ഉദയ്പുരിലെ തയ്യല്‍ക്കാരനായ കനയ്യ ലാല്‍ തേലിയുടെ കൊലപാതകത്തെ ആസ്പദമാക്കി വിജയ് റാസ് കേന്ദ്രകഥാപാത്രമായ ഉദയ്പുര്‍ ഫയല്‍സിലെ ചില രംഗങ്ങള്‍ നീക്കം ചെയ്‌തെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി). ഡല്‍ഹി ഹൈക്കോടതിയിലാണ് സിബിഎഫ്‌സി ഇക്കാര്യം അറിയിച്ചത്. ചിത്രത്തിലെ ചില രംഗങ്ങളില്‍ ആക്ഷേപകരമായ ഉള്ളടക്കമുണ്ടെന്നു പ്രചാരണമുണ്ടായിരുന്നു.
ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനയായ ജാമിയത്ത് ഉലമ ഇ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യം സിബിഎഫ്‌സി അറിയിച്ചത്. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് അനീഷ് ദയാല്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ചില രംഗങ്ങള്‍ നീക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായും അതു നടപ്പിലാക്കിയിട്ടുണ്ടെന്നും സിബിഎഫ്സി കോടതയില്‍ അറിയിച്ചു. ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് നിര്‍മാതാവിന്റെ അഭിഭാഷകനും സ്ഥിരീകരിച്ചു.
ഇതേത്തുടര്‍ന്ന്, മദനിയെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, സിബിഎഫ്സിയെ പ്രതിനിധീകരിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) ചേതന്‍ ശര്‍മ എന്നിവര്‍ക്കായി സിനിമയുടെയും ട്രെയിലറിന്റെയും പ്രത്യേക പ്രദര്‍ശനം ക്രമീകരിക്കാന്‍ കോടതി ചിത്രത്തിന്റെ നിര്‍മാതാവിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഉദയ്പൂര്‍ ഫയല്‍സ്
2022 ജൂണ്‍ 28ന് രാജസ്ഥാനില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറഞ്ഞ സംഭവത്തില്‍ 40കാരനായ തയ്യല്‍ക്കാരന്‍ കൊല്ലപ്പെടുകയായിരുന്നു. ഈ ദാരുണസംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. ഒരു ടിവി ചര്‍ച്ചയ്ക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ അഭിപ്രായത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചതിനുശേഷമാണ് കനയ്യ ലാല്‍ കൊല്ലപ്പെട്ടത്. ഒരുസംഘമാളുകള്‍ അദ്ദേഹത്തിന്റെ കടയ്ക്കുള്ളില്‍ അതിക്രമിച്ചുകയറി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു അക്രമികള്‍.
സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ക്കു പിന്നീട് ജാമ്യം ലഭിച്ചു. കേസില്‍ പ്രതികളായ നിരവധിപ്പേര്‍ ഇപ്പോഴും ഒളിവിലാണ്.