കൊൽക്കത്ത : ഐഐഎം കൊൽക്കത്ത ബലാത്സംഗ കേസിൽ തുടരന്വേഷണം വഴിമുട്ടിയ ഹരിദേവ്പൂർ പൊലീസ് പുതിയ ആശങ്കകൾക്ക് വഴിതെളിക്കുന്നു.ബലാത്സംഗത്തിനിരയായ പെൺകുട്ടി പരാതി നൽകി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതികളെ പിടികൂടുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ പിന്നീടങ്ങോട്ട് ഇരയായ പെൺകുട്ടിയുടെ നിസ്സഹരണം കേസിനെ വഴിമുട്ടിച്ചിരിക്കുകയാണ്. തന്റെ മകൾ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന പിതാവിന്റെ വാദം കേസിനു പുതിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്. താൻ പീഡിപ്പിക്കപ്പെട്ടു എന്ന് പെൺകുട്ടിയും ,മകൾ പീഡനത്തിന് ഇരയായിട്ടില്ല എന്ന് പിതാവും പറയുന്നിടത്തു കേസിന്റെ ഗതിമാറുകയാണ് .
ഇന്ത്യന്‍ സ്ത്രീകള്‍ വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടുവെന്ന് ചില കേസുകൾ മുൻനിർത്തി ഹൈക്കോടതിയുടെ അഭിപ്രായം നിലനിൽക്കെ ഐഐഎം കൊൽക്കത്ത ബലാത്സംഗ കേസിലെ മൊഴികളിലെ വൈരുദ്ധ്യത പരിശോധിക്കപ്പെടേണ്ടതുണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. ഒരു സൈക്കോളജിസ്റ്റാണെന്ന് അവകാശപ്പെട്ട് പുറത്തുനിന്നുള്ള യുവതി ഹോസ്റ്റലിൽ എത്തുകയായിരുന്നു. കർണാടകയിൽ നിന്നുള്ള ഒരു രണ്ടാം വർഷ വിദ്യാർത്ഥി ഐഐഎം കൊൽക്കത്ത ഹോസ്റ്റലിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തതായിട്ടാണ് യുവതി പരാതിപ്പെട്ടത്. പരാതി നൽകിയ അതേ രാത്രിയിൽ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ശനിയാഴ്ച അലിപൂർ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രതിയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ഹോസ്റ്റലിൽ നടന്നതായി ആരോപിക്കപ്പെടുന്ന ബലാത്സംഗക്കേസിന്റെ
പരാതിക്കാരി വൈദ്യപരിശോധനയ്ക്കും സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കൈമാറാനും വിസമ്മതിക്കുകയാണ് എന്നാണ് പോലീസിന്റെ പുതിയ വെളിപ്പെടുത്തൽ . ലൈംഗികാതിക്രമ കേസുകളിൽ ഫോറൻസിക് സ്ഥിരീകരണത്തിന് ഇവ രണ്ടും അത്യാവശ്യമാണ് .
പ്രതികൾ കൗൺസിലിംഗിനായി ഹോസ്റ്റലിലേക്ക് ക്ഷണിച്ചതായും ഹോസ്റ്റൽ സന്ദർശക രജിസ്റ്ററിൽ ഒപ്പിടാൻ ആവശ്യപ്പെട്ടില്ലെന്നും പരാതിക്കാരി പരാതിയിൽ പറയുന്നു.തനിക്കു നൽകിയ പിസ്സയും ശീതളപാനീയവും മയക്കമരുന്ന് കലർത്തിയിതാവാമെന്നു സംശയിക്കുന്നതായും അവർ അവകാശപ്പെട്ടു. ബോധം നഷ്ടപ്പെട്ടതായും അത് വീണ്ടെടുത്തപ്പോൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസ്സിലായതായുമാണ് പരാതിയിൽ ആരോപിക്കുന്നത് .
എന്നാൽ യുവതിയുടെ അച്ഛന്റെ വെളിപ്പെടുത്തലിൽ ആണ് കേസിന്റെ ഗതിമാറുന്നത്. ഒരു ബലാത്സംഗവും നടന്നിട്ടില്ല. പോലീസിന് സമർപ്പിച്ച രേഖാമൂലമുള്ള പരാതി തന്റെ മകൾ തയ്യാറാക്കിയതല്ലെന്നും അവളെ നിർബന്ധിച്ച് ഒപ്പിടാൻ നിർബന്ധിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു പ്രമുഖ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള “ഗൂഢാലോചന” എന്നാണ് അദ്ദേഹം കേസിനെ വിശേഷിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത മൊബൈൽ ഫോണിന്റെ പാസ്‌വേഡ് പങ്കിടാൻ യുവതി വിസമ്മതിച്ചതും അച്ഛന്റെ മൊഴിയും കൂട്ടിവായിക്കേണ്ടതുണ്ട്.പരസ്പരവിരുദ്ധമായ വിവരണങ്ങളും പ്രധാന ഫോറൻസിക്, ഡിജിറ്റൽ തെളിവുകളുടെ അഭാവവും അന്വേഷണ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്.
