കെ എസ് ആർ ടി സിയിൽ ‘സദാചാര’ നടപടിവനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ;ഡ്രൈവർക്കെതിരെ അച്ചടക്ക നടപടിയില്ല

തിരുവനന്തപുരം :കെ എസ് ആര്‍ ടി സിയില്‍ സദാചാരപ്രശ്നം ആരോപിച്ച് നടപടി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് ലഭിച്ച പരാതിയിലാണ് വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത്. അവിഹിതമുണ്ടെന്ന് ആരോപിച്ച് നൽകിയ പരാതിയില്‍ വനിതാ കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജീവനക്കാരിക്ക് അവിഹിതബന്ധമുണ്ടെന്ന് കെഎസ്ആര്‍ടിസി കണ്ടെത്തിയെന്നും ഡ്രൈവറുടെ ശ്രദ്ധ മാറ്റുന്ന വിധം സംസാരിച്ചുവെന്നും ഉത്തരവില്‍ പറയുന്നു

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി അടുപ്പക്കൂടുതലുണ്ടെന്ന് കാണിച്ച് ഡ്രൈവറുടെ ഭാര്യയാണ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് പരാതി നല്‍കിയത്. തുടര്‍ന്ന് ചീഫ് ഓഫീസ് വിജിലന്‍സിന്റെ ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തി നടപടിയെടുക്കുകയായിരുന്നു. മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍, ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും ഫോട്ടായായി എടുത്ത വാട്‌സ്ആപ്പ് ചാറ്റ് എന്നിവ സഹിതമാണ് യുവതി പരാതി നല്‍കിയത്.

അന്വേഷണത്തില്‍ കണ്ടക്ടര്‍ കൂടുതൽ സമയം ഡ്രൈവറുമായി സംസാരിക്കുന്നതും ഡ്രൈവറുടെ മൊബൈല്‍ വാങ്ങുകയും ബസിലുള്ള യാത്രക്കാരെ ശ്രദ്ധിക്കാതെ അവര്‍ക്ക് ഇറങ്ങേണ്ട സ്ഥലത്ത് യാത്രക്കാര്‍ തന്നെ സ്വയം ബെല്ലടിച്ച് ഇറങ്ങുന്നതും ശ്രദ്ധയിൽ പെട്ടുവെന്നും നടപടി ഉത്തരവില്‍ പറയുന്നു. കണ്ടക്ടറും ഡ്രൈവറും തമ്മില്‍ ആരോപിക്കപ്പെടുന്ന തരത്തിൽ ബന്ധമില്ലെന്ന് പറയുന്നുണ്ടെങ്കിലും രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായെന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തില്‍ കണ്ടക്ടര്‍ സംസാരിച്ചത് വീഴ്ചയാണെന്നും ഉത്തരവില്‍ പറയുന്നു.

ഡ്യൂട്ടി നിര്‍വഹിക്കുന്നതില്‍ കണ്ടക്ടര്‍ക്ക് വീഴ്ച സംഭവിച്ചെന്നും കോര്‍പ്പറേഷന് അവമതിപ്പുണ്ടാക്കിയെന്നും കണ്ടക്ടറുടേത് ഗുരുതര അച്ചടക്കലംഘനമാണെന്നും പെരുമാറ്റ ദൂഷ്യവും ചട്ടങ്ങളുടെ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു. എന്നാൽ ഡ്രൈവറും കണ്ടക്ടറും ഒരുപോലെ ആരോപണവിധേയരായെങ്കിലും വനിതാ ജീവനക്കാരിക്ക് നേരെയാണ് നടപടിയെടുത്തത് എന്നതും ശ്രദ്ധേയമാണ്. സർക്കാർ തലത്തിൽ നിന്ന് തന്നെ ഈ നടപടിക്കെതിരെ എതിർപ്പുയരുന്നുണ്ട്. ഇത്തരമൊരു ആരോപണത്തിന്റെ പേരിൽ നടപടിയെടുത്തതിനെ തന്നെ തെറ്റായി വ്യാഖ്യാനിക്കുവന്നവരുണ്ട്. അതിൽ തന്നെ പുരുഷനായ ഡ്രൈവർക്കെതിരെ നടപടിയില്ലാത്തതും ചർച്ചയായി. ആളുകളുടെ ജീവൻ വകവെക്കാതെ അശ്രദ്ധമായി വണ്ടിയോടിക്കാൻ കാരണമായി എന്ന പേരിൽ സ്ത്രീക്കെതിരെ നടപടിയെടുത്തപ്പോൾ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ നടപടിയില്ലെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *