399 രൂപ എടുക്കാനുണ്ടോ? പോസ്റ്റ് ഓഫീസ് തരും 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് കവറേജ്

സാധാരണക്കാർക്ക് കുറഞ്ഞ പ്രീമിയത്തിൽ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ നൽകുകയെന്ന ഉദ്ദേശ്യത്തോടെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് ചില പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 899 രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്. 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണിത്. ഇതിനുപുറമേ, 399 രൂപയുടെയും 299 രൂപയുടെയും രണ്ടു പ്ലാനുകളും പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്

തപാൽ വകുപ്പിന്റെ ബാങ്കായ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് നിവ ബുപാ ഇൻഷുറൻസുമായി സഹകരിച്ചാണ് ഈ ഹെൽത്ത് ഇൻഷുറൻസ് വാഗ്‌ദാനം ചെയ്യുന്നത്. ഈ പോളിസിയിൽ നാലുതരം പ്ലാനുകളാണുള്ളത്. 899 രൂപയുടെ വ്യക്തിഗത പ്ലാനിൽ 15 ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. കുടുംബവുമായി ചേരുകയാണെങ്കിൽ നിരക്കിൽ ഇളവുകൾ ലഭിക്കും. രണ്ടു പേർക്കാണെങ്കിൽ 1,399 രൂപയും, രണ്ടു വ്യക്തികളും അവരുടെ ഒരു കുട്ടിക്കും കൂടിയാണെങ്കിൽ 1,799 രൂപയും, രണ്ടു വ്യക്തികളും രണ്ടു കുട്ടികളും ആണെങ്കിൽ 2,199 രൂപയുമാണ് പ്രീമിയമായി നൽകേണ്ടി വരിക. 

ആർക്കൊക്കെ ചേരാം?

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് പോളിസിയിൽ അംഗമാകാൻ സാധിക്കും. അത് ഇല്ലാത്തവര്‍ക്ക് തല്‍ക്ഷണം 200 രൂപ നല്‍കി അക്കൗണ്ട് തുറക്കാം. 18 വയസ് മുതൽ 60 വയസു വരെയാണ് ഈ പോളിസിയിൽ ചേരാനുള്ള പ്രായപരിധി. ജനിച്ച് 91 ദിവസം മുതലുള്ള കുട്ടികളെയും പദ്ധതിയിൽ ഉൾപ്പെടുത്താം. നിലവില്‍ മറ്റെന്തെങ്കിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായിട്ടുള്ളവര്‍ക്കും ഈ പദ്ധതിയില്‍ ചേരാം. നിലവിൽ ചില അസുഖങ്ങളുള്ളവർക്ക് പദ്ധതിയിൽ ചേരാൻ സാധിക്കില്ല. എന്നാൽ, ചില അസുഖങ്ങൾ പരിഗണിക്കുന്നുമുണ്ട്. 

പോളിസിയുടെ സവിശേഷതകൾ

പോളിസി കാലാവധി 1 വർഷമാണ്. പോളിസിയെടുത്ത് 30 ദിവസത്തിന് ശേഷം വരുന്ന മിക്കവാറും എല്ലാ അസുഖങ്ങൾക്കും ഇൻഷുറൻസ് കവറേജ് ലഭിക്കും. എന്നാൽ, ആദ്യ രണ്ടു വര്‍ഷം ഇൻഷുറൻസ് കിട്ടാത്ത ചുരുക്കം ചില അസുഖങ്ങളും ഉണ്ട്. കിടത്തി ചികിത്സിക്കുമ്പോള്‍ ആദ്യത്തെ 2 ലക്ഷം രൂപയ്ക്ക് ക്ലെയിം ലഭിക്കില്ല. എന്നാൽ, അതേ വര്‍ഷം 5 ലക്ഷം രൂപ വരെയുള്ള ക്ലെയിം ടൈ അപ്പ് ഉള്ള ഹോസ്പിറ്റുകളില്‍ ക്യാഷ്‌ലസ് ആയി ലഭിക്കും.