വെള്ളിയാഴ്ച രാത്രി 9:34 ന് യുവതി ഫോൺ വിളിച്ചു താൻ ഒരു ഓട്ടോയിൽ നിന്ന് വീണു ബോധം നഷ്ടപ്പെട്ടു എന്നും പോലീസ് എത്തി എസ്എസ്കെഎം ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചു എന്നും പറഞ്ഞു എന്ന് പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് മകൾ പിന്നീട് തന്നോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാനുസൃതമായി തെളിയിക്കപ്പെട്ട നിരവധി വ്യാജ ബലാത്സംഗ കേസുകൾ നമുക്ക് മുൻപിലുണ്ട്. കൂട്ടബലാത്സംഗ കുറ്റത്തിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷം, മധ്യപ്രദേശിലെ രത്‌ലാമിൽ നിന്നുള്ള ഒരാൾ സംസ്ഥാന സർക്കാരിൽ നിന്ന് 10,000 കോടിയിലധികം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു .തന്റെ കുടുംബത്തെ പട്ടിണിയുടെ വക്കിലെത്തിച്ചതിനാൽ തനിക്ക് ഉണ്ടായ “കഷ്ടപ്പാടും മാനസിക വേദനയും” ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹർജി നൽകിയത്.2022 ഒക്ടോബർ 20-ന് കാന്തിലാൽ ഭീൽ (35) ആണ് നഷ്ടപരിഹാര ആവശ്യവുമായി ജില്ല സെഷൻസ് കോടതിയെ സമീപിച്ചത്.മെയ് 31നു ബലാത്സംഗ കേസിൽ കുറ്റാരോപിതനായ ചലച്ചിത്ര സംവിധായകൻ സനോജ് കുമാർ മിശ്രയ്ക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ച വേളയിൽ ലൈംഗിക കുറ്റകൃത്യങ്ങളിലുള്ള വ്യാജ പരാതികൾ സമർപ്പിക്കുന്ന സമീപകാല പ്രവണതയാണ് കേസ് പ്രതിഫലിപ്പിക്കുന്നതെന്ന് പറയുകയുണ്ടായി .
ഇത്തരത്തിൽ ചിന്തിക്കുമ്പോൾ യുവതിയെ ആരാണ് കൗൺസിലിംഗിന് വിളിച്ചത് ? ലഹരിപാനീയം ഉള്ളിൽ ചെന്നതിനും പീഡനം നടന്നതിനും ഉള്ള ശാസ്ത്രീയ തെളിവുകൾ എന്താണ് ? ഹോസ്റ്റലിനുള്ളിൽ, പുറത്തു നിന്നും ഉള്ളവർക്ക് എപ്പോഴും പ്രവേശനം സാധ്യമാണോ ? ഓട്ടോറിക്ഷ അപകടം നടന്ന സ്ഥലത്തെ ദൃക്‌സാക്ഷി മൊഴികൾ കേസ് ഫയലിൽ ചേർത്തോ ? കണ്ണിചേരാത്ത നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇനി കിട്ടേണ്ടത്.
സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയിൽ നിരവധി വ്യാജ ബലാത്സംഗ കേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നതു. ഐ ഐ എം കൊൽക്കത്തയിൽ എന്താണ് സംഭവിച്ചത് എന്നതിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ് . വ്യാജപരാതികളുടെ ഒഴുക്ക് യഥാർത്ഥ പരാതികൾക്ക് നീതി ലഭ്യമാക്കുന്നതിൽ തടസ്സമാവാൻ പാടില്ല എന്നതും ഓർക്കേണ്ടതാണ്. പശ്ചിമ ബംഗാളിൽ ഇപ്പോൾ എല്ലാം രാഷ്ട്രീയമാണെന്നിരിക്കെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢാലോചന എന്ന പിതാവിന്റെ പ്രസ്താവനയിലെ രാഷ്ട്രീയവും ചർച്ചചെയ്യപ്പെടേണ്ടതാണ്.