മ്യാൻമർ : മധ്യ സഗായിംഗ് മേഖലയിലെ ഒരു ബുദ്ധവിഹാരത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഇരുപത്തിമൂന്ന് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട് . മരിച്ചവർ ബുദ്ധവിഹാരത്തിൽ അഭയം തേടിയെത്തിയവരെന്നാണ് പ്രാഥമിക വിവരം,.
പരിക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണ് . ഗ്രാമത്തിലെ ആശ്രമത്തിലെ ഒരു കെട്ടിടത്തിൽ പുലർച്ചെ ഒരു മണിയോടെ ഒരു ജെറ്റ് യുദ്ധവിമാനം ബോംബ് വർഷിച്ചതിനെ തുടർന്ന് നാല് കുട്ടികൾ ഉൾപ്പെടെ 23 സാധാരണക്കാർ കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ പ്രദേശത്ത് നടന്ന സംഘർഷത്തിൽ സമീപ ഗ്രാമങ്ങളിൽ നിന്നുള്ള 150 ലധികം ആളുകൾ ഈ ബുദ്ധവിഹാരത്തിൽ അഭയം തേടിയിരുന്നു.
മ്യാൻമറിലെ സ്വതന്ത്ര ഡെമോക്രാറ്റിക് വോയ്‌സ് ഓഫ് ബർമ്മ ഓൺലൈൻ മാധ്യമം മരണസംഖ്യ 30 വരെയാകാമെന്നാണ് റിപ്പോർട്ട് ചെയ്തത് . മരണസംഖ്യ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആശ്രമത്തിൽ നടന്ന സംഭവത്തെക്കുറിച്ച് സൈന്യം ഇതുവരെ പ്രതികരിച്ചില്ല.
2021 ഫെബ്രുവരിയിൽ തിരഞ്ഞെടുക്കപ്പെട്ട ഓങ് സാൻ സൂകി സർക്കാരിൽ നിന്ന് സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം മ്യാൻമർ പ്രക്ഷുബ്ധാവസ്ഥയിലാണ്, ഭരണമാറ്റം ആഭ്യന്തര യുദ്ധത്തിന് തുടക്കമിട്ടു. സമാധാനപരമായ പ്രകടനങ്ങളെ മാരകമായ ബലപ്രയോഗത്തിലൂടെ അടിച്ചമർത്തിയതോടെ സൈനിക ഭരണത്തെ എതിർക്കുന്ന പലരും ആയുധമെടുത്തു, രാജ്യത്തിന്റെ വലിയൊരു ഭാഗം ഇപ്പോൾ സംഘർഷത്തിൽ മുങ്ങിയിരിക്കുകയാണ്.
സായുധ പ്രതിരോധത്തിന്റെ ശക്തികേന്ദ്രമായ സാഗയിംഗ് മേഖലയിലെ സായുധ പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സ് ഉൾപ്പെടെയുള്ള പ്രതിപക്ഷ സേനകളെ നേരിടാൻ സൈന്യം വ്യോമാക്രമണങ്ങൾ കൂടുതലായി ഉപയോഗിച്ചുവരുന്നതായി റിപ്പോർട്ട് ഉണ്ട്.
ലിൻ ടാ ലുവിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് ടാങ്കുകളും വിവിധ വിമാനങ്ങളും ഉപയോഗിച്ച് നൂറുകണക്കിന് സൈനികർ നടത്തിയ ആക്രമണത്തിന് ആഴ്ചകൾക്ക് ശേഷമാണ് ഈ ആശ്രമ ആക്രമണം ഉണ്ടായിരിക്കുന്നത്.നിലവിൽ സമീപ ഗ്രാമങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ ലിൻ ടാ ലു ഉൾപ്പെടെയുള്ള മറ്റ് പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രതിരോധപ്പടയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സൈനിക ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷത്തിന്റെ നാഷണൽ യൂണിറ്റി ഗവൺമെന്റിന്റെ വക്താവ് നെയ് ഫോൺ ലാറ്റ്, എപിയോട് പറഞ്ഞു.