ചങ്ങനാശ്ശേരി : കുറിച്ചിയിൽ ജില്ലാ പൊലീസിന്റെ വൻ കഞ്ചാവ് വേട്ട. നാലു കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ.ഒഡീഷയിൽ നിന്നും കണ്ടത്തിക്കൊണ്ട് വരുമ്പോഴാണ് കഞ്ചാവ് പിടിച്ചെടുത്തത് .കുറിച്ചി പൊൻപുഴ പൊക്കം റോഡരികിൽ നിന്നും നാലു കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികളെയാണ് കോട്ടയം ചിങ്ങവനം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ചേർന്ന് പിടികൂടിയത്.
ഇന്ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. പൊൻപുഴ പൊക്കത്തിലെ വ്യവസായ മേഖല കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്നു.
ഈ സമയത്താണ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ നാലു പേർ സ്ഥലത്ത് എത്തിയത്. തുടർന്ന് ഇവരെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവും കണ്ടെത്തുകയായിരുന്നു.പ്രദേശത്ത് പൊലീസ് പരിശോധന തുടരുകയാണ്.