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചില്ല. ജോവാൻ പറഞ്ഞ ഇങ്ങനെയായിരുന്നു.-

സിഡ്നിയിലെത്തിയ ജോവാനും പീറ്റർ ഫാൽക്കാനിയോയും ഒരു സെക്കന്റ് ഹാൻഡ് കാറ് വാങ്ങി വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു വരികയായിരുന്നു. പല സ്ഥലങ്ങളായി സന്ദർശിച്ചു വരുന്നതിനിടെ എതിരെ വന്ന ഒരു കാറിലെ ഡ്രൈവർ കൈ കൊണ്ട് എന്തോ അടയാളം കാണിച്ച് അവരുടെ കാർ നിർത്തി. ബോണറ്റിൽ നിന്ന് സ്പാർക്ക് ഉണ്ടെന്ന് പറഞ്ഞു. അവരും അവിടെ വണ്ടി. കാർ വിശദമായി പരിശോധിക്കാനായി ഫൽക്കാനിയൊ കാറിൽ നിന്ന് ഇറങ്ങി. ഈ സമയത്ത് ജോവാൻ കാറിന്റെ മുൻ സീറ്റിലായിരുന്നു. പരിശോധിക്കാനായി ബോണറ്റ് തുറന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരുവെടിയൊച്ച കേട്ടു. നേരത്തെ കാറിന് കൈകാണിച്ച അപരിചിതനാണ് വെടിയുതിർത്തതെന്ന് അവർ പൊലീസിനോട് പറഞ്ഞു.

കാറിന്റെ ബോണറ്റ് താഴ്താതെ അവർ ജോവാന്റെ അരികിലേക്ക് വന്നു. അവർക്ക് നേരെ തോക്കു ചൂണ്ടി കൈകൾ ബന്ധിച്ച് എതിർവശത്തുള്ള കാറിലേക്ക് കയറ്റി വാഹനം വേഗത്തിൽ ഓടിച്ചുപോയി. ഇടയ്ക്ക് വാഹനം നിർത്തിയപ്പോൾ അവർ വാഹനത്തിൽ നിന്ന് രക്ഷപ്പെട്ട് റോഡരികിലെ കുറ്റിക്കാട്ടിലൊളിച്ചു. ജോവാൻ രക്ഷപ്പെട്ടതറിഞ്ഞ കാർ യാത്രക്കാരൻ കുറേസമയം സമീപത്ത് പരിശോധിച്ച് മടങ്ങിപ്പോയി. സമയം രാത്രിയായിരുന്നതും അതുവഴി മറ്റ് വാഹനങ്ങൾ കടന്നുപോയതും അയാൾ ഉദ്യമം അവസാനിപ്പിച്ച് പോവാൻ കാരണമായി എന്നും അവർ പറഞ്ഞു. ഈ സമയത്ത് ഫെൽക്കനോയെ കുറിച്ച് അന്വേഷിച്ചില്ലേ എന്ന് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോഴും ജോവാനയക്ക് കൃത്യമായി ഉത്തരമല്ലായിരുന്നു.

ജോവാൻ പറഞ്ഞ സ്ഥലത്ത് കൊലപാതകം നടന്നതിന്റെയോ വെടിയുതിർത്തതിന്റെയോ തെളിവില്ലായിരുന്നു. മാത്രമല്ല മൃതദേഹം കണ്ടെത്താനുമായില്ല. കാറിൽ മൃതദേഹം ഉള്ളതായി ജൊവാൻ പറഞ്ഞിട്ടുമില്ല. ഇത് പൊലീസിന് സംശയം ജനിപ്പിച്ചു. മാത്രമല്ല രക്ഷ്പപെടുമ്പോൾ ജോവാന്റെ കൈ മുൻവശത്തേക്ക് കെട്ടിയിട്ടനിലയിലായിരുന്നു. ഒരിക്കലും ഒരു അക്രമി കൈകൾമുന്നിൽ കെട്ടില്ല എന്ന വസ്തു അന്വേഷണ സംഘത്തിന്റെ സംശയം ജോവാനിലേക്ക് തിരിയാൻ കാരണമായി. മാത്രമല്ല കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അവർ അമിത ദുഃഖം അഭിനയിച്ചതും വിനയായി.

ജോവാന്റെ വിശ്വാസ്യതയെ ചൊല്ലി ലോകമെങ്ങും അഭിപ്രായ ഭിന്നതയുയർന്നു. മാധ്യമങ്ങൾ നിലപാട് കടുപ്പിച്ചതോടെ അവർ പരസ്യ പ്രതികരണങ്ങൾ നിർത്തി. ഇതിനിടെ ഇവർ പൊലീസിനെ സ്വാധീനിച്ചു എന്നും വാർത്തകളുണ്ടായി. എന്തായാലും അതിന് ശേഷമാണ് ബ്രാഡ് ലി മർഡോക് എന്നയൊരാൾ പൊലീസ് വലയിലാകുന്നത്. ഇയാൾ മയക്കുമരുന്ന് കടത്തുന്നയാളായിരുന്നു. ഇയാൾ വളരെ പെട്ടന്ന് പീറ്റർ ഫെൽക്കാനോയുടെ കൊലപാതക കേസിന്റെ ഭാഗമായി. അതിന് കാരണമായി പറയുന്നത് ജൊവാൻ പറഞ്ഞ അക്രമിയുടെ കൈവശമുണ്ടെന്ന് പറയുന്ന തരത്തിലുള്ള ഒരു കാർ ഇയാളുടെ കൈവശമുണ്ട്. ഫെൽക്കാനോയെ കാണാതായ ദിവങ്ങളിൽ ഇയാൾ അതുവഴി സഞ്ചരിച്ചിട്ടുമുണ്ട്.

പക്ഷേ ജോവാൻ പറഞ്ഞ മറ്റൊരു കാര്യവും ഇയാളെ കേസുമായി ബന്ധിപ്പിക്കുന്നതായിരുന്നില്ല. കഞ്ചാവ് കടത്തിന് പലതവണ പിടിക്കപ്പെട്ടയാളാണ് എന്നത് ഇയാൾക്ക് പ്രതികൂലമായി പീറ്റർ ഫെൽക്കാനോ കേസിൽ സംശയിക്കുന്നു എന്നറിഞ്ഞതോടെ മർഡോക്ക് ഒളിവിൽ പോയി. ജോവാന്റെ ഷർട്ടിൽ നിന്ന് ഇയാളുടെ ഡി എൻ എ സാമ്പളിന്റെ ഭാഗം കണ്ടെത്തി. കാറിലെ കേബിൾ ടൈയിലും ഈ സാമ്പിളുണ്ടായിരുന്നു.

ഈ തെളിവുകളും ജോവാന്റെ മൊഴിയും മാത്രം തെളിവായി സ്വീകരിച്ച് മാർഡോക്കിനെ ശിക്ഷിച്ചു. 28 വർഷം കഠിന തടവിന്. പക്ഷേ താൻ ഈ കേസിൽ നിരപരാധിയാണെന്ന് മാർഡേക്ക് നിരന്തരം വാദിച്ചു. ഈ കേസ് പിന്നീട് പുസ്തകമായി, സിനിമയായി. അവരെല്ലാം മാർഡോക്കിനെ സമീപിച്ചപ്പോഴും താൻ ഈ കുറ്റം ചെയ്തിട്ടില്ല എന്ന മൊഴിയിൽ അയാൾ ഉറച്ചു നിന്നു.

2020 ൽ ഒരു ഓസ്ട്രേലിയൻ ക്രൈം പോഡ്കാസ്റ്റിൽ ഈ വാർത്ത ആദ്യ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനും പിന്നീട് ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനും എല്ലാം ജോവാന്റെ പങ്കിൽ സംശയം പ്രകടിപ്പിച്ചു. ജോവാൻ രക്ഷപ്പെട്ട രീതി ഇതുവരെ തെളിയിക്കാനായില്ല. മാർഡോക്കിന്റെ കാറിൽ നിന്ന് ഇതിനെ സാധൂകരിക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ല എന്നതും പീറ്ററുമായി ബന്ധപ്പെട്ട ഒരു തെളിവും മാർഡേക്കുമായി ചേരാതിരുന്നതും സംശയം കൂട്ടി.

കൊലപാതകം നടന്നു എന്ന് പറയുന്ന സ്ഥലത്ത് നിന്ന് പീറ്ററിന്റേയോ മർഡോക്കിന്റെയോ സാന്നിധ്യം തെളിയിക്കുന്ന തെളിവ് കിട്ടിയിട്ടില്ല. കാൽപാടുകളോ മറ്റ് അടയാളങ്ങളോ ഇല്ല. ട്രക്ക് ഡ്രൈവറുടെ മൊഴിയും മാർഡോക്കിന്റെ പങ്ക് വ്യക്തമാക്കിയില്ല.

കാലങ്ങൾക്ക് ശേഷവും മൃതദേഹം പോലും കണ്ടെത്താൻ കഴിയാത്തതും ശിക്ഷ കഴിഞ്ഞിട്ടും മർഡോക്ക് ഈ കേസിലെ പങ്ക് നിഷേധിക്കുന്നതും ദുരൂഹതയാണ്. മാത്രമല്ല ഒരിക്കലും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ജോവാന്റെയും പീറ്ററിന്റെും ഒരു സുഹൃത്ത് ഇൻഷൂറൻസ് തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ചതായി വെളിപ്പെടുത്തി. അവിടുത്തെ നിയമമനുസരിച്ച് മിസിങ് കേസിലും ഇൻഷുറൻസ് ലഭിക്കും.

ജോവാന്റെ അറിവോടെയാണ് ഫെർക്കാനോ അപ്രത്യക്ഷമായത് എന്ന് പിൽക്കാലത്തെ ഏറെ ക്കുറെ സ്ഥിരീകരിച്ചു. പക്ഷേ അത് പീറ്ററും അറിഞ്ഞു കൊണ്ടാണോ എന്നതിൽ മാത്രമേ വ്യക്തതക്കുറവുള്ളൂ.. എന്തായാലും ജോവാന് ഡിഡ്നിയിലെ ഒരു യുവാവുമായി ബന്ധമുണ്ടെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

എന്തായാലും കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ മർഡോക്ക് ഈ കൊലക്കേസിൽ നിരപരാധിയെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ മുൻപ് ചെയ്ത ലഹരിക്കടത്തും ഒരു അമ്മയേയും മകളേയും ഭീഷണിപ്പെടുത്തിയ കാര്യവും എല്ലാം അയാൾ സമ്മതിക്കുന്നു. അങ്ങനെയങ്കിൽ ജയിലിൽ കിടക്കുന്ന ഇയാൾ ഈ കേസിൽ മാത്രം സത്യം പറയാതിരിക്കാനുള്ള സാധ്യതയില്ലെന്നാണ് എല്ലാവരും വിലയിരുത്തുന്നത്.

തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസാന അവസരവും നഷ്ടമായതോടെ കാൻസർ ബാധിതനായ മാർഡോക്ക് വിധിയോട് പൊരുത്തപ്പെട്ടു. കഴിഞ്ഞ ദിവസം അയാൾ മരണത്തിന് കീഴടങ്ങി. പീറ്റർ ഫെൽക്കാനോ കേസിലൂടെയാണ് അയാൾ ലോകത്തിന് പരിചിതനായത്. മരണത്തിലും നിരപരാധി പരിവേഷം അവസാനിപ്പിച്ചാണ് അയാളുടെ മടക്കയാത്ര.

Leave a Reply

Your email address will not be published. Required fields are marked *