തിരുവനന്തപുരം : ഭാരതാംബയുടെ സർക്കാർ ഗവർണർ പോര് ശക്തമായതിന് പിന്നാലെ ഇന്ന് വീണ്ടും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മന്ത്രി വി ശിവൻകുട്ടിയും കേരള സർവകലാശാല വി സി മോഹൻ കുന്നുമ്മലും ഒരുമിച്ച് ഒരേ വേദിയിൽ. ഏതാനും ദിവസങ്ങൾക്ക് മുൻപ് രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ചടങ്ങ് ബഹിഷ്കരിച്ച മന്ത്രി വി.ശിവൻകുട്ടിയും ഗവർണർ രാജേന്ദ്ര ആർലേക്കറും വീണ്ടും ഒരുമിച്ച ഒരേ വേദിയിൽ എത്തുന്നതും ഇന്നാണ്. ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പരിപാടിയിലാണ് ഇരുവരും പങ്കെടുക്കുന്നത്. ശിവൻകുട്ടി അധ്യക്ഷനായ പരിപാടിയിൽ ഗവർണർ ഉദ്ഘാടകനും വിസി മുഖ്യാതിഥിയുമാണ്. രാവിലെ 11നു മാസ്കറ്റ് ഹോട്ടലിലാണ് പരിപാടി.
നേരത്തെ സ്കൗട് ആൻഡ് ഗൈഡ്സ് പരിപാടിയുടെ വേദിയിൽ ഭാരതാംബ ചിത്രം വച്ചതിൽ പ്രതിഷേധിച്ചാണ് ശിവൻകുട്ടി ഗവർണർ പങ്കെടുത്ത പരിപാടിയിൽനിന്ന് ഇറങ്ങി പോയത്. രാജ്ഭവനിൽ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവർണർ നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും കാവിക്കൊടിയേന്തിയ വനിതയാണോ ഭരണഘടനയാണോ വലുതെന്നും ശിവൻകുട്ടി ചോദിച്ചിരുന്നു.
ഗവർണറുടെ അധികാരം എന്തൊക്കെയാണെന്ന് പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു. ശിവൻകുട്ടിക്കെതിരെ ശക്തമായ ഭാഷയിലാണ് രാജ്ഭവനും പ്രതികരിച്ചത്. മന്ത്രിയുടേത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്നു കാട്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു.
കേരള സർവകലാശാല സെനറ്റ് സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ഫോട്ടോ വെച്ചതിനെ ചൊല്ലിയുള്ള തർക്കം അതിനറെ പാരമ്യത്തിലാണ്. പരിപാടിയിൽ മതചിഹ്നം വെക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച രജിസ്ട്രാൻ കെ എസ് അനിൽകുമാറിനെ സ്ഥാനത്ത് നിന്ന് നീക്കി ഗവർണർ ഉത്തരവിറക്കി. എന്നാൽ പിന്നാലെ സിൻഡിക്കേറ്റ് ചേർന്ന് സസ്പെൻഷൻ റദ്ദാക്കി. വിസി അവധിയിൽ പോയപ്പോൾ സീസാ തോമസിന് പകരം ചുമതല നൽകുകയും ചെയ്തു. എന്നാൽ യോഗ തീരുമാനത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളും വി സിയും എതിർ ചേരിയിലായി. പിന്നാലെ ഇരു വിഭാഗവും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തിരുന്നു.
ഈ സംഭവവികാസങ്ങളിൽ വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് ഇന്ന് വീണ്ടും ഗവർണറും മന്ത്രിയും വി സിയും ഒരുമിച്ച് ഒരുപരിപാടിയ്ക്ക് എത്തുന്നത്.