ബ്രസീൽ ഉൾപ്പെടെ എട്ട് രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ബ്രസീലിന് 50% തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രസീലിന് പുറമേ, അൾജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ, മോൾഡോവ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് അയച്ച വ്യാപാര തീരുവ സംബന്ധിച്ച കത്തുകൾ ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു.
അൾജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് 30 ശതമാനവും ബ്രൂണൈ, മോൾഡോവ എന്നിവയ്ക്ക് 25 ശതമാനവും ഫിലിപ്പീൻസിന് 20 ശതമാവും തീരുവയാണ് ചുമത്തിയിരിക്കുന്നത്. ബ്രസീലിയൻ ഇറക്കുമതിക്ക് ചുമത്തിയിരിക്കുന്ന 50 ശതമാനം തീരുവ ഉൾപ്പെടെ എല്ലാ പുതിയ താരിഫുകളും ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
ബ്രസീലിന് മേലുള്ള ട്രംപിന്റെ ഉയർന്ന തീരുവ പ്രഖ്യാപനം രാജ്യത്തിന്റെ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികൾക്കുള്ള പ്രതികാരമാണെന്നാണ് റിപ്പോർട്ട്.
ബ്രസീലിന് ഏർപ്പെടുത്തിയിരിക്കുന്ന 50% താരിഫ് മറ്റ് മേഖലാ താരിഫുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഏപ്രിൽ മാസത്തിൻ്റെ തുടക്കത്തിൽ ബ്രസീലിന് മേൽ അമേരിക്ക ഏർപ്പെടുത്തിയ 10 ശതമാനം നിരക്കിൽ നിന്നുള്ള വൻതോതിലുള്ള വർധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ട്രംപ് കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വിള്ളൽ വന്നത് മൂലമാണ് പുതിയ താരിഫ് പ്രഖ്യാപനമെന്നും സൂചനയുണ്ട്.