കോഴിക്കോട് : കോഴിക്കോട് നിന്ന് ഒന്നരവർഷം മുൻപ് കാണാതായ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി നൗഷാദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. ഇന്ന് ഇയാളെ വിശദമായി ചോദ്യംചെയ്യും. ബത്തേരിയില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുക്കും. കേസിലെ മറ്റ് പ്രതികളെയും വരും ദിവസങ്ങളിലായി കസ്റ്റഡിയില്‍ വാങ്ങും. നൗഷാദിനൊപ്പം മറ്റ് പ്രതികളെയും ഇരുത്തി ചോദ്യംചെയ്യും. വാട്ട്സ്ആപ്പ് ചാറ്റുകള്വെച്ച് നൗഷാദിനെ വിശദമായി ചോദ്യം ചെയ്യും. കൊലപാതകവുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികള്‍ക്ക് നൗഷാദ് അയച്ച മെസേജുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. അതേസമയം, ഹേമചന്ദ്രനെ താന്‍ കൊലപ്പെടുത്തിയതല്ലെന്നാണ് നൗഷാദ് പറയുന്നത്. ഹേമചന്ദ്രന് ആത്മഹത്യ ചെയ്തതാണ് എന്ന മൊഴി ആവർത്തിക്കുകയാണ് നൌഷാദ്.
ഈ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ലെങ്കിലും പാടെ തള്ളിക്കളഞ്ഞിട്ടുമില്ല. ബത്തേരിയിലെ തന്റെ സുഹൃത്തിന്റെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്ത ഹേമചന്ദ്രന്റെ മൃതദേഹം മറ്റ് വഴിയില്ലാതെ സുഹൃത്തുക്കള്‍ പറഞ്ഞത് അനുസരിച്ച് കുഴിച്ചിടുകയായിരുന്നുവെന്നാണ് നൌഷാദ് നേരത്തെ വീഡിയോയിലൂടെയും ഇപ്പോൾ പൊലീസിനോടും ആവർത്തിക്കുന്നത്.
ഹേമചന്ദ്രന് നൌഷാദിനും സുഹൃത്തുക്കള്‍ക്കും ഉള്‍പ്പെടെ പണം നല്‍കാനുണ്ട്. മുപ്പതോളം പേര്‍ക്ക് പണം കൊടുക്കാനുണ്ട് എന്ന് ഹേമചന്ദ്രന് തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് നൌഷാദ് പറയുന്നു. പലയിടങ്ങളിലും പൈസ കിട്ടാന്‍ വേണ്ടി ഒരുമിച്ച് പോയതാണ്. ഹേമചന്ദ്രൻ മരിക്കുന്നതിന്റെ തൊട്ടു മുൻപ് പണം നൽകാനുള്ള ആളുകളെ കണ്ട് എഗ്രിമെന്റ് തയ്യാറാക്കിയ ശേഷം അയാളെ വീട്ടിലേക്ക് അയച്ചതാണ്. എന്നാല്‍ ഹേമചന്ദ്രന് തിരിച്ചെത്തി മൈസൂരില്‍ നിന്നും പൈസ കിട്ടാനുണ്ട് എന്ന് പറഞ്ഞു. ഒരുദിവസം കൂടി വീട്ടില്‍ കിടക്കാന്‍ അനുവാദം ചോദിച്ചു. ഭക്ഷണം വാങ്ങിക്കൊടുത്തിരുന്നു വെന്നും. രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് നൌഷാദ് പറയുന്നത്. ഹേമചന്ദ്രന് ആത്മഹത്യ ചെയ്യാന്‍ തന്നെ വന്നതാണ്. അയാള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ആവശ്യമെങ്കില്‍ അയാള്‍ക്ക് തിരിതെ വീട്ടിലേക്ക് പോകാമായിരുന്നു. രാവിലെ മൃതദേഹം കണ്ടപ്പോള്‍ എന്തുചെയ്യണം എന്നറിയാതെ സുഹൃത്തിനെ വിളിച്ചു. കുഴിച്ചിടുകയല്ലാതെ മറ്റ് വഴിയില്ല എന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേര്‍ന്ന് മൃതദേഹം കുഴിച്ചിട്ടത്. ചെയ്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും എന്നാൽ ചെയ്യാത്ത കാര്യം ഏറ്റെടുക്കാൻ ആവില്ലെന്നുമാണ് നൌഷാദിന്റെ പോസ്റ്റിൽ പറയുന്നത്. .
എന്നാൽ, ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയാണ് എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇന്നലെയാണ് വിദേശത്തായിരുന്ന നൗഷാദിനെ നാട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസം ബംഗലൂരു വിമാനത്താവളത്തിലെത്തിയ നൌഷാദിനെ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. തുടർന്ന് കോഴിക്കോട് നിന്നുള്ള പൊലീസിന് കൈമാറുകയായിരുന്നു.
ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ മൃതദേഹം കണ്ടെത്തിയത് ജൂണ്‍ 28-നാണ്. ചേരമ്പാടിയിലെ വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.