രാമനാഥപുരം: മലയാളി തടവുകാരൻ തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലാ ജയിലിൽ മരിച്ചു. രാമനാഥപുരം ജയിലിൽ തടവിലായിരുന്ന തിരുവനന്തപുരം സ്വദേശി ബിജു ആണ് മരിച്ചത്. 51കാരനായ ബിജുവിനെ മോഷണക്കേസിലാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാമനാഥപുരം സർക്കാർ ആശുപത്രിയിലെത്തിച്ചെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. രാമനാഥപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം പ്രതികരിക്കാമെന്നാണ് പൊലീസ് പറയുന്നത്. ബിജുവിന്റെ കേരളത്തിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചെന്നും പൊലീസ് അറിയിച്ചു.