മുംബൈ: മോശം ഭക്ഷണം നൽകിയെന്ന് ആരോപിച്ച് കാന്റീൻ ജീവനക്കാരനെ മർദിച്ചതിനു പിന്നാലെ എംഎൽഎ ഹോസ്റ്റലിൽ ഭക്ഷണം വിതരണം ചെയ്യുന്ന അജന്ത കേറ്റേഴ്സിന്റെ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്വാദ് ആണ് കാന്റീൻ ജീവനക്കാരനെ മർദിച്ചത്. സംഭവം വിവാദമായിരുന്നു.
ബുധനാഴ്ചയാണ് സംഭവം നടന്നത്. മർദനത്തിനു പിന്നാലെ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പരിശോധനയ്ക്കായി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. തുടർന്നാണ് ലൈസൻസ് റദ്ദാക്കുകയും കാന്റീൻ അടച്ചുപൂട്ടുകയും ചെയ്തത്.
പരിശോധനയിൽ അടുക്കളയിലെ തറയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് കണ്ടെത്തി. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ശരിയായി വേർതിരിക്കുന്നില്ലെന്ന് നിരീക്ഷിക്കപ്പെട്ടു. തൊഴിലാളികൾക്ക് വസ്ത്രം മാറാൻ മുറി ഉണ്ടായിരുന്നില്ല. അടുക്കളയ്ക്ക് സമീപമാണ് വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നത്. തൊഴിലാളികൾ കൈയുറകളും യൂണിഫോമുകളും ഇല്ലാതെയാണ് ജോലി ചെയ്യുന്നതെന്നും റിപ്പോർട്ടിലുണ്ട്.