കേരളത്തിൽ ബിജെപിയുടെ ഭാവി ഭദ്രമെന്നും സമീപകാലത്ത് തന്നെ ബി ജെ പി അധികാരത്തിലെത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് ബിജെപിയുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. ഭാരത് മാതാ കീ എന്ന മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്.
അമേരിക്കയിൽ ചികിത്സയ്ക്ക് പോയതാണെങ്കിലും ഇവിടെ കേരളത്തിൽ ബിജെപിയുടെ വലിയ സമ്മേളനം നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയണമെന്നും പറഞ്ഞ അമിത് ഷാ എൽഡിഎഫിനും യുഡിഎഫിനും അഴിമതിയുടെ ചരിത്രമാണുള്ളതെന്നും പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് സ്വർണ്ണക്കടത്ത്. യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ പിന്നിലല്ല. സോളാർ അടക്കമുള്ള ആരോപണങ്ങെൾ നിരത്തിയാണ് അമിത് ഷാ യുടെ പ്രസംഗം. നരേന്ദ്രമോദി സർക്കാരിനെതിരെ ഇതുവരെ ഒരു ആരോപണവുമില്ല. ബിജെപി ഇല്ലാതെ കേരളത്തിൽ വികസിത കേരളം സാധ്യമാകില്ല. വിഴിഞ്ഞം പദ്ധതി നരേന്ദ്രമോദിയുടെ നേട്ടമാണെന്ന് ആവർത്തിച്ച് പറഞ്ഞ അമിത് ഷാ കേരളത്തിൽ നടപ്പിലാക്കിയ കേന്ദ്ര പദ്ധതികളെ എണ്ണി എണ്ണിപ്പറഞ്ഞു.
കേരളത്തിൽ എൽഡിഎഫും യുഡിഎഫും മാറി അധികാരത്തിൽ വന്നിട്ട് കാര്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനത്തിലധികം വോട്ടുകൾ നേടണം. ഇന്ന് മുതൽ നവംബർ വരെയുള്ള സമയം ബിജെപിയുടെ വികസിത കേരള സ്വപ്നത്തിന് വേണ്ടി സമർപ്പിക്കാൻ തയ്യാറാണോയെന്ന ചോദ്യം അമിത് ഷാ അണികളോട് ഉന്നയിച്ചു. കേരളത്തിലെ ഓരോ ബൂത്തുകളിലും ബിജെപി വളരുകയാണ്. കേരളത്തിൽ വന്ദേ ഭാരത് ട്രെയിനുകൾ വന്നതും കേന്ദ്രസർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്. കേരളത്തിലെ റെയിൽവെ മേഖലയിൽ വൻ വികസനമാണുണ്ടായതെന്നും മോദി വികസിത കേരളം സാക്ഷാത്കരിക്കുമെന്നും അമിത് ഷാ പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സുരക്ഷിത രാജ്യമായി മാറിയെന്നും രാജ്യം വൈകാതെ നക്‌സലിസത്തിൽ നിന്നും മോചിതമാകുമെന്നും പറഞ്ഞാണ് അമിത് ഷാ പ്രസംഗം അവസാനിപ്പിച്ചത്.