ഗാസ : ഗാസയിലുടനീളം ഇസ്രായേൽ ബോംബാക്രമണം തുടരുന്നതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 74 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . അതേസമയം, ഇന്ധനക്ഷാമം മൂലം നവജാത ശിശുക്കളുടെയും ഡയാലിസിസ് രോഗികളുടെയും കൂട്ട മരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആശുപത്രികളിൽ നിന്നും റിപ്പോർട്ടുണ്ട്.
ഗാസയിലെ ഏറ്റവും വലിയ രണ്ട് മെഡിക്കൽ സൗകര്യങ്ങളായ അൽ-ഷിഫ, അൽ-നാസർ ആശുപത്രികളിൽ സ്ഥിതിഗതികൾ ദുരന്തമായി മാറിയിരിക്കുകയാണ് . അടിയന്തര സഹായത്തിനായി അവിടെ നിന്നും അഭ്യർത്ഥനകൾ വന്നു തുടങ്ങി. ഇന്ധനത്തിന്റെ അടിയന്തര വിതരണം ഉണ്ടായില്ലെങ്കിൽ , 100 നവജാതശിശുക്കൾക്കും 350 ഡയാലിസിസ് രോഗികൾക്കും ജീവൻ രക്ഷിക്കാനുള്ള ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് നിർത്തി വയ്ക്കേണ്ടി വരും എന്നാണ് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നത്.
ആശുപത്രികൾ, ഷെൽട്ടർ ഹോമുകൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവയുൾപ്പെടെയുള്ള സിവിലിയൻ മേഖലകളെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമ, പീരങ്കി ആക്രമണങ്ങൾ തുടരുകയാണ് . അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിച്ച് ഇസ്രായേൽ സൈന്യം കൂട്ട ശിക്ഷ നടപ്പാക്കുന്നുവെന്ന് മനുഷ്യാവകാശ നിരീക്ഷകർ ആരോപിച്ചു.
2023 ഒക്ടോബർ 8 ന് യുദ്ധം ആരംഭിച്ചതിനുശേഷം, ഗാസയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ 600 ലധികം ആക്രമണങ്ങൾ നടന്നതായി ലോകാരോഗ്യ സംഘടന (WHO) റിപ്പോർട്ട് ചെയ്യുന്നു. 36 ആശുപത്രികളിൽ 19 എണ്ണം മാത്രമേ ഭാഗികമായി പ്രവർത്തിക്കുന്നുള്ളൂ, എൻക്ലേവിന്റെ 94 ശതമാനത്തിലധികവും മെഡിക്കൽ സേവനങ്ങൾ നശിച്ചു. മരണപ്പെട്ടവരിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണെന്ന് ആണെന്ന് റിപ്പോർട്ട്.









