കോട്ടയം : മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിയുന്ന നവമിയെക്കാണാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എത്തി.മെഡിക്കൽ കോളേജ് അപകടത്തെ തുടർന്ന് മരണമടഞ്ഞ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മകളാണ് നവമി. ഇതോടൊപ്പം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയേയും സന്ദര്‍ശിച്ചു. ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തി. കുടുംബാംഗങ്ങളേയും കണ്ടു. നവമിക്കു 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്.
ചികിത്സയിൽ കഴിഞ്ഞിരുന്ന നവമിക്കൊപ്പം ആശുപത്രിയിൽ കഴിയവേ ആണ് ശുചിമുറി തകർന്നുണ്ടായ അപകടത്തിൽ ബിന്ദു മരണമടയുന്നത്. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും തുക നൽകുക. ഇതു കൂടാതെ ബിന്ദുവിന്റെ മകൻ നവനീതിന് ജോലി നൽകാനും മന്ത്രിസഭ തീരുമാനിച്ചു. നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് മന്ത്രിസഭാ യോഗം ശുപാർശ ചെയ്തു.