കൊച്ചി :എം ഡി എം എയുമായി പിടിയിലായ യൂട്യൂബർ റിന്‍സി തന്റെ മാനേജർ ആണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത വ്യാജമെന്നു ഉണ്ണി മുകുന്ദൻ . തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നു നടൻ ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രൊഫഷനൽ കാര്യങ്ങളും താൻ നേരിട്ടോ അല്ലെങ്കിൽ സ്വന്തം നിർമ്മാണ കമ്പനിയായ യുഎംഎഫ് വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
തന്നെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വ്യക്തികളോടും പ്ലാറ്റ്‌ഫോമുകളോടും മാറി നിൽക്കണമെന്ന് ശക്തമായി അഭ്യർഥിക്കുന്നു. അത്തരം തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുന്നതു കണ്ടാൽ അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ അറിയിച്ചു.
എംഡിഎംഎയുമായി യുട്യുബറായ റിൻസി, യാസിർ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 22.55 ഗ്രാം എംഎഡിഎംഎയാണ് പിടിച്ചെടുത്തു,കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്ളാറ്റിൽനിന്നാണ് ഇരുവരും പിടിയിലായത്. റിൻസിയും യാസിറും കോഴിക്കോട് സ്വദേശികളാണ്. ഇവർക്ക് എവിടെനിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.