399 രൂപയുടെ ഇന്‍ഷുറന്‍സ്

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവർക്ക് വേണ്ടി കുറഞ്ഞ നിരക്കിൽ നൽകുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയാണിത്. 399 രൂപയാണ് ഇൻഷുറൻസ് പ്രീമിയം തുകയായി നൽകേണ്ടി വരിക. ഇതിനൊപ്പം 200 രൂപ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്ന് ഈ പോളിസിയിൽ ചേരാം.

399 രൂപയുടെ പ്ലാനിൽ 10 ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയായി ലഭിക്കുക. ഒരു അപകടത്തിൽ സ്ഥിരമായ, ഭാഗിക അംഗവൈകല്യം സംഭവിച്ചാലും പോളിസി ഉടമകള്‍ക്ക് 10 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിച്ചേക്കും. പക്ഷാഘാതം സംഭവിച്ചാലും ഇതേ തുക ലഭിക്കും. അപകടത്തിൽപ്പെട്ട് കിടത്തി ചികിത്സിക്കേണ്ടി വന്നാൽ  60,000 രൂപയും, ഒപി ചികിത്സയ്ക്ക് 30,000 രൂപയും ക്ലെയിം ചെയ്യാം. ആശുപത്രിവാസത്തിന് അലവന്‍സായി 10 ദിവസം വരെ പ്രതിദിനം 1000 രൂപ വരെ ലഭിക്കും.

അപകടത്തില്‍ മരണമടഞ്ഞ ആളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള ചെലവായി 5,000 രൂപ നല്‍കും. മൃതദേഹം കൊണ്ടുപോകുന്നതിനുള്ള വാഹന ചെലവായി 25,000 രൂപയും ലഭിക്കും. അപകടത്തില്‍ പെട്ട വ്യക്തി ചികിത്സയില്‍ കഴിയുന്ന സ്ഥലത്തേക്ക് കുടുംബാംഗങ്ങള്‍ക്ക് എത്താന്‍ യാത്രാ ചെലവ് ഇനത്തില്‍ 25,000 രൂപ വരെ നല്‍കും. അപകടമരണം സംഭവിച്ച വ്യക്തിയുടെ മക്കള്‍ക്ക് (രണ്ട് മക്കള്‍ വരെ) പരമാവധി ഒരു ലക്ഷം രൂപ വീതം വിദ്യാഭ്യാസ സഹായം ലഭിക്കും.

299 രൂപയുടെ പ്ലാൻ

299 രൂപ പ്ലാനിനും 399 രൂപയുടെ പ്ലാനിൽ ലഭിക്കുന്ന ചിലത് ഒഴികെ മറ്റു ആനുകൂല്യങ്ങള്‍ ലഭിക്കും. ഒരു അപകടത്തിൽ സ്ഥിരമായ, ഭാഗിക അംഗവൈകല്യം സംഭവിച്ചാലും പോളിസി ഉടമകള്‍ക്ക് 10 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിച്ചേക്കും. പക്ഷാഘാതം സംഭവിച്ചാലും ഇതേ തുക ലഭിക്കും. അപകടത്തിൽപ്പെട്ട് കിടത്തി ചികിത്സിക്കേണ്ടി വന്നാൽ  60,000 രൂപയും, ഒപി ചികിത്സയ്ക്ക് 30,000 രൂപയും ക്ലെയിം ചെയ്യാം. വിദ്യാഭ്യാസ ധന സഹായം, അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുമ്പോള്‍ 10 ദിവസം വരെ 100 രൂപ വീതം നല്‍കുക, കുടുംബാംഗങ്ങള്‍ക്കുള്ള യാത്രാ ചെലവ്, മരണാനന്തര ചടങ്ങിനുള്ള ധനസഹായം എന്നിവ ഈ പ്ലാനിൽ ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